ചെന്നൈ: കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദി പഠന മാധ്യമമാക്കാനുള്ള പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശയ്‌ക്കെതിരെ ഭരണകക്ഷിയായ ഡിഎംകെയുടെ യുവജനവിദ്യാര്‍ത്ഥി വിഭാഗം തമിഴ്‌നാട്ടില്‍ സംസ്ഥാനവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചു.
ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) യൂത്ത് വിംഗ് സെക്രട്ടറി ഉദ്യനിധി സ്റ്റാലിന്‍, സ്റ്റുഡന്റ്‌സ് വിംഗ് സെക്രട്ടറി സിവിഎംപി ഏഴിലരശന്‍ എന്നിവര്‍ സംയുക്തമായി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
ഒക്‌ടോബര്‍ 15ന് തമിഴ്‌നാട്ടിലുടനീളം ഡിഎംകെ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കേന്ദ്രസര്‍ക്കാരിനെ അപലപിച്ചതിന് പിന്നാലെയാണ് ഡിഎംകെ നേരിട്ടുള്ള സമരത്തിനിറങ്ങുന്നത്. 'ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെ' സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ യുവാക്കള്‍ നടത്തിയ പോരാട്ടത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു. 'നമുക്ക് മേല്‍ മറ്റൊരു ഭാഷാ യുദ്ധം അടിച്ചേല്‍പ്പിക്കരുത്'-സ്റ്റാലിന്‍ പറഞ്ഞു.
'ഇന്ത്യയുടെ വൈവിധ്യത്തെ നിരാകരിച്ച് ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നടത്തുന്ന കര്‍ക്കശമായ ശ്രമങ്ങള്‍ ഭയാനകമായ വേഗത്തിലാണ് പുരോഗമിക്കുന്നത്. ഔദ്യോഗിക ഭാഷ സംബന്ധിച്ച പാര്‍ലമെന്ററി കമ്മിറ്റിയുടെ റിപോര്‍ട്ടിന്റെ 11ാം വാല്യത്തില്‍ അവതരിപ്പിച്ച നിര്‍ദേശങ്ങള്‍ ഇന്ത്യയുടെ ആത്മാവിന് നേരെയുള്ള നേരിട്ടുള്ള കടന്നാക്രമണമാണ്.'- സ്റ്റാലിന്‍ പറഞ്ഞു.