മതസ്പര്‍ധ: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേ അന്വേഷണത്തിന് കോടതി ഉത്തരവ്

Update: 2021-10-29 13:24 GMT

പാലാ: മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ച കേസില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അസീസ് മൗലവി, അഡ്വ. കെ എന്‍ പ്രശാന്ത്, അഡ്വ. സി പി അജ്മല്‍ എന്നിവര്‍ മുഖേന CMP 2684/2021 നമ്പറില്‍ നല്‍കിയ ഹരജിയിലാണ് കുറവിലങ്ങാട് പോലിസിനോട് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.

സപ്തംബര്‍ 24നാണ് ഇതുസംബന്ധിച്ച് അബ്ദുല്‍ അസീസ് മൗലവി കേസെടുക്കണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍, പോലിസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് എസ്പിക്കും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. സപ്തംബര്‍ 8നാണ് കുറവിലങ്ങാട് മര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുസ്‌ലിം വിഭാഗത്തിനെതിരേ വിദ്വേഷപ്രസംഗം നടത്തിയത്.

ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തിയതുമൂലം മുസ്‌ലിം- ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത രൂപപ്പെട്ടിരുന്നു. പലരും പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പോലിസ് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് പ്രതിക്കെതിരേ 153 എ, 295 എ, 505 (ii), 505 (iii) എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കെസെടുക്കണമെന്നാവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്. ഹരജിക്കാരനുവേണ്ടി അഡ്വ.സി പി അജ്മല്‍ പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി.

Tags:    

Similar News