നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം: ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ട് ആറുമാസം; പാലാ ബിഷപ്പിനെ ചോദ്യം പോലും ചെയ്തില്ല
പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് 2021 നവംബര്‍ ഒന്നിന് പാലാ ബിഷപ്പിനെതിരേ 153 എ, 153 ബി, 295 എ, 505 (ii), 505 (iii) എന്നീ വകുപ്പുകള്‍ ചുമത്തി കുറവിലങ്ങാട് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് ആറുമാസം പിന്നിട്ടിട്ടും ബിഷപ്പിനെ ചോദ്യം ചെയ്യാനോ അറസ്റ്റുചെയ്യാനോ പോലിസ് തയ്യാറായിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
കോട്ടയം: ലൗ ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശങ്ങള്‍ നടത്തി മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടും ചോദ്യം ചെയ്യാന്‍ പോലും തയ്യാറാവാതെ പോലിസ്. പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് 2021 നവംബര്‍ ഒന്നിന് പാലാ ബിഷപ്പിനെതിരേ 153 എ, 153 ബി, 295 എ, 505 (ii), 505 (iii) എന്നീ വകുപ്പുകള്‍ ചുമത്തി കുറവിലങ്ങാട് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് ആറുമാസം പിന്നിട്ടിട്ടും ബിഷപ്പിനെ ചോദ്യം ചെയ്യാനോ അറസ്റ്റുചെയ്യാനോ പോലിസ് തയ്യാറായിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണെന്നാണ് കേസിനെക്കുറിച്ച് കുറവിലങ്ങാട് സിഐ പ്രതികരിച്ചത്. ബിഷപ്പിനെ ചോദ്യം ചെയ്തിട്ടുണ്ടോയെന്ന ആരാഞ്ഞെങ്കിലും സിഐ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ബിഷപ്പിന്റെ വിദ്വേഷ പ്രസംഗക്കേസില്‍ കുറവിലങ്ങാട് പോലിസ് ആദ്യം മുതല്‍ മൃദുസമീപനമാണ് സ്വീകരിച്ചത്. ബിഷപ്പിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അസീസ് മൗലവി 2021 സപ്തംബര്‍ 24നാണ് കുറവിലങ്ങാട് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുന്നത്.
എന്നാല്‍, പോലിസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് എസ്പിക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇതോടെയാണ് അഡ്വ. കെ എന്‍ പ്രശാന്ത്, അഡ്വ.സി പി അജ്മല്‍ എന്നിവര്‍ മുഖേന പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുന്നത്. CMP 2684/2021 നമ്പറില്‍ നല്‍കിയ ഹരജി പരിഗണിച്ച കോടതി ബിഷപ്പിനെതിരേ അന്വേഷണം നടത്താന്‍ പോലിസിനോട് ഉത്തരവിടുകയായിരുന്നു. ഇതിനുശേഷവും കുറവിലങ്ങാട് പോലിസില്‍ നിന്ന് തുടര്‍നടപടിയൊന്നുമുണ്ടായില്ല. കോടതിയുടെ ഉത്തരവ് വന്ന് ദിവസങ്ങള്‍ക്കുശേഷമാണ് ബിഷപ്പിനെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലിസ് നിര്‍ബന്ധിതരായത്.
ബിഷപ്പിനെ ചോദ്യം ചെയ്യേണ്ടതിന് പകരം പരാതിക്കാരെ പീഡിപ്പിക്കുന്ന സമീപനമാണ് പോലിസ് സ്വീകരിച്ചത്. മൂന്നുമണിക്കൂറോളം ഹരജിക്കാരനെ പോലിസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു. പിന്നീട് സാക്ഷികളായുണ്ടായിരുന്നവരെയും സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തി. എന്നിട്ട് ഹരജിക്കാരനോട് വീണ്ടും മൊഴിയെടുക്കാന്‍ സ്‌റ്റേഷനിലെത്തണമെന്ന് പോലിസ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്തൊന്നും ബിഷപ്പിനെ ചോദ്യം ചെയ്യാനോ അറസ്റ്റുചെയ്യാനോ ഉള്ള വ്യഗ്രത പോലിസിന്റെ ഭാഗത്തുനിന്നുമുണ്ടായില്ല. ബിഷപ്പിനെതിരേ ചുമത്തിയ എല്ലാ വകുപ്പുകളും ജാമ്യമില്ലാ വകുപ്പുകളാണ്.
വാക്കുകള്‍, ചിഹ്നങ്ങള്‍, ചിത്രങ്ങള്‍, അത്തരം സൂചനകള്‍ എന്നിവയിലൂടെ സമൂഹത്തിലെ വിവിധ ജാതി- മത- ഭാഷാ വിഭാഗങ്ങള്‍ക്കിടയില്‍ പൊരുത്തക്കേട് സൃഷ്ടിക്കുക, സാമൂഹിക ഐക്യവും സമാധാനവും നശിപ്പിക്കുക, ഒരു പ്രത്യേക മതവിഭാഗത്തിലെ സായുധ സംഘത്തെ മനപ്പൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനായി ഒരുക്കിനിര്‍ത്തുക മേല്‍പ്പറഞ്ഞ മൂന്ന് കാര്യങ്ങളും ഐപിസി 153(എ) പ്രകാരം കുറ്റകരമാണ്. വകുപ്പ് പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിയെ മൂന്ന് വര്‍ഷം വരെ ശിക്ഷിക്കാം. ഒരു മതകേന്ദ്രത്തില്‍ വച്ചാണ് മേല്‍പറഞ്ഞ മൂന്ന് കാര്യങ്ങളിലേതെങ്കിലുമൊന്ന് നടക്കുന്നതെങ്കില്‍ ജയില്‍ ശിക്ഷ അഞ്ചുവര്‍ഷം വരെയാവാം.
വാക്കുകള്‍, പ്രവൃത്തികള്‍ എന്നിവകൊണ്ട് ഒരു മതത്തെയോ, മതവികാരത്തെയോ വ്രണപ്പെടുത്തുന്നത് സെക്ഷന്‍ 295 (എ) പ്രകാരം കുറ്റകരമാണ്. അത്തരം വ്യക്തികള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയോ, പിഴയോ, തടവും പിഴയും ഒന്നിച്ചോ ലഭിക്കാവുന്ന കുറ്റമാണ്. മുദ്രാവാക്യം വിളിച്ചവര്‍ക്കും ഏറ്റുവിളിച്ചവര്‍ക്കുമെതിരേ 153 എ വകുപ്പ് ചുമത്തി തുറുങ്കിലടയ്ക്കാന്‍ വെമ്പല്‍ കൊള്ളുന്ന പോലിസും സര്‍ക്കാരും കോടതി ഉത്തരവുണ്ടായിട്ടുപോലും ബിഷപ്പിനെതിരേ ചെറുവിരലനക്കാന്‍ തയ്യാറാവുന്നില്ല എന്നതാണ് വിരോധാഭാസം. സഭയെ പ്രീണിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള കൃത്യമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പാലാ ബിഷപ്പിനെതിരായ നിയമനടപടികളിലേക്ക് പോലിസ് കടക്കാത്തത് എന്നതില്‍ തര്‍ക്കമില്ല.
2021 സപ്തംബര്‍ 8നാണ് കുറവിലങ്ങാട് മര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുസ്‌ലിം വിഭാഗത്തിനെതിരേ വിദ്വേഷ പ്രസംഗം നടത്തിയത്. കത്തോലിക്കാ പെണ്‍കുട്ടികളെയും യുവാക്കളെയും നാര്‍കോട്ടിക്- ലൗ ജിഹാദികള്‍ ഇരയാക്കുന്നുവെന്നായിരുന്നു ബിഷപ്പിന്റെ ആരോപണം. ഇതിന് സഹായം നല്‍കുന്ന ഒരുവിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. അതിനെതിരേ കത്തോലിക്കാ സഭ കരുതിയിരിക്കണമെന്നും ബിഷപ്പ് പ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.