രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു; സിലണ്ടറിന് 597 രൂപയായി
വര്‍ധിപ്പിച്ച വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനയാണ് കാരണമായി പറയുന്നത്.
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ കഴിയുന്ന ഗാര്‍ഹിക-ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലണ്ടറിന് 11.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലണ്ടറിന് 597 രൂപയായി. ഗാര്‍ഹികേതര സിലണ്ടറിന് 110 രൂപ വര്‍ധിപ്പിച്ചു. ഇതോടെ 1135 രൂപയായി.
വര്‍ധിപ്പിച്ച വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനയാണ് കാരണമായി പറയുന്നത്.
തുടര്‍ച്ചയായി മൂന്ന് മാസത്തെ വിലക്കുറവിന് പിന്നാലെയാണ് പാചക വാതക നിരക്കില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. സബ്‌സിഡി സംബന്ധിച്ച വിശദാംശങ്ങള്‍ എണ്ണക്കമ്പനികള്‍ പുറത്തുവിട്ടിട്ടില്ല.
എന്നാല്‍ പുതിയ വിലവര്‍ദ്ധനവ് ലോക്ക്ഡൗണ്‍ കാലത്ത് പ്രഖ്യാപിച്ച പാക്കേജ് പ്രകാരം സിലണ്ടര്‍ ലഭിക്കുന്ന പ്രധാനമന്ത്രി ഉജ്ജല യോജന ഉപയോക്താക്കള്‍ക്ക് ബാധകമല്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.