നുപുര്‍ ശര്‍മയ്‌ക്കെതിരായ പരാമര്‍ശം പിന്‍വലിക്കണം; സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് പരാതി

Update: 2022-07-01 18:02 GMT
നുപുര്‍ ശര്‍മയ്‌ക്കെതിരായ പരാമര്‍ശം പിന്‍വലിക്കണം; സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് പരാതി

ന്യൂഡല്‍ഹി: പ്രവാചകനിന്ദ നടത്തിയ ബിജെപി മുന്‍ വക്താവ് നുപുര്‍ ശര്‍മയ്ക്ക് നേരേ സുപ്രിംകോടതി നടത്തിയ അതിരൂക്ഷ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് പരാതി. ഡല്‍ഹി സ്വദേശി അജയ് ഗൗതത്തിന്റെ കത്താണ് ഹരജിയായി ഫയല്‍ ചെയ്തിരിക്കുന്നത്. സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് നൂപുര്‍ശര്‍മയോട് നടത്തിയ രൂക്ഷപരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരവ് ഇറക്കണമെന്നാണ് ആവശ്യം. എങ്കില്‍ മാത്രമേ, അവര്‍ക്ക് ശരിയായ വിചാരണ നേരിടാന്‍ കഴിയൂ എന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നുപുര്‍ ശര്‍മയ്‌ക്കെതിരായി വിവിധ സംസ്ഥാനങ്ങളിലുള്ള കേസുകള്‍ എല്ലാം ഡല്‍ഹിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ വിവാദപരാമര്‍ശത്തില്‍ നുപുര്‍ ശര്‍മ രാജ്യത്തോട് മാപ്പുപറയണമെന്നാണ് സുപ്രിംകോടതി ആവശ്യപ്പെട്ടത്. നുപര്‍ ശര്‍മയെ അതിരൂക്ഷമായി വിമര്‍ശിച്ച കോടതി, വിവാദപരാമര്‍ശത്തിന് വേദിയൊരുക്കിയ ചാനലിനെയും ഡല്‍ഹി പോലിസിനെയും കുറ്റപ്പെടുത്തി. നുപുര്‍ ശര്‍മ മാപ്പെഴുതി നല്‍കുന്ന കാര്യം അഭിഭാഷകന്‍ പരാമര്‍ശിച്ചപ്പോള്‍ വിവാദപരാമര്‍ശം നടത്തിയ അതേ ടെലിവിഷന്‍ ചാനലിലൂടെ തന്നെ രാജ്യത്തോട് മാപ്പുപറയണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.

പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയുന്നതില്‍ ഇപ്പോള്‍തന്നെ വളരെ വൈകി. മാത്രമല്ല, വികാരങ്ങള്‍ വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ എന്ന മട്ടിലാണ് അവര്‍ മാപ്പുപറയാന്‍ തയ്യാറായിരിക്കുന്നത്. അത് പോരാ, നിരുപാധികം തന്നെ മാപ്പുപറഞ്ഞേ മതിയാകൂ എന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പര്‍ദീവാല എന്നിവര്‍ ഉള്‍പ്പെട്ട അവധിക്കാല ബെഞ്ച് വ്യക്തമാക്കി. പ്രവാചക നിന്ദയുടെ പേരില്‍ വിവിധ സ്ഥലങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒന്നിച്ചാക്കണമെന്ന് ആവശ്യപ്പെട്ടാണ് നുപുര്‍ ശര്‍മ സുപ്രിംകോടതിയിലെത്തിയത്. കേസുകള്‍ സുപ്രിംകോടതിയിലേക്കു മാറ്റണമെന്നും നുപുര്‍ ശര്‍മ ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News