373 മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടിലും എണ്ണിയ വോട്ടിലും വൻ വ്യത്യാസം: ഇവിഎമ്മിൽ ഗുരുതര ക്രമക്കേട്
ന്യൂഡൽഹി: രാജ്യത്തെ 370 ഓളം മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇവിഎം എണ്ണിയപ്പോള്‍ കിട്ടിയെന്ന റിപോർട്ടുമായി ഇലക്ട്രോണിക് വോട്ടുയന്ത്ര (ഇവിഎം) അട്ടിമറി ആരോപണങ്ങൾക്ക് ശക്തിപകർന്ന് ഓൺലൈൻ വെബ്സൈറ്റായ 'ദ ക്വിന്റ്. രാജ്യത്തെ 373 ലോക്സഭ മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ വൻ വ്യത്യാസമുള്ളതായി റിപോർട്ട് പറയുന്നു.
ബിഹാർ, യുപി, തമിഴ്നാട്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഒന്നുമുതൽ നാലുഘട്ടം വരെ വോട്ടെടുപ്പ് നടന്ന ഏതാനും മണ്ഡലങ്ങളിലെ, ഇക്കാര്യം വ്യക്തമാക്കുന്ന കണക്കുകളും ക്വിന്റ് പുറത്തുവിട്ടു. തമിഴ്നാട്ടിലെ കാഞ്ചീപുരം, ധർമപുരി, ശ്രീ പെരുമ്പത്തൂർ, യുപിയിലെ മഥുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ കണക്കുകളിൽ വൻ വ്യത്യാസമുണ്ട്. തിരഞ്ഞെടുപ്പ് കമീഷന്റെ തന്നെ വെബ്സൈറ്റ് നൽകിയ കണക്കുകളുമായി ഒത്തുനോക്കുമ്പോഴുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയപ്പോൾ കമീഷൻ മൗനം പാലിക്കുന്നതായും 'ക്വിന്റ് പറയുന്നു. കൃത്യമായ കണക്കുകൾ നൽകാതെ ഏകദേശ കണക്കുകൾ നൽകിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഉരുണ്ടുകളിക്കുന്നതെന്നും ക്വിന്റ് വ്യക്തമാക്കുന്നു.
ബിജെപി സ്ഥാനാർഥി ഹേമമാലിനി വിജയിച്ച യുപിയിലെ മഥുരയിൽ 10,88,206 വോട്ടുകൾ പോൾ ചെയ്തപ്പോൾ എണ്ണിയത് 10,98,112 വോട്ടുകൾ. 9906 വോട്ടുകൾ അധികം. ബിജെപി സ്ഥാനാർഥി സുശീർ കുമാർ സിങ് ജയിച്ച ബിഹാറിലെ ഔറംഗാബാദിൽ 8768 വോട്ടുകളാണ് ഇവിഎം അധികമായി കാണിച്ചത്. മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി കിരൺ റിജിജു ജയിച്ച അരുണാചലിൽ 7961 വോട്ടിന്റെയും വ്യത്യാസം. ഇവിടെ നേരിയ വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർഥി നബാം തൂക്കി പരാജയപ്പെട്ടത്.
ഇവയടക്കം 373 മണ്ഡലങ്ങളിലെ വോട്ടുവ്യത്യാസം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഉടൻ മറുപടി തരാമെന്ന് കമീഷൻ പറഞ്ഞ് മണിക്കൂറുകൾക്കകം അവസാന വോട്ടിങ് കണക്കുകൾ കമീഷന്റെ വെബ്സൈറ്റിൽനിന്ന് ദൂരൂഹമായി അപ്രത്യക്ഷമായി. എന്തുകൊണ്ടാണ് വെബ്സൈറ്റിൽനിന്ന് കണക്കുകൾ നീക്കിയതെന്ന് ചോദിച്ചപ്പോൾ പ്രതികരിച്ചില്ലെന്നും 'ക്വിന്റ് പറയുന്നു. എന്നാൽ, പിന്നീട് ഇതിൽ ഒരു മണ്ഡലത്തിലെ വോട്ടിൽ മാത്രമാണ് വ്യക്തതയുള്ളതെന്നും ബാക്കിയുള്ളവയിലെ പോൾ ചെയ്ത വോട്ട് വിവരങ്ങൾ സമ്പൂർണമല്ലെന്നും അത് പിന്നീട് പുതുക്കുമെന്നുമുള്ള വിവരംവച്ച് ക്വിന്റിന് ഇ-മെയിൽ ലഭിച്ചു.
എന്നിട്ടും ഒന്നു മുതൽ നാലു ഘട്ടംവരെ തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ പോൾ ചെയ്ത മുഴുവൻ വോട്ടും കമീഷന്റെ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തത് ഉൾപ്പെടുത്തി വീണ്ടും കമീഷന് ഇ-മെയിൽ അയച്ചുവെന്നും മറുപടിക്ക് കാത്തിരിപ്പ് തുടരുകയാണെന്നും ക്വിന്റ് പറയുന്നു.വിഷയം സംസാരിക്കാൻ കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചക്ക് നിരവധി തവണ ശ്രമിച്ചിട്ടും തയാറായില്ലെന്നും 'ക്വിന്റ് ചൂണ്ടിക്കാട്ടി.
പോൾ ചെയ്യുന്ന വോട്ടുകൾ രണ്ട് മണിക്കൂർ ഇടവിട്ട് മുതിർന്ന ഓഫിസറെ പ്രിസൈഡിങ് ഓഫിസർ അറിയിക്കണമെന്നാണ് നടപടിക്രമം. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും എന്തുകൊണ്ട് ഇത് ഏകോപിപ്പിക്കാൻ കമ്മീഷന് കഴിഞ്ഞില്ലെന്ന കാര്യവും 'ക്വിന്റ് മുന്നോട്ടുവയ്ക്കുന്നു. ഇക്കാര്യം മുൻ തിരഞ്ഞെടുപ്പ് കമീഷൻ ഒപി റാവത്തിന്റെ അടുത്ത് ഉന്നയിച്ചപ്പോൾ ഗുരുതരമായ പ്രശ്നമാണെന്നും താൻ മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ ആയിരിക്കുന്ന വേളയിൽ ഇത്തരം യാതൊന്നും നടന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു പ്രതികരണം. 2018ൽ നടന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലും കണക്കിലെ പൊരുത്തക്കേടുകൾ ക്വിന്റ് പുറത്തുവിട്ടിരുന്നു. വികസിത രാജ്യമായ ബ്രിട്ടൻ അടക്കമുള്ളവ ജനാധിപത്യത്തിന്റെ കാതൽ മാനിച്ച് ഇവിഎം ഉപയോഗിക്കുന്നില്ലെന്നും പേപ്പർ ബാലറ്റ് ആണെന്നും ചൂണ്ടിക്കാട്ടിയാണ് റിപോർട്ട് അവസാനിപ്പിക്കുന്നത്.
അതേസമയം ക്വിന്റിന്റെ റിപ്പോര്‍ട്ടിനെ പ്രതിപാദിച്ച് ഇവിഎമ്മുകളില്‍ ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി പറയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സര്‍ക്കാരുകളെ വിലയിരുത്താന്‍ ജനങ്ങള്‍ക്ക് കിട്ടുന്ന അവസരമാണ് തിരഞ്ഞെടുപ്പ്. അതുകൊണ്ട് ജനങ്ങള്‍ക്ക് സംവിധാനത്തെ വിശ്വാസത്തിലെടുക്കാന്‍ കഴിയണം. പോള്‍ ചെയ്ത വോട്ടുകളിലും ഇവിഎമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകളിലും തുടര്‍ച്ചയായി ക്രമക്കേടുണ്ടാവുന്നുണ്ട്. ഈ വൈരുദ്ധ്യം എങ്ങനെ വരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരിക്കണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.