മോദിക്കെതിരേ വാരണാസിയില്‍ മല്‍സരിക്കുന്ന മുന്‍ ജവാന്റെ നാമനിര്‍ദേശപത്രിക തള്ളി
വിശദീകരണമായി നല്‍കിയ സത്യവാങ്മൂലത്തില്‍ എസ്പി സ്ഥാനാര്‍ഥിയായതും ബിഎസ്എഫില്‍ നിന്നു പിരിച്ചുവിട്ടതും ബഹദൂര്‍ നല്‍കിയിരുന്നില്ലെന്നാണ് പത്രിക തള്ളുന്നതിന് കാരണമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.
വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വാരാണസിയില്‍ എസ്പി ടിക്കറ്റില്‍ മല്‍സരിക്കുന്ന പുറത്താക്കപ്പെട്ട മുന്‍ സൈനികന്‍ തേജ് ബഹാദൂര്‍ യാദവിന്റെ നാമനിര്‍ദേശ പത്രിക തള്ളി.തേജ് ബഹദൂര്‍ നാമനിര്‍ദേശത്തോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാണ് നാമനിര്‍ദേശപത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. നേരത്തെ, അഴിമതിയോ അച്ചടക്ക ലംഘനമോ കാരണമായി പുറത്താക്കപ്പെടുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ അഞ്ചു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍നിന്നു അയോഗ്യരാക്കപ്പെടുമെന്നു ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തേജ് ബഹാദൂര്‍ യാദവിന് നോട്ടീസ് അയച്ചിരുന്നു. മെയ് ഒന്നിനകം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് തേജ് ബഹദൂര്‍ നല്‍കിയ മറുപടി തൃപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.
നേരത്തെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്നായിരുന്നു സത്യവാങ്മൂലത്തില്‍ തേജ് ബഹദൂര്‍ നല്‍കിയിരുന്നത്. എന്നാല്‍ വാരണാസിയില്‍ എസ്പി സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പിന്തുണ തേജ് ബഹദൂറിന് നല്‍കിയതോടെ എസ്പി സീറ്റിലായി ബഹദൂറിന്റെ മല്‍സരം. വിശദീകരണമായി നല്‍കിയ സത്യവാങ്മൂലത്തില്‍ എസ്പി സ്ഥാനാര്‍ഥിയായതും ബിഎസ്എഫില്‍ നിന്നു പിരിച്ചുവിട്ടതും ബഹദൂര്‍ നല്‍കിയിരുന്നില്ലെന്നാണ് പത്രിക തള്ളുന്നതിന് കാരണമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.