'നിങ്ങളുടെ അജണ്ടക്ക് എന്റെ പേര് ഉപയോഗിക്കരുത്'; ഹിന്ദുത്വ പ്രചാരകര്‍ക്കെതിരേ ഒളിംപ്യന്‍ നീരജ് ചോപ്ര

Update: 2021-08-27 07:11 GMT

ന്യൂഡല്‍ഹി: താന്‍ ജാവലിന്‍ ത്രോയില്‍ മാത്രമല്ല, ജീവിതത്തിലും ഹീറോയാണെന്ന് തെളിയിച്ച് ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര. തന്റെ പേര് ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തരുതെന്ന് ട്വിറ്റര്‍ വഴി പുറത്തുവിട്ട വീഡിയോയില്‍ അദ്ദേഹം ഹിന്ദുത്വ വലതുപക്ഷ പ്രചാരകര്‍ക്ക് മുന്നറിയിപ്പു ല്‍കി. നിങ്ങളുടെ അജണ്ടക്ക് തന്റെ കമന്റ് ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ ഒരു അഭിമുഖത്തോടെയാണ് പ്രചാരണം ആരംഭിച്ചത്. പാകിസ്താനിയായ കളിക്കാരന്‍ തന്റെ ജാവലിന്‍ എടുത്ത് പ്രാക്റ്റീസ് ചെയ്യുന്നത് കണ്ടപ്പോള്‍ അത് തിരിച്ചുവാങ്ങിയതിനെക്കുറിച്ച് നീരജ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് ഉപയോഗപ്പെടുത്തി പാക് താരം നീരജ് ചോപ്രയുടെ ജാവലിനില്‍ കൃത്രിമം കാട്ടിയെന്ന് ഹിന്ദുത്വ സൈബര്‍ സംഘം വ്യാപകമായി പ്രചരിപ്പിച്ചു. ഇത് ശ്രദ്ധയില്‍ പെട്ടതോടെയാണ് വീഡിയോയുമായി നീരജ് തന്നെ ട്വിറ്ററിലെത്തിയത്.

പാകിസ്താനി ജാവലിന്‍ മല്‍സരാര്‍ത്ഥിയായ അര്‍ഷദ് നദീം ജാവലിനില്‍ കൃത്രിമം കാണിച്ചിട്ടില്ലെന്ന് അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കി. 

''എല്ലാവരുടെയും ജാവലിനുകള്‍ ഒരേ സ്ഥലത്താണ് സൂക്ഷിക്കുക. ആര്‍ക്കു വേണമെങ്കിലും ഏത് ജാവലിനും ഉപയോഗിക്കാം. അതില്‍ തെറ്റൊന്നുമില്ല. അര്‍ഷദ് നദീം എന്റെ ജാവലിന്‍ ഉപയോഗിച്ചതിലും തെറ്റില്ല. അദ്ദേഹം എന്റെ ജാവലിന്‍ ഉപയോഗിച്ച് പരിശീലനം നടത്തിയപ്പോള്‍ ഞാനത് തിരിച്ചുചോദിച്ചു. ഞാന്‍ പറഞ്ഞ ഒരു കമന്റ് ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെട്ടതില്‍ വിഷമമുണ്ട്. അത് ചെയ്യരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു''- നീരജ് ചോപ്ര വീഡിയോയില്‍ അഭ്യര്‍ത്ഥിച്ചു.

കായിക വിനോദങ്ങള്‍ ജനങ്ങളെ ഒന്നിപ്പിക്കുന്നുവെന്ന് പറഞ്ഞ് തുടങ്ങിയ മറ്റൊരു ട്വീറ്റില്‍ അദ്ദേഹം തന്റെ കമന്റുകള്‍ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചതില്‍ നിരാശ പ്രകടിപ്പിച്ചു.  


നീരജിന്റെ ജാവലിന്‍ നദീം എടുത്തുപയോഗിച്ചത് കൃത്രിമം കാണിക്കാനാണെന്ന് ആരോപിച്ച് നിരവധി പോസ്റ്റുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

നീരജിന്റെ ട്വീറ്റ് ജനങ്ങള്‍ക്കിടയില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയത്. സ്‌പോര്‍ട്‌സ് എങ്ങനെയാണ് ജനങ്ങളെ ഐക്യപ്പെടുത്തുന്നതെന്നും അതിരുകള്‍ മായ്ക്കുന്നതെന്നുമാണ് ഇത് തെളിയിക്കുന്നതെന്ന് പല പ്രമുഖരും അഭിപ്രായപ്പെട്ടു.

സിനിമാ താരം സ്വര ഭാസ്‌കര്‍ നീരജ് ചോപ്രയെ അഭിന്ദിച്ച് രംഗത്തുവന്നു. 

Tags:    

Similar News