ആദ്യ ഏറില്‍ 89.34 മീറ്റര്‍; ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ് ജാവ്‌ലിന്‍ ത്രോ ഫൈനലിലേക്ക് അനായാസം

Update: 2024-08-06 10:52 GMT

പാരിസ്: ഇന്ത്യയുടെ ഒളിംപികസ് സ്വര്‍ണമെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര ജാവ്‌ലിന്‍ ത്രോ ഫൈനലില്‍. ഒളിംപിക് ഫൈനലിലേക്കുള്ള യോഗ്യതാ റൗണ്ടില്‍ മിന്നും പ്രകടനവുമായാണ് ടോക്കിയോ ഒളിംപികസ് സ്വര്‍ണ മെഡല്‍ ജേതാവിന്റെ ഫൈനല്‍ പ്രവേശനം. ആദ്യ ശ്രമത്തില്‍ത്തന്നെ 89.34 മീറ്റര്‍ ദൂരം കുറിച്ച് അക്ഷരാര്‍ഥത്തില്‍ രാജകീയമായാണ് നീരജിന്റെ ഫൈനല്‍ പ്രവേശം.

നീരജിന്റെ ഈ ഐതിഹാസിക പ്രകടനത്തിന് തിളക്കമേറ്റുന്ന വേറെയും ഘടകങ്ങളുണ്ട്. ടോക്കിയോയില്‍ നീരജിന് സ്വര്‍ണമെഡല്‍ സമ്മാനിച്ച സ്വപ്ന ദൂരം 87.58 മീറ്ററായിരുന്നു. ഇത്തവണ യോഗ്യതാ റൗണ്ടില്‍ എ ഗ്രൂപ്പില്‍ മത്സരിച്ച താരങ്ങളില്‍ ജര്‍മനിയുടെ ലോക ചാംപ്യന്‍ ജൂലിയന്‍ വെബര്‍ ഇതിലും മികച്ച ദൂരം കണ്ടെത്തിയാണ് ഫൈനലിലേക്കു ടിക്കറ്റെടുത്തത്. 87.76 മീറ്റര്‍ ദൂരത്തേക്കു ജാവലിന്‍ പായിച്ച വെബര്‍ ഇത്തവണ നീരജിന്റെ സുവര്‍ണ മോഹങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാകുമെന്ന് വിലയിരുത്തപ്പെടുമ്പോഴാണ്, അതിലും 1.58 മീറ്റര്‍ ദൂരം കൂടുതല്‍ കണ്ടെത്തി നീരജിന്റെ തിരിച്ചടി.

ജാവലിന്‍ ത്രോയില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം കിഷോര്‍കുമാര്‍ ജനയ്ക്ക് നേരിട്ട് ഫൈനലിനു യോഗ്യതയില്ല. ഒന്നാം ഗ്രൂപ്പില്‍ മത്സരിച്ച ജന ആദ്യ ശ്രമത്തില്‍ പിന്നിട്ട 80.73 മീറ്ററാണ് ജനയുടെ മികച്ച ദൂരം. യോഗ്യതാ മാര്‍ക്ക് കടക്കാത്തതിനാല്‍ രണ്ടു ഗ്രൂപ്പുകളിലുമായി ഏറ്റവും മുന്നിലെത്തുന്ന 12 താരങ്ങളില്‍ ഉള്‍പ്പെട്ടാലേ ജനയ്ക്ക് ഇനി ഫൈനല്‍ സാധ്യതയുള്ളൂ. എ ഗ്രൂപ്പില്‍ത്തന്നെ ഒന്‍പതാം സ്ഥാനത്തായിപ്പോയ ജനയ്ക്ക് യോഗ്യത ലഭിക്കാന്‍ സാധ്യത കുറവാണ്.

ഈ ഗ്രൂപ്പില്‍നിന്ന് ജര്‍മന്‍ താരം ജൂലിയന്‍ വെബറിനു (87.76 മീറ്റര്‍) പുറമേ ചെക്ക് റിപ്പബ്ലിക്കിന്റെ ലോക ഒന്നാം നമ്പര്‍ താരം യാക്കൂബ് വാദ്ലെജ് (85.63 മീറ്റര്‍), 'മിസ്റ്റര്‍ യുട്യൂബ്' എന്ന പേരില്‍ അറിയപ്പെടുന്ന കെനിയന്‍ താരം ജൂലിയസ് യെഗോ (85.97 മീറ്റര്‍), ഫിന്‍ലന്‍ഡ് താരം ടോണി കെരാനെന്‍ (85.27) എന്നിവരും യോഗ്യതാ മാര്‍ക്ക് പിന്നിട്ട് ഫൈനലില്‍ കടന്നു. കെനിയന്‍ താരം റിയോ ഒളിംപിക്‌സിലെ വെള്ളിമെഡല്‍ ജേതാവാണ്. ലോക ഒന്നാം നമ്പര്‍ താരം വാദ്ലെജ് ആദ്യ ശ്രമത്തില്‍ത്തന്നെ യോഗ്യതാ മാര്‍ക്ക് പിന്നിട്ടപ്പോള്‍, മറ്റു രണ്ടു പേരും മൂന്നാം ശ്രമത്തിലാണ് സ്വപ്നദൂരം കണ്ടെത്തിയത്.


Tags:    

Similar News