ബിഹാറില്‍ വോട്ടിങ് യന്ത്രങ്ങള്‍ ഹോട്ടല്‍ മുറിയില്‍; സെക്ടറല്‍ ഓഫിസര്‍ക്കെതിരേ വകുപ്പുതല അന്വേഷണം

അഞ്ച് വോട്ടിങ് യന്ത്രങ്ങളാണ് ഹോട്ടല്‍ മുറിയില്‍നിന്ന് പിടിച്ചെടുത്തത്. രണ്ട് ബാലറ്റ് യൂനിറ്റ്, രണ്ട് വിവി പാറ്റ് യന്ത്രം, ഒരു കണ്‍ട്രോള്‍ യൂനിറ്റ് എന്നിവയാണ് കണ്ടെത്തിയത്. സെക്ടറല്‍ ഓഫിസര്‍ അവ്‌ദേഷ് കുമാറിന്റെ പക്കല്‍നിന്നാണ് യന്ത്രങ്ങള്‍ പിടിച്ചെടുത്തതെന്ന് ജില്ലാ കലക്ടര്‍ അലോക് രഞ്ജന്‍ ഘോഷ് അറിയിച്ചു.

Update: 2019-05-07 05:10 GMT

പട്‌ന: ബിഹാറിലെ മുസാഫര്‍പൂരില്‍ വോട്ടിങ് യന്ത്രങ്ങള്‍ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തി. അഞ്ച് വോട്ടിങ് യന്ത്രങ്ങളാണ് ഹോട്ടല്‍ മുറിയില്‍നിന്ന് പിടിച്ചെടുത്തത്. രണ്ട് ബാലറ്റ് യൂനിറ്റ്, രണ്ട് വിവി പാറ്റ് യന്ത്രം, ഒരു കണ്‍ട്രോള്‍ യൂനിറ്റ് എന്നിവയാണ് കണ്ടെത്തിയത്. സെക്ടറല്‍ ഓഫിസര്‍ അവ്‌ദേഷ് കുമാറിന്റെ പക്കല്‍നിന്നാണ് യന്ത്രങ്ങള്‍ പിടിച്ചെടുത്തതെന്ന് ജില്ലാ കലക്ടര്‍ അലോക് രഞ്ജന്‍ ഘോഷ് അറിയിച്ചു. ഇയാളുടെ കാറില്‍നിന്നാണ് വിവി പാറ്റ് യന്ത്രങ്ങള്‍ കണ്ടെത്തിയത്. കേടാവുന്ന യന്ത്രങ്ങള്‍ക്ക് പകരമെത്തിക്കാന്‍ നല്‍കിയ യന്ത്രങ്ങളാണ് ഹോട്ടല്‍ മുറിയില്‍നിന്ന് കണ്ടെടുത്തത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നടപടി ചട്ടങ്ങളുടെ ലംഘനമാണെന്ന് കലക്ടര്‍ വ്യക്തമാക്കി. ഇയാള്‍ക്കെതിരേ വകുപ്പുതല അന്വേഷണം ആരംഭിച്ചു.

വോട്ടിങ് യന്ത്രങ്ങള്‍ ഹോട്ടലിലേക്ക് കൊണ്ടുപോവാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപകമായ തിരിമറികള്‍ നടക്കുന്നതായി പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശനം ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് പുതിയ സംഭവം. പോളിങ് ഓഫിസര്‍ വോട്ടിങ് യന്ത്രങ്ങള്‍ ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോയ സംഭവം വിവാദമായതിനെത്തുടര്‍ന്ന് പോളിങ് ഏജന്റുമാര്‍ ബൂത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് സബ് ഡിവിഷനല്‍ ഓഫിസര്‍ കുന്ദന്‍കുമാര്‍ സ്ഥലത്തെത്തുകയും വോട്ടിങ് യന്ത്രങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തത്. 

Tags:    

Similar News