പാലാ ബിഷപ്പിന്റെ വര്‍ഗീയ പ്രസ്താവനക്കെതിരേ കേസെടുക്കണം; കോട്ടയം ജില്ലയിലെ മഹല്ലുകളില്‍ ഒപ്പുശേഖരണം

Update: 2021-10-08 17:41 GMT

കാഞ്ഞിരപ്പള്ളി: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ വിവാദമായ വര്‍ഗീയ പരാമര്‍ശം പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം സര്‍ക്കാര്‍ കേസെടുക്കാന്‍ തയ്യാറാവണം എന്നും ആവശ്യപ്പെട്ട് കോട്ടയം ജില്ലയിലെ മഹല്ലുകളില്‍ പ്രതിഷേധം. വര്‍ഗീയ പ്രസ്താവന പാലാ ബിഷപ്പിന് ശരിയാണെന്ന് ബോധ്യമുണ്ടെങ്കില്‍ തെളിവുകള്‍ പുറത്ത് വിടാനും അല്ലാത്തപക്ഷം അദ്ദേഹം പ്രസ്താവന പിന്‍വലിക്കുകയോ ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ സര്‍ക്കാര്‍ അദ്ദേഹത്തിനെതിരില്‍ നിയമനടപടി സ്വീകരിക്കണമെന്നും പൗരാവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സമിതിയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ എല്ലാ ജമാഅത്തുകളിലും വെള്ളിയാഴ്ച ഒപ്പ് ശേഖരണം നടത്തി. ജില്ലാതല ഒപ്പുശേഖരണചടങ്ങ് കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ ജമാഅത്ത് പ്രസിഡന്റ് പി എം അബ്ദുല്‍സലാം ഒപ്പ് രേഖപ്പെടുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ചെയര്‍മാന്‍ ഇ എ അബ്ദുല്‍ നാസിര്‍ മൗലവി അല്‍ കൗസരി അധ്യക്ഷത വഹിച്ച യോഗം ചീഫ് ഇമാം ഈജാസുല്‍ കൗസരി ഉദ്ഘാടനം ചെയ്തു. ജില്ലാകണ്‍വീനര്‍ നാസര്‍ മൗലവി പാറത്തോട് അബ്ദുല്‍ സമദ് മൗലവി, ജമാഅത്ത് ഭാരവാഹികള്‍ സന്നിഹിതരായിരുന്നു.

കോട്ടയം, ചങ്ങനാശ്ശേരി, മീനച്ചില്‍, വൈക്കം, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ സക്കീര്‍ ഹുസൈന്‍,നദീര്‍ മൗലവി, അബ്ദുല്‍ സമദ്,ജാഫര്‍ ഖാന്‍, എം. ബി അമീന്‍ഷാ, റഫീഖ് അഹമ്മദ് സഖാഫി, യു നവാസ്,അയ്യൂബ് ഖാന്‍ വൈക്കം അബു, ഹബീബ് മൗലവി, അജാസ് തച്ചാട്ട് തുടങ്ങിയ പൗരാവകാശ സംരക്ഷണ സമിതിയിലെ നേതാക്കന്മാര്‍ ഒപ്പു ശേഖരണത്തിന് നേതൃത്വം നല്‍കി.

Tags:    

Similar News