കെഎസ്ആര്‍ടിസിക്ക് തിരിച്ചടി: എണ്ണക്കമ്പനികള്‍ വിപണിവിലയ്ക്ക് ഇന്ധനം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി
സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ എണ്ണക്കമ്പനികള്‍ നല്‍കിയ അപ്പീല്‍ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവുണ്ടായിരിക്കുന്നത്
കൊച്ചി: കെഎസ്ആര്‍ടിസിക്ക് തിരിച്ചടി.റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളില്‍ നല്‍കുന്ന വിലയ്ക്കു തന്നെ കെഎസ്ആര്‍ടിസിക്കും എണ്ണക്കമ്പനികള്‍ ഡീസല്‍ നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ എണ്ണക്കമ്പനികള്‍ നല്‍കിയ അപ്പീല്‍ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവുണ്ടായിരിക്കുന്നത്.
വന്‍കിട ഉപയോക്താവ് എന്ന നിലയില്‍ കെഎസ്ആര്‍ടിസിയില്‍നിന്ന് എണ്ണക്കമ്പനികള്‍ ഈടാക്കുന്ന ഡീസല്‍ വില വളരെ കൂടുതലാണെന്നും വിപണി വിലയക്ക് തന്നെ കെഎസ്ആര്‍ടിസിക്കും ഡീസല്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു കെഎസ്ആര്‍ടിസി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നത്. ലാഭകരമല്ലാത്ത റൂട്ടില്‍പോലും പൊതുജനങ്ങള്‍ക്കു യാത്രാ സൗകര്യം ഒരുക്കുന്നതിനുവേണ്ടി സേവനം നടത്തുന്ന കെഎസ്ആര്‍ടിസിക്ക് സ്വകാര്യ വാഹനങ്ങള്‍ക്കു നല്‍കുന്നതിന്റെ ഇരട്ടി നിരക്കില്‍ ഇന്ധനം നല്‍കുന്നത് വിവേചനമാണന്നും കെഎസ്ആര്‍ടിസി വാദമുന്നയിച്ചിരുന്നു.എണ്ണക്കമ്പനികളുടെ നിലപാടു മൂലം കെഎസ്ആര്‍ടിസിയ്ക്ക് വന്‍ നഷ്ടമാണുണ്ടാകുന്നതെന്നും കെഎസ്ആര്‍ടിസി വാദിച്ചിരുന്നു.
എന്നാല്‍ ഇതിനെ എണ്ണക്കമ്പനികള്‍ എതിര്‍ത്തിരുന്നു. വിലനിര്‍ണയം വാണിജ്യ നയത്തിന്റെ ഭാഗമാണെന്നായിരുന്നു കമ്പനികള്‍ കോടതിയില്‍ ബോധിപ്പിച്ചത്.. കെഎസ്ആര്‍ടിസിക്ക് തുല്യ വില നിശ്ചയിക്കണമെന്നു അവകാശപ്പെടാനാവില്ലെന്നും കമ്പനികള്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.. വില നിശ്ചയിച്ച നടപടി മൗലിക അവകാശങ്ങളുടെ ലംഘനത്തിന്റെ ഗണത്തില്‍ വരില്ലെന്നും ഓയില്‍ കമ്പനികള്‍ വാദിച്ചിരുന്നു.ഇരു വിഭാഗത്തിന്റെയും വാദം കേട്ട സിംഗിള്‍ ബെഞ്ച് കെഎസ്ആര്‍ടിസിയുടെ വാദം അംഗീകരിച്ച് അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇതിനെ ചോദ്യം ചെയ്ത് എണ്ണക്കമ്പനികള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപീച്ചത്.ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി എണ്ണക്കമ്പനികളുടെ വാദം അംഗീകരിച്ച് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.