കര്‍ഷക പ്രക്ഷോഭം: തന്ത്രം മാറ്റാനൊരുങ്ങി കര്‍ഷക സംഘടനകള്‍

ഇത് ഒരു നീണ്ട യുദ്ധമായിരിക്കുമെന്ന് വ്യക്തമായതിനാല്‍, അതിര്‍ത്തിയില്‍ നിന്നും ജനക്കൂട്ടത്തെ നാട്ടിലേക്ക് അയക്കുകയാണെന്നും ഇത് പുതിയ തന്ത്രത്തിന്റെ ഭാഗമാണെന്നും കര്‍ഷകര്‍ പറയുന്നു

Update: 2021-02-16 05:07 GMT

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം മൂന്നാം മാസത്തിലേക്ക് പ്രവേശിക്കുന്നതോടെ സമര തന്ത്രങ്ങള്‍ മാറ്റാനൊരുങ്ങി കര്‍ഷകര്‍. ഗാസിപ്പൂരിലെയും സിങ്കുവിലെയും അതിര്‍ത്തികളില്‍ സമരം ചെയ്യുന്നവരുടെ എണ്ണം കുറച്ച് ഗ്രാമങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കാനാണ് പുതിയ തീരുമാനം. നേരത്തെ പ്രക്ഷോഭത്തിനെത്തിയവരില്‍ പകുതിയോളം പേരും നാട്ടിലേക്കു മടങ്ങിയിട്ടുണ്ട്.


ഇത് ഒരു നീണ്ട യുദ്ധമായിരിക്കുമെന്ന് വ്യക്തമായതിനാല്‍, അതിര്‍ത്തിയില്‍ നിന്നും ജനക്കൂട്ടത്തെ നാട്ടിലേക്ക് അയക്കുകയാണെന്നും ഇത് പുതിയ തന്ത്രത്തിന്റെ ഭാഗമാണെന്നും കര്‍ഷകര്‍ പറയുന്നു. പ്രക്ഷോഭം കൂടുതല്‍ ഇടങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്. പ്രക്ഷോഭത്തിന് പിന്തുണ നേടുന്നതിനായി സംസ്ഥാനങ്ങളിലുടനീളം വന്‍ റാലികള്‍ നടത്തുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് രാജ്യത്തുടനീളം മഹാപഞ്ചായത്തുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അടുത്ത 10 ദിവസത്തിനുള്ളില്‍ ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ഇത്തരം യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും.


'10 ലക്ഷം ആളുകള്‍ ഇവിടെ തടിച്ചുകൂടിയാലോ? സര്‍ക്കാര്‍ ഈ നിയമങ്ങള്‍ പിന്‍വലിക്കുമോ? രാജ്യത്തൊട്ടാകെ, എല്ലാ ജില്ലകളിലും ഞങ്ങള്‍ പ്രതിഷേധിക്കും. യോഗങ്ങള്‍ നടക്കുകയാണ്.' പ്രക്ഷോഭ രംഗത്തുള്ള കര്‍ഷകനായ രാകേഷ് പറഞ്ഞു. സര്‍ക്കാറിന്റെ ധാര്‍ഷ്ട്യം കണക്കിലെടുത്ത് ആദ്യം പ്രക്ഷോഭം അതിര്‍ത്തികളില്‍ കേന്ദ്രീകരിച്ചിരുന്നുവെന്ന് ഗാസിപൂര്‍ പ്രതിഷേധ സമിതി വക്താവ് ജഗ്തര്‍ സിംഗ് ബജ്‌വ പറഞ്ഞു. 'കര്‍ഷക നേതാക്കള്‍ അവരുടെ തന്ത്രവും മാറ്റുകയാണ്, അതിനാല്‍ പ്രതിഷേധം എല്ലാ ഗ്രാമങ്ങളിലെയും എല്ലാ വീടുകളിലും എത്തിക്കും. ഞങ്ങള്‍ വിവിധ സ്ഥലങ്ങളിലെ മഹാപഞ്ചായത്തുകള്‍ വഴി സമരം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, അറിയിപ്പ് ലഭിക്കുന്നതോടെ അതിര്‍ത്തിയിലെത്താന്‍ കര്‍ഷകര്‍ എല്ലായ്‌പ്പോഴും തയ്യാറാണെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. 'ഖാസിപൂര്‍ അതിര്‍ത്തിയില്‍ ആവശ്യമുള്ളപ്പോഴെല്ലാം മണിക്കൂറുകള്‍ക്കകം ഒരു ലക്ഷം പേരെയെങ്കിലും എത്തിക്കാനാവുമെന്നും കര്‍ഷക നേതാക്കള്‍ അവകാശപ്പെട്ടു.




Tags:    

Similar News