'ഒമ്പത് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഈഴവര്‍ തട്ടിക്കൊണ്ടുപോയി'; വീണ്ടും വര്‍ഗീയ വിഷം ചീറ്റി കത്തോലിക്ക വൈദികന്‍ (വീഡിയോ)

ചങ്ങനാശേരി അതിരൂപതയ്ക്ക് കീഴിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കായി നടത്തിയ പരിശീലന പരിപാടിയിലാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിന് ഈഴവ ഗൂഢാലോചന ഉണ്ടെന്ന് ഫാദര്‍ റോയി കണ്ണന്‍ചിറ ആരോപിച്ചത്.

Update: 2021-09-19 05:05 GMT

കോട്ടയം: കത്തോലിക്ക വൈദികരുടെ ഇതര മതസ്ഥര്‍ക്കെതിരേയുള്ള വര്‍ഗീയ പ്രസംഗം തുടര്‍ക്കഥയാവുന്നു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഈഴവ യുവാക്കള്‍ തട്ടിക്കൊണ്ട് പോകുന്നു എന്നും തട്ടിക്കൊണ്ട് പോവാന്‍ പരിശീലനം നല്‍കുന്നുവെന്നുമാണ് സിറിയന്‍ കത്തോലിക്ക വൈദികനും കുട്ടികളുടെ 'ദീപിക'യുടെ ചീഫ് എഡിറ്ററും 'ദീപിക' ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയി കണ്ണന്‍ചിറയുടെ പ്രസംഗം. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനായി ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്‌കരിച്ച് പരിശീലനം കൊടുക്കുന്നുണ്ടെന്ന് ഫാ. റോയി കണ്ണന്‍ചിറ ആരോപിച്ചു.

Full View


ശനിയാഴ്ച ചങ്ങനാശേരി അതിരൂപതയ്ക്ക് കീഴിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കായി നടത്തിയ പരിശീലന പരിപാടിയിലാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിന് ഈഴവ ഗൂഢാലോചന ഉണ്ടെന്ന് ഫാദര്‍ റോയി കണ്ണന്‍ചിറ ആരോപിച്ചത്.

'കോട്ടയത്തെ ഒരു സിറോ മലബാര്‍ ഇടവകയില്‍ നിന്ന് ഒമ്പതു പെണ്‍കുട്ടികളെ ഒരു മാസത്തിനിടെ തട്ടിക്കൊണ്ടുപോയത് ഈഴവരാണ്. ഇതിനായി ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്‌കരിച്ച് പരിശീലനം കൊടുക്കുന്നുണ്ട്. ശത്രുക്കളുടെ മുന്നൊരുക്കത്തിന്റെ പത്തിലൊന്ന് പോലും നമുക്ക് ഒരുക്കാന്‍ കഴിയുന്നില്ല' എന്നുമാണ് ഫാദര്‍ റോയി കണ്ണന്‍ചിറ ക്ലാസില്‍ പറഞ്ഞത്.

'ലവ് ജിഹാദിനെ പറ്റിയും നാര്‍ക്കോട്ടിക് ജിഹാദിനെ പറ്റിയും നമ്മള്‍ കൂടുതല്‍ സംസാരിക്കുന്നുണ്ട്. അതോടൊപ്പം തന്നെ, മറ്റ് ഇതര കമ്മ്യൂണിറ്റികളിലേക്കും നമ്മുടെ മക്കളെ ആകര്‍ശിക്കുന്നതിനുള്ള സ്ട്രാറ്റജിക് ആയിട്ടുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് കൊണ്ട് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുണ്ട് എന്ന വിവരം നമുക്ക് ലഭിച്ചിട്ടുണ്ട്. ജാഗ്രത ഇല്ലാത്തവരായിരിക്കുന്നതാണ് നമ്മള്‍ നേരിടുന്ന വലിയൊരു ക്രൈസിസ്. നമ്മുടെ മക്കളെ തട്ടിക്കൊണ്ട് പോവാന്‍ ശത്രുക്കള്‍, ഞാന്‍ ആ വാക്ക് ഉപയോഗിക്കുയാണ്, പ്രണയം നടിച്ചും അല്ലാതെയും നമ്മുടെ മക്കളെ സ്വന്തമാക്കുവാന്‍ സഭയുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ ഒരുക്കുന്ന മുന്നൊരുക്കത്തിന്റെ പത്തിലൊന്ന് പോലും, നമ്മുടെ മക്കളെ വിശ്വാസത്തില്‍ നില നിര്‍ത്തുവാനും നമ്മുടെ മക്കളെ മാതാപിതാക്കളോടൊപ്പം ചേര്‍ത്തി നിര്‍ത്തികൊണ്ട് കത്തോലിക്ക സമുദായ രൂപീകരണത്തിന്റെ ഭദ്രത ഉറപ്പ് വരുത്തുവാനും ഇതിന് വേണ്ടി മാത്രം ജീവിതം സമര്‍പ്പിച്ചിരിക്കുന്ന മതാധ്യാപകര്‍ക്ക് വൈദികര്‍ക്ക് കഴിയുന്നില്ല എന്നത് ഈ വര്‍ത്തമാന കാലത്ത് കത്തോലിക്ക സഭ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ്'. ഫാദര്‍ റോയി കണ്ണന്‍ചിറ പറഞ്ഞു.

2003 മുതല്‍ ദീപിക ബാലസഖ്യം ഡയറക്ടറാണ് ഫാദര്‍ റോയി കണ്ണന്‍ചിറ. കൊച്ചേട്ടന്‍ എന്ന പേരില്‍ കുട്ടികളോട് സംവദിക്കുന്ന പംക്തി ദീപികയില്‍ റോയി കണ്ണന്‍ചിറ കൈകാര്യം ചെയ്യുന്നുണ്ട്.

കുട്ടികളുടെ ദീപികയുടെ ചീഫ് എഡിറ്റര്‍, ചില്‍ഡ്രന്‍സ് ഡൈജസ്റ്റ് ഇംഗ്ലീഷ് മാസികയുടെ അസോസിയേറ്റ് എഡിറ്റര്‍ എന്നീ ചുമതലകളും ഇയാള്‍ വഹിക്കുന്നുണ്ട്.

നേരത്തെയും കത്തോലിക്ക സഭ സമാനമായ വിദേഷ പ്രചരണം നടത്തിയിരുന്നു. ഇടുക്കി രൂപതാ മെത്രാനായിരുന്ന മാത്യു ആനിക്കുഴിക്കാട്ടിലായിരുന്നു നേരത്തെ സമാനമായ ആരോപണം ഉന്നയിച്ചത്. മുസ്‌ലിങ്ങള്‍ക്ക് പുറമെ എസ്എന്‍ഡിപിക്കും കത്തോലിക്ക പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി കല്ല്യാണം കഴിക്കാനുള്ള ഗൂഢപദ്ധതികളുണ്ടെന്നായിരുന്നു ഇയാളുടെ ആരോപണം.

ഇതിന് പിന്നാലെ ബിഷപ്പ് ഹൗസിലേക്ക് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധ ജാഥ നടത്തുകയും തുടര്‍ന്ന് അന്നത്തെ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കല്‍ കണിച്ചുകുളങ്ങരയിലെത്തി ഖേദപ്രകടനം നടത്തിയിരുന്നു.

Tags:    

Similar News