'പാപി' പുറത്ത്; ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി

Update: 2024-08-31 05:18 GMT

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് സിപിഎം നേതാവ് ഇപി ജയരാജനെ നീക്കി. ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയുടെ പേരിലാണ് നടപടി. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് കടുത്ത നടപടി സ്വീകരിച്ചത്. നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇ പി കണ്ണൂരിലേക്ക് പോയി. ടി പി രാമകൃഷ്ണനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദത്തിന് കാരണമാക്കിയിരുന്നു. ബിജെപി പ്രവേശനത്തിനു വേണ്ടി ഇപിയുമായി മൂന്നുതവണ ചര്‍ച്ച നടത്തിയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ നടത്തിയ വെളിപ്പെടുത്തലാണ് വന്‍ വിവാദത്തിലെത്തിയത്. പിന്നാലെ ജാവദേക്കറുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് ദല്ലാള്‍ നന്ദകുമാറും രംഗത്തെത്തി. സിപിഎമ്മിനെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വന്‍ പ്രതിസന്ധിയിലാക്കിയ സംഭവമായിരുന്നു ഇത്.

    അതേസമയം, പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാര്‍ട്ടിയെ അറിയിക്കാത്തിരുന്നത് എന്നുമായിരുന്നു ഇ പി വിശദീകരിച്ചിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം തന്നെ പ്രതികരണം നല്‍കിയത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരുന്നു. അതേസമയം, കൂടിക്കാഴ്ചയെ തള്ളിയാണ് പിണറായി വിജയന്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നത്. പാപിയുമായുള്ള കൂടിക്കാഴ്ച എന്നായിരുന്നു ദല്ലാള്‍ നന്ദകുമാറുമായും ജാവദേക്കറുമായുമുള്ള കൂടിക്കാഴ്ചയെ പിണറായി വിശേഷിപ്പിച്ചത്. പാര്‍ട്ടിയുടെ താഴെതത്തില്‍ നിന്നുപോലും ഇ പി ക്കെതിരേ അതിശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രത്യേകിച്ച് ദേശീയതലത്തില്‍തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് കൂടുമാറിക്കൊണ്ടിരുന്നതിനെ വന്‍ പ്രചാരണായുധമാക്കി സിപിഎം രംഗത്തെത്തിയപ്പോഴായിരുന്നു ഇപിയുടെ നടപടി. നേരത്തേയും ഇ പി ജയരാജന്‍ നിരവധി തവനണ വിവാദത്തില്‍ അകപ്പെട്ടിരുന്നു. ഏറ്റവും ഒടുവിലായി കണ്ണൂരിലെ വൈദേകം ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍നിന്ന് തടിയൂരിയതും ബിജെപി നേതാവായ രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിക്ക് ഓഹരികള്‍ കൈമാറിയായിരുന്നു. വിവാദങ്ങള്‍ക്കൊടുവില്‍ ഇ പി പുറത്തായെങ്കിലും അദ്ദേഹത്തിന്റെ വരുംകാല പ്രവൃത്തികള്‍ സിപിഎമ്മിനെ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.

Tags:    

Similar News