ഇഐഎ 2020 കരട് വിജ്ഞാപനം: രൂക്ഷ വിമര്‍ശനവുമായി മാധവ് ഗാഡ്ഗില്‍
വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തുള്ള എല്ലാവര്‍ക്കും പിന്തുണ നല്‍കുന്നു. കേന്ദ്ര നടപടി പ്രകൃതിയോടുള്ള വെല്ലുവിളിയാണ്.
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഇഐഎ 2020 കരട് വിജ്ഞാപനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ രംഗത്ത്. വിജ്ഞാപനം കൊണ്ടുവന്ന കേന്ദ്ര തീരുമാനം പിന്തിരിപ്പന്‍ നയമാണെന്നും പരിസ്ഥിതിക്ക് കൂടുതല്‍ ദോഷം വരുത്തുകയാണ് ചെയ്യുകയെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു. വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തുള്ള എല്ലാവര്‍ക്കും പിന്തുണ നല്‍കുന്നു. കേന്ദ്ര നടപടി പ്രകൃതിയോടുള്ള വെല്ലുവിളിയാണ്. നേരത്തേ പശ്ചിമഘട്ട സംരക്ഷണത്തിനു വേണ്ടി തയ്യാറാക്കിയ റിപോര്‍ട്ട് അട്ടിമറിച്ചു. ഇപ്പോള്‍ പരിസ്ഥിതി ആഘാത പഠനത്തിനുള്ള വ്യവസ്ഥകള്‍ കൂടി ദുര്‍ബലമാക്കുകയാണ്. പരിസ്ഥിതിയെ തകര്‍ക്കുന്ന തീരുമാനത്തില്‍ നിന്നു കേന്ദ്രം പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര നടപടിക്കെതിരേ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ രംഗത്തുവരണം. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരും കേരളം ഭരിക്കുന്ന സിപിഎം സര്‍ക്കാരും സങ്കുചിതമായ സാമ്പത്തിക താല്‍പ്യങ്ങള്‍ക്ക് വേണ്ടിയാണ് ശ്രമിക്കുന്നത്. അതിനു വേണ്ടി പരിസ്ഥിതി താല്‍പര്യങ്ങളെ സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുകയാണെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു. അതിനിടെ, ഇഐഎ 2020 കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ കൂടി പുറത്തിറക്കി പൊതുജനാഭിപ്രായം തേടണമെന്ന് ഡല്‍ഹി ഹൈക്കോടതി പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹരജി ഇന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഇന്ന് പരിഗണിക്കും. പരിസ്ഥിതിയെ കുത്തകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്ന ഇഐഎ 2020 കരട് വിജ്ഞാപനത്തിനെതിരേ സാമൂഹിക മാധ്യമങ്ങളിലും ശക്തമായ കാംപയിന്‍ നടന്നിരുന്നു.