അസം ധോല്‍പൂരിലെ കുടിയൊഴിപ്പിക്കലും പോലിസ് വെടിവയ്പ്പും; പിഴുതെറിയുന്നത് 50 വര്‍ഷമായി താമസിക്കുന്ന മുസ്‌ലിം കുടുംബങ്ങളെ

ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍ക്കെതിരേ അസമില്‍ ആവര്‍ത്തിക്കുന്ന വംശീയാക്രമണത്തിന്റെ ഔദ്യോഗികവല്‍ക്കരണം സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് ആരംഭിച്ചത്

Update: 2021-09-24 05:04 GMT
ഗംരംഗ് : അസമിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കുടിയൊഴിപ്പിക്കലിലൂടെ നടപ്പിലാക്കുന്നത് ബിജെപിയുടെ പ്രകടന പത്രികയിലെ അജണ്ട. ബംഗാളി സംസാരിക്കുന്ന കുടിയേറ്റക്കാരെ എല്ലാവരേയും ഒഴിപ്പിക്കുമെന്നും ഈ ഭൂമി 'തദ്ദേശീയരായ' ഭൂരഹിതര്‍ക്ക് നല്‍കുമെന്നുമുള്ള പ്രകടന പത്രികയിലെ വര്‍ഗ്ഗീയ അജണ്ടയാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നടപ്പിലാക്കുന്നത്. കഴിഞ്ഞ ദിവസം കുടിയൊഴിപ്പിക്കലിന്റെ പേരില്‍ ദാരംഗ് ജില്ലയിലെ സിപജ്ഹര്‍ പ്രദേശത്ത് പോലിസ് നടത്തിയ നരനായാട്ടില്‍  3 പേര്‍ കൊല്ലപ്പെടുകയും 20തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ സഹോദരനായ സുശാന്ത ബിശ്വ ശര്‍മ്മയാണ് ദാരാംഗ് ജില്ലയിലെ പോലീസ് സൂപ്രണ്ട് എന്നത് പോലിസ് അതിക്രമം തികച്ചും ആസൂത്രിതമായിരുന്നു എന്നതാണ് വ്യക്തമാക്കുന്നത്.


ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍ക്കെതിരേ അസമില്‍ ആവര്‍ത്തിക്കുന്ന വംശീയാക്രമണത്തിന്റെ ഔദ്യോഗികവല്‍ക്കരണം സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് ആരംഭിച്ചത്. ബംഗാളി മുസ്‌ലിംകളുടെ ഭൂമി പിടിച്ചെടുക്കും എന്നത് അജണ്ടയായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പില്‍ വിജയിച്ച് ബിജെപി അതിനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ ആരംഭിച്ചിരുന്നു. കിഴക്കന്‍ ബംഗാള്‍ വംശജരായ മുസ്‌ലിംകള്‍ കൂടുതലായി തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമമായ ധല്‍പൂരില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി കുടെയൊഴിപ്പിക്കല്‍ നടപടികളാണ് നടത്തിയത്. ഈ പരമ്പരയിലെ ഏറ്റവും പുതിയതാണ് വ്യാഴാഴ്ചത്തെ കുടിയൊഴിപ്പിക്കല്‍ സംഭവം. കഴിഞ്ഞ തിങ്കളാഴ്ച നടത്തിയ കുടിയൊഴിപ്പിക്കലില്‍ മാത്രം 800 മുസ്‌ലിം കുടുംബങ്ങളെയാണ് പതിറ്റാണ്ടുകളായി താമസിക്കുന്ന പ്രദേശത്ത് നിന്നും ആട്ടിയോടിച്ചത്. ഇവരുടെ കുടിലുകളും കൃഷിയിടങ്ങളും പൂര്‍ണമായി നശിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ മെയ് മാസത്തിലാണ് വംശീയ വിദേഷത്തിന്റെ പേരിലുള്ള കുടിയൊഴിപ്പിക്കലിന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അസമില്‍ തുടക്കമിട്ടത്. അതിനുശേഷം ഹിമന്ത ബിശ്വ ശര്‍മ്മയുടെ മന്ത്രിസഭ '77,000 ബിഹാസ് സര്‍ക്കാര്‍ ഭൂമി, ഡാരംഗിലെ ഗോരുഖുട്ടി, സിപാജര്‍, പ്രതേശത്ത് 'തിരിചച്ുപിടിച്ച്' കാര്‍ഷിക ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ അംഗീകാരം നല്‍കി.


ജൂണ്‍ 7 ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സിപ്പജ്ഹര്‍ സന്ദര്‍ശിച്ച് കുടിയൊഴിപ്പിക്കല്‍ നീക്കം പരിശോധിച്ചു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം, തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ ഒരു മാസം പൂര്‍ത്തിയാക്കിയപ്പോള്‍, സംസ്ഥാനത്തെ ഹൊജായ്, കരിംഗഞ്ച്, ദാരംഗ് ജില്ലകളില്‍ 400 ഓളം ബിഗാ കയ്യേറ്റ ഭൂമി വിട്ടുകിട്ടിയതായി ശര്‍മ്മ പറഞ്ഞു. ഈ നടപടിയിലൂടെ 500റോളം മുസ്‌ലിം കുടുംബങ്ങളാണ് ഭവനരഹിതരായി തെരുവിലേക്ക് ആട്ടിയിറക്കപ്പെട്ടത്.

സിപജ്ഹറിലെ ധോല്‍പൂര്‍ ശിവ് മന്ദിറിന് ചുറ്റുമുള്ള നദീതട പ്രദേശങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ പേരിലാണ് കഴിഞ്ഞ ദിവസം പോലിസ് ക്രൂരമായ നരനായാട്ട് നടത്തിയത്. ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി പലരും കൈവശപ്പെടുത്തിയെന്ന പേരിലാണ് മുസ്‌ലിം കുടുംബങ്ങളുടെ വീടുകള്‍ തകര്‍ത്ത് കൂട്ടത്തോടെയുള്ള കുടിയൊഴിപ്പിക്കല്‍ നടത്തുന്നത്. എന്നാല്‍ 1970കള്‍ മുതല്‍ ഇവിടെ താമസിക്കുന്നവരാണ് പലരും.

ഗോരുഖുട്ടിയില്‍ ഒരു 'കാര്‍ഷിക പദ്ധതി' ആരംഭിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ പദ്ധതിയില്‍ നിന്നാണ് വീടുകള്‍ പൊളിച്ചുമാറ്റുകയും ഏകദേശം 5,000 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്യുന്നത്. ആറ് ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ പ്രദേശത്ത് ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളാണ് താമസിക്കുന്നത്.ജൂണ്‍ 5 ന് ചേര്‍ന്ന ഒരു മന്ത്രിസഭാ യോഗത്തിനു ശേഷം, കൃഷിവകുപ്പ് പ്രദേശത്തെ 77,000 ബിഗാ ഭൂമിയില്‍ 'കൃഷിക്കും അനുബന്ധ ആവശ്യങ്ങള്‍ക്കും' 'ഭൂമിയുടെ വികസനത്തിനായി' ഒരു കമ്മിറ്റി രൂപീകരിച്ചു.

കാര്‍ഷിക ഫാമിന്റെ പേരിലാണ് ധോല്‍പൂര്‍ ഗ്രാമങ്ങത്തില്‍ നിന്ന് മുന്‍പ് മുസ്‌ലിം കുടുംബങ്ങളുടെ വീട് തകര്‍ത്ത് ഭൂമി പിടിച്ചെടുത്തത്. ജൂണ്‍ ആറിന് ഹോക്കി ജില്ലാ ഭരണകൂടം കക്കി പ്രദേശത്ത് നിന്ന് മുസ്‌ലിംകളുടെ 70 വീടുകളെങ്കിലും നീക്കം ചെയ്തു. അതിനുമുമ്പ്, മേയ് 17 ന്, വടക്കന്‍ അസമിലെ സോണിത്പൂര്‍ ജില്ലയിലെ ജമുഗുരിഹാറ്റില്‍ നിന്ന് ഒരേ കുടുംബത്തില്‍പ്പെട്ട 25 കുടുംബങ്ങളെ ഒഴിപ്പിച്ചു. ധോല്‍പുര്‍ നമ്പര്‍ 1 ഗ്രാമത്തിലെ 49 മുസ്‌ലിം കുടുംബങ്ങളെ, ജൂണ്‍ 7 ന് അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കി. ഒരു ശിവക്ഷേത്രത്തിന്റെ ഭൂമിയാണ് ഇതെന്നു പറഞ്ഞാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളഴരെ അവരുടെ വീടുകളില്‍ നിന്ന് ഇറക്കിവിട്ടത്. അതേ മാസം കരിംഗഞ്ച് ജില്ലയിലെ പതര്‍കണ്ടി പ്രദേശത്ത് നിന്ന് ഏകദേശം 200 മുസ്‌ലിം കുടുംബങ്ങളെ ഒഴിപ്പിച്ചു.

ഓള്‍ അസം ന്യൂനപക്ഷ വിദ്യാര്‍ത്ഥി യൂണിയന്റെ (AAMSU) ഉപദേഷ്ടാവ് ഐനുദ്ദീന്‍ അഹമ്മദ് പറയുന്നത് പോലെ മുസ്‌ലിംകളെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും അതില്‍ നിന്ന് രാഷ്ട്രീയ മൈലേജ് നേടുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം. ഇതാണ് അവരുടെ ആസൂത്രിത അജണ്ട. ഹിമന്ത് ബിശ്വ ശര്‍മ്മയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹിറ്റ്‌ലറെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ബിജെപി സര്‍ക്കാറിന്റെ കുടിയൊഴിപ്പിക്കലുകള്‍ കുടിയേറ്റ വിരുദ്ധവും മുസ്‌ലിം വിരുദ്ധവുമായ വികാരത്തിന് അനുസൃതമാണ് എന്നാണ് അസം ആസ്ഥാനമായുള്ള മനുഷ്യാവകാശ അഭിഭാഷകന്‍ ടാനിയ ലസ്‌കര്‍ പറയുന്നത്.

Tags:    

Similar News