ത്യാഗസ്മരണകളില്‍ നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷം

Update: 2023-06-29 03:00 GMT

തിരുവനന്തപുരം: പ്രവാചകന്‍ ഇബ്രാഹീമിന്റെയും പത്‌നി ഹാജറയുടെയും മകന്‍ ഇസ് മാഈലിന്റെയും ആത്മസമര്‍പ്പണത്തിന്റെ സ്ഫുരിക്കുന്ന ഓര്‍മകള്‍ പുതുക്കി നാടെങ്ങും വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. കേരളത്തില്‍ മാസപ്പിറവി കാണാത്തതിനാല്‍ ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കിയതിനാല്‍ വ്യാഴാഴ്ചയാണ് ഈദുല്‍ അദ്ഹ ആഘോഷിക്കുന്നത്. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍. പെരുന്നാളിനോട് അനുബന്ധിച്ച് പള്ളികളിലും ഈദ്ഗാഹുകളിലും പ്രത്യേക നമസ്‌കാരം നടന്നു. ചിലയിടങ്ങളില്‍ ഈദ് ഗാഹിനെ മഴ തടസ്സപ്പെടുത്തിയെങ്കിലും ആബാല വൃദ്ധം ജനങ്ങള്‍ പെരുന്നാള്‍ നമസ്‌കാരങ്ങളില്‍ പങ്കാളികളായി. വിവിധ പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. സര്‍വശക്തനായ അല്ലാഹുവിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള തക്ബീര്‍ ധ്വനികള്‍ മുഴങ്ങിയ പള്ളികളില്‍ ഈദ് നമസ്‌കാരത്തില്‍ പങ്കെടുത്ത ശേഷം പരസ്പരം ആശ്ലേഷിച്ചും ആംശസകള്‍ കൈമാറിയുമാണ് വിശ്വാസികള്‍ ആഘോഷിച്ചത്. വീടുകള്‍ സന്ദര്‍ശിച്ചും തങ്ങളുടെ സമര്‍പ്പണത്തിന്റെ പ്രതീകമായി മൃഗബലി അര്‍പ്പിച്ചും വിശ്വാസികള്‍ ബക്രീദില്‍ പങ്കാളികളായി. സൗദി അറേബ്യ ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് നാടുകളിലും ഇന്നലെയായിരുന്നു ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് ഇന്നലെന്നും ഇന്നും പൊതു അവധി പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News