പ്രശസ്തി നേടാനുള്ള ശ്രമം; ഇവിഎം ഉപയോഗം തടയണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി, ഹരജിക്കാരന് 10,000 രൂപ പിഴയും
അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഹരജിക്കാരന്‍ ഉന്നയിച്ചിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവിഎമ്മിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഹരജിക്കാരന്‍ വ്യക്തമായി വാദിച്ചിട്ടില്ല. റിട്ട് ഹരജിയില്‍ ഇടപെടാന്‍ ഒരു കാരണവും കാണുന്നില്ലെന്നും പ്രശസ്തി ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഹരജിയുമായി അഭിഭാഷകന്‍ കോടതിയെ സമീപിച്ചതെന്നും കോടതി പറഞ്ഞു.
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ (ഇവിഎം) ഉപയോഗം തടയണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി തളളി. പ്രശസ്തി ലക്ഷ്യമിട്ടാണ് ഹരജി സമര്‍പ്പിച്ചതെന്ന് നിരീക്ഷിച്ച കോടതി, ഹരജിക്കാരന് 10,000 രൂപ പിഴയും വിധിച്ചു. ഡല്‍ഹി സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നാല് ആഴ്ചയ്ക്കുള്ളില്‍ ഈ പണം നല്‍കണമെന്ന് ജഡ്ജിമാര്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
സി ആര്‍ ജയസുകിന്‍ എന്ന അഭിഭാഷകനാണ് ഇവിഎമ്മിനെതിരേ ഹരജി നല്‍കിയത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഹരജിക്കാരന്‍ ഉന്നയിച്ചിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവിഎമ്മിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഹരജിക്കാരന്‍ വ്യക്തമായി വാദിച്ചിട്ടില്ല. റിട്ട് ഹരജിയില്‍ ഇടപെടാന്‍ ഒരു കാരണവും കാണുന്നില്ലെന്നും പ്രശസ്തി ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഹരജിയുമായി അഭിഭാഷകന്‍ കോടതിയെ സമീപിച്ചതെന്നും കോടതി പറഞ്ഞു. ഹരജിയില്‍ നാല് രേഖകളാണ് അഭിഭാഷകന്‍ ഉള്‍പ്പെടുത്തിയിരുന്നത്. അതിലൊന്ന് പത്രവാര്‍ത്തയാണ്.
തിരഞ്ഞെടുപ്പ് കമ്മീഷനും പാര്‍ലമെന്റും അംഗീകരിച്ച ഇവിഎമ്മും ഇവിഎമ്മിന്റെ പ്രവര്‍ത്തനവും നോക്കാതെ വാര്‍ത്തയാണ് ഹരജിക്കാരന്‍ വായിച്ചത്. ഗവേഷണം നടത്തി ഉചിതമായ മാറ്റങ്ങള്‍ വരുത്തിയ ശേഷം അഭിഭാഷകന് ഈ വിഷയത്തില്‍ പുതിയ ഹരജി നല്‍കാമെന്ന് കോടതി പറഞ്ഞു. ഇവിഎം ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും ജനാധിപത്യം അപകടത്തിലാണെന്നും സുകിന്‍ കോടതിയില്‍ വാദിച്ചു.
എല്ലാ തിരഞ്ഞെടുപ്പിനോടും അനുബന്ധിച്ച് ഇവിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉയര്‍ത്താറുളളതാണ്. ഇവിഎം ഹാക്ക് ചെയ്ത് പ്രത്യേക രാഷ്ട്രീയകക്ഷിക്ക് അനുകൂലമായ തിരഞ്ഞെടുപ്പ് ഫലം കാണിക്കാന്‍ സാധിക്കുമെന്ന് രാഷ്ട്രീയപ്പാര്‍ട്ടികളും ആരോപണമുന്നയിച്ചിട്ടുളളതാണ്. എന്നാല്‍, ഈ വാദം പലതവണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തളളിയിട്ടുമുണ്ട്. സുതാര്യത ഉറപ്പുവരുത്തുന്നതിനായി ഇവിഎമ്മുകള്‍ക്കൊപ്പം വിവിപാറ്റ് ഉപയോഗിക്കാന്‍ കമ്മീഷന്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, പേപ്പര്‍ ബാലറ്റ് സമ്പ്രദായത്തിലേക്ക് തിരികെ പോവുന്നത് കമ്മീഷന്‍ തള്ളിക്കളയുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.