ഇന്ത്യയില്‍ മുസ്‌ലിംകളോടുള്ള വിവേചനം വര്‍ധിക്കുന്നതായി സര്‍വേ

ഐഎഎന്‍എസ്- സി വോട്ടര്‍ സ്‌നാപ് പോളിലാണ് മുസ്‌ലിംകളോടുള്ള വിവേചനം കൂടിവരുന്നതായി 56 ശതമാനത്തിലധികം പേര്‍ അഭിപ്രായപ്പെട്ടത്. രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്ന ആഴത്തില്‍ ധ്രുവീകരിക്കപ്പെട്ട രാഷ്ട്രീയ അന്തരീക്ഷമാണ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Update: 2021-12-07 05:57 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ്‌ലിം സമുദായങ്ങളോടുള്ള വിവേചനം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വര്‍ധിച്ചുവരുന്നതായി സര്‍വേയില്‍ കണ്ടെത്തല്‍. ഐഎഎന്‍എസ്- സി വോട്ടര്‍ സ്‌നാപ് പോളിലാണ് മുസ്‌ലിംകളോടുള്ള വിവേചനം കൂടിവരുന്നതായി 56 ശതമാനത്തിലധികം പേര്‍ അഭിപ്രായപ്പെട്ടത്. രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്ന ആഴത്തില്‍ ധ്രുവീകരിക്കപ്പെട്ട രാഷ്ട്രീയ അന്തരീക്ഷമാണ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. 1992 ഡിസംബര്‍ 6ന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ 30ാം വാര്‍ഷികത്തിന്റെ തലേദിവസമായ 2021 ഡിസംബര്‍ 5നാണ് വോട്ടെടുപ്പ് നടത്തിയത്.

രാജ്യത്തുടനീളം 1942 പേരുടെ റാന്‍ഡം സാംപിള്‍ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തിയത്. 2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷം മുസ്‌ലിംകള്‍ക്കെതിരായ വിവേചനം വര്‍ധിച്ചിട്ടില്ലെന്നാണ് 43.4 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. നരേന്ദ്രമോദിയെ അനുകൂലിക്കുന്നവരാണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടതെന്ന് സര്‍വേ വ്യക്തമാക്കുന്നു. എന്നാല്‍, മുസ്‌ലിംകളോടുള്ള വിവേചനം വളരെയധികം വര്‍ധിച്ചതായി 35 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. 21.6 ശതമാനം പേര്‍ രാജ്യത്ത് വിവേചനം വര്‍ധിച്ചതായി അഭിപ്രായപ്പെടുന്നുണ്ടെങ്കിലും മുസ്‌ലിംകള്‍ക്കെതിരായ വിവേചനമെന്ന് പറയുന്നില്ല.

അതേസമയം, 56 ശതമാനത്തിലധികം പേര്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മുസ്‌ലിംകള്‍ ഇന്ത്യയില്‍ അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. എന്‍ഡിഎയെ പിന്തുണയ്ക്കുന്നവരില്‍ ഒരുവിഭാഗം വിവേചനം വളരെയധികം വര്‍ധിക്കുന്നതായി അഭിപ്രായപ്പെടുന്നുണ്ട്. എന്‍ഡിഎ അനുഭാവികളില്‍ 20 ശതമാനം പേരാണ് ഇത്തരത്തില്‍ നിലപാടുള്ളത്. 45.6 ശതമാനം പ്രതിപക്ഷ വോട്ടര്‍മാരും വിവേചനം സാധൂകരിക്കുന്നു. എന്നാല്‍, 58 ശതമാനം എന്‍ഡിഎ അനുഭാവികള്‍ നരേന്ദ്രമോദി ഭരണത്തില്‍ ഒരു വര്‍ധനയുമുണ്ടായിട്ടില്ലെന്ന് അവകാശപ്പെടുന്നുണ്ട്. 33 ശതമാനം പ്രതിപക്ഷ വോട്ടര്‍മാരും ഇതേ അഭിപ്രായം രേഖപ്പെടുത്തി.

ഇന്ത്യയിലും വിദേശത്തുമുള്ള ലിബറലുകളും ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ സംഘടനകളും കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷങ്ങളോട്, പ്രത്യേകിച്ച് മുസ്‌ലിംകളോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് രംഗത്തുവന്നിരുന്നു. 2019 ഡിസംബറില്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമമാണ് വിവേചനത്തിനുള്ള അവസാനത്തെ ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടിയത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അപകടത്തില്‍പെടുത്തുകയാണെന്ന വിമര്‍ശനവുമായി പ്രശസ്തമായ എക്കണോമിസ്റ്റ് വാരികയും ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെമ്പാടുമുയരുന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ലേഖനം. പതിറ്റാണ്ടുകളായുള്ള ബിജെപിയുടെ പദ്ധതിയിലെ ഏറ്റവും നിര്‍ണായകഘട്ടമാണ് ഇപ്പോള്‍ പൗരത്വ നിയമം നടപ്പാക്കുന്നതിലൂടെ സാധിച്ചിരിക്കുന്നതെന്ന് ലേഖനം പറയുന്നു. ബാബരി മസ്ജീദ് തകര്‍ക്കുന്നതും അതിന് മുന്നോടിയായി നടത്തിയ കലാപവുമാണ് ബിജെപിയെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവന്നതെന്ന് വിശദീകരിക്കുന്ന ലേഖനം, 2002 ല്‍ ഗുജറാത്തില്‍ നടന്ന മുസ്‌ലിം കൂട്ടക്കൊല മോദിയെ രാജ്യത്തെമ്പാടുമുള്ള ഹിന്ദു ദേശീയ വാദികളുടെ ഹീറോയാക്കി മാറ്റിയെന്നും എഴുതുന്നു.

അയോധ്യയില്‍ ക്ഷേത്രം പണിയാന്‍ സുപ്രിംകോടതി പറഞ്ഞതോടെ ബിജെപിയ്ക്ക് അതിന്റെ ഏറ്റവും പ്രധാനപ്പെട്ട വിഷയം നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലാണ് പൗരത്വവുമായി ബന്ധപ്പെട്ട പ്രശ്‌നം ബിജെപിയ്ക്ക് പ്രയോജനം ചെയ്യുക. ആരാണ് യഥാര്‍ഥ പൗരന്‍ എന്ന് കണ്ടെത്താനുള്ള ശ്രമം വര്‍ഷങ്ങള്‍ നീളും. തീവ്രവികാരങ്ങള്‍ ആളിക്കത്തിക്കും. അത് ബിജെപിയ്ക്ക് തിരഞ്ഞെടുപ്പില്‍ പ്രയോജനം ചെയ്യുമെന്നാണ് ലേഖനം വ്യക്തമാക്കിയത്.

Tags:    

Similar News