658 രക്തസാക്ഷികള്‍, 467 ദിനങ്ങള്‍, അതിര്‍ത്തി-ഹൈവേ-റെയില്‍-പാര്‍ലമെന്റ് ഉപരോധങ്ങള്‍; വിജയം കണ്ടത് സന്ധിയില്ലാത്ത പോരാട്ടങ്ങള്‍

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ് മോദിയുടെ പ്രഖ്യാപനമെങ്കിലും നിര്‍ണായകമായ ഈ തീരുമാനത്തിലേക്ക് മോദിയെ എത്തിച്ചത് രക്തവും വിയര്‍പ്പും നല്‍കിയുള്ള കര്‍ഷകരുടെ 467 ദിവസം നീണ്ട സന്ധിയില്ലാ പോരാട്ടങ്ങളും നിശ്ചയദാര്‍ഢ്യവുമാണ്.

Update: 2021-11-19 10:26 GMT

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിലേറെ നീണ്ട നിരന്തര പോരാട്ടങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം പാസാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ് മോദിയുടെ പ്രഖ്യാപനമെങ്കിലും നിര്‍ണായകമായ ഈ തീരുമാനത്തിലേക്ക് മോദിയെ എത്തിച്ചത് രക്തവും വിയര്‍പ്പും നല്‍കിയുള്ള കര്‍ഷകരുടെ 467 ദിവസം നീണ്ട സന്ധിയില്ലാ പോരാട്ടങ്ങളുടേയും നിശ്ചയദാര്‍ഢ്യത്തിന്റേയും അനന്തരഫലമാണ്.


467 ദിവസം നീണ്ട നിരന്തര പോരാട്ടങ്ങള്‍ക്കിടയില്‍ 658 പേര്‍ക്കാണ് സ്വന്തം ജീവന്‍ ബലി നല്‍കേണ്ടി വന്നത്. സമരത്തിനിടയില്‍ ജീവന്‍ പൊലിഞ്ഞവരില്‍ ഭൂരിഭാഗവും ചെറുകിട കൃഷിക്കാരും കര്‍ഷക തൊഴിലാളികളുമാണ്. സമരപാതയില്‍ ജീവന്‍ നല്‍കേണ്ടി വന്ന രക്ഷസാക്ഷികള്‍ക്ക് പോരാട്ട വിജയം സമര്‍പ്പിക്കുന്നതായി കര്‍ഷക സമര നേതാക്കള്‍ പറഞ്ഞു.


മോദി സര്‍ക്കാരിന്റെ കടുത്ത നടപടികള്‍ക്കിടയിലും അതിര്‍ത്തി-ഹൈവേ-റെയില്‍ ഉപരോധങ്ങള്‍ സംഘടിപ്പിച്ചും പാര്‍ലമെന്റ് വളഞ്ഞും കര്‍ഷകര്‍ സമരത്തെ പ്രക്ഷുബ്ധമാക്കി നിര്‍ത്തി. ഡല്‍ഹിയുടെ അതിര്‍ത്തികളായ സിംഗു, തിക്രി, ഗാസിപൂര്‍ എന്നിവ ഉപരോധിച്ച് കര്‍ഷകര്‍ മാസങ്ങള്‍ നീണ്ട കുത്തിയിരിപ്പ് സമരങ്ങള്‍ നടത്തി. സമരം തകര്‍ക്കാന്‍ ഹൈവേയില്‍ കിടങ്ങ് കുഴിച്ചും മൂര്‍ച്ചയുള്ള ആണികള്‍ നിരത്തിയും ഇരുമ്പ് ബാരിക്കേഡുകള്‍ ഉയര്‍ത്തിയും ഭരണകൂടം ശ്രമിച്ചു. കര്‍ഷകരുടെ നിശ്ചയ ദാര്‍ഢ്യത്തിന് മുന്നില്‍ ഈ തടസ്സങ്ങളെല്ലാം നിശ്ഫലമാവുകയായിരുന്നു.


കൊടും ചൂടും അതി ശൈത്യവും കാലാവസ്ഥാമാറ്റങ്ങളും കര്‍ഷകരെ സമരത്തില്‍ നിന്ന് പിന്‍മാറ്റുമെന്ന് കരുതിയെങ്കിലും വയോധികരും സ്ത്രീകളും ഉള്‍പ്പടെ ആയിരങ്ങള്‍ സമരമുഖത്ത് ഉറച്ച് നിന്നു. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആഹ്വാനം ചെയ്തുള്ള സമര വേദിയില്‍ തന്നെ രാജ്യത്തെ വിവിധ സമര പോരാട്ടങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. യുഎപിഎ, സിഎഎ ഉള്‍പ്പടെ കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ സിഖ് ജനതയില്‍ നിന്നും കര്‍ഷക സമര നേതാക്കളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു.


മൂന്ന് കാര്‍ഷിക നിയമങ്ങളുടെ പ്രഖ്യാപനത്തിലൂടെ രാജ്യത്തുടനീളമുള്ള കര്‍ഷകരുടെ രോഷം മോദി ഗവണ്‍മെന്റിനെതിരെ തിരിയുകയായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം പിന്നീട് കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ അക്രമസക്തമായി മാറുന്നതിനും രാജ്യം സാക്ഷ്യം വഹിച്ചു.

ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനത്തില്‍ സമധാനപരമായി നീങ്ങിയ കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അക്രമാസക്തമാവുകയും ഒരു വിഭാഗം പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ ഭേദിച്ച് റാലിക്ക് അനുമതിയില്ലാത്ത ഭാഗങ്ങളിലേക്കും കടക്കുകയും ചെയ്തു.

അധികം വൈകാതെ തന്നെ ഇത് പോലിസും കര്‍ഷകരും തമ്മിലുള്ള സംഘര്‍ഷമായി മാറി. പോലിസ് കര്‍ഷകര്‍ക്കെതിരെ ലാത്തിചാര്‍ജ് നടത്തുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. അക്രമം അഴിച്ചു വിട്ട വിഭാഗം ചെങ്കോട്ടയില്‍ കയറി സിഖ് പതാക ഉയര്‍ത്തി.


എന്നാല്‍ കര്‍ഷകസമരത്തില്‍ നുഴഞ്ഞു കയറി കലാപം അഴിച്ചു വിട്ടവര്‍ സംഘപരിവാര്‍ അനുകൂലികളാണെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ആ ഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. അക്രമത്തിന് നേതൃത്വം നല്‍കിയ പഞ്ചാബി നടന്‍ ദീപ് സിദ്ദു ബിജെപി അനുഭാവിയാണെന്ന് അതിന് ശേഷം തെളിയുകയും നരേന്ദ്രമോദിക്കൊപ്പമുളള ഇയാളുടെ ചിത്രം വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകരെ കാറോടിച്ച് കയറ്റി കൊലപ്പെടുത്തിയ സംഭവം രാജ്യമെമ്പാടും ബിജെപിക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് കേന്ദമന്ത്രി അജയ് മിശ്രക്കെതിരെ പ്രതിഷേധിക്കാന്‍ വന്ന കര്‍ഷകര്‍ മന്ത്രിയെ കാണാതെ മടങ്ങുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ മകന്‍ ആശിഷ് മിശ്രയുടെ കാര്‍ കര്‍ഷകര്‍ക്കിടയിലേക്ക് ഓടിച്ച് കയറ്റിയത്.


നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും ഈ സംവത്തില്‍ മരിക്കുകയും രണ്ട് ബിജെപി പ്രവര്‍ത്തകരും കാറിന്റെ ഡ്രൈവറും കൊല്ലുപ്പെടുകയും ചെയ്തിരുന്നു. വാഹനത്തിനെതിരെ കല്ലേറുണ്ടായി നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം നടന്നതെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ ന്യായീകരിച്ചത്. എന്നാല്‍ കാര്‍ കര്‍ഷകര്‍ക്കിടയിലേക്ക് ഓടിച്ച് കയറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ബിജെപിയുടെ വാദം പൊളിഞ്ഞു.

ബിജെപി സര്‍ക്കാരുകളെ വെല്ലുവിളിച്ച് കൊണ്ട് മുസാഫര്‍നഗറിലും, കര്‍ണാലിലുമുള്‍പ്പെടെ 16 ഇടങ്ങളില്‍ സംയുക്ത കിസാന്‍ മോര്‍ച്ച മഹാപഞ്ചായത്ത് നടത്തി. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് ശക്തി പകരാന്‍ രൂപീകരിച്ച 'ഉത്തര്‍പ്രദേശ് ഉത്തരാഖണ്ഡ് മിഷന്‍' കഴിഞ്ഞ ബിജെപി സര്‍ക്കാരുകളെ വിറപ്പിച്ചിരുന്നു.


റോഡ് തടഞ്ഞും ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചും സര്‍ക്കാരുകള്‍ മഹാപഞ്ചായത്തുകള്‍ക്ക് തടയിടാന്‍ ശ്രമിച്ചെങ്കിലും തടസ്സങ്ങളെ മറികടന്ന് പതിനായിരക്കണക്കിന് കര്‍ഷകരാണ് മഹാപഞ്ചായത്തുകളിലേക്ക് ഒഴുകിയത്. കര്‍ണാലില്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്ത മഹാപഞ്ചായത്ത് വന്‍വിജയമാകുമെന്ന ഘട്ടമെത്തിയപ്പോള്‍ അനുനയ നീക്കങ്ങളുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.

2020 ജൂണില്‍ ഓര്‍ഡിനന്‍സുകളായി കൊണ്ടുവന്ന മൂന്ന് കര്‍ഷക വിരുദ്ധ, കോര്‍പ്പറേറ്റ് അനുകൂല നിയമങ്ങളും റദ്ദാക്കുമെന്ന് മോദിയുടെ പ്രഖ്യാപനം സംയുക്ത കിസാന്‍ മോര്‍ച്ച സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം, പാര്‍ലമെന്റ് നടപടി ക്രമങ്ങളിലൂടെ പ്രഖ്യാപനം പ്രാബല്യത്തില്‍ വരുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും നേതാക്കള്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പിടിവാശി മൂലം 700 ഓളം കര്‍ഷകര്‍ രക്തസാക്ഷികളായെന്ന് കിസാന്‍ മോര്‍ച്ച അനുസ്മരിച്ചു. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഇടിച്ച് കൊന്ന സംഭവത്തിലും കിസാന്‍ സഭ പ്രതിഷേധം അറിയിച്ചു.


കര്‍ഷകരുടെ പ്രക്ഷോഭം കേവലം മൂന്ന് വിവാദ നിയമങ്ങള്‍ പിന്‍വലിക്കാന്‍ വേണ്ടി മാത്രമല്ല, എല്ലാ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കും എല്ലാ കര്‍ഷകര്‍ക്കും ആദായകരമായ വിലയുടെ നിയമപരമായ ഉറപ്പിന് വേണ്ടി കൂടിയാണെന്നും എസ്‌കെഎം പ്രധാനമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നു. കര്‍ഷകരുടെ ഈ സുപ്രധാന ആവശ്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വൈദ്യുതി നിയമ ഭേദഗതി ബില്‍ പിന്‍വലിക്കലും അങ്ങനെ തന്നെ. എല്ലാ സംഭവവികാസങ്ങളും എസ്‌കെഎം നീരീക്ഷിക്കുകയും ഉടന്‍ യോഗം ചേരുകയും കൂടുതല്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യുമെന്നും കര്‍ഷക സമര നേതാക്കളായ ബല്‍ബീര്‍ സിംഗ് രാജേവല്‍, ഡോ. ദര്‍ശന്‍ പാല്‍, ഗുര്‍നം സിംഗ് ചാരുണി, ഹന്നന്‍ മൊല്ല, ജഗ്ജിത് സിംഗ് ദല്ലേവാള്‍, ജോഗീന്ദര്‍ സിംഗ് ഉഗ്രഹന്‍, ശിവകുമാര്‍ ശര്‍മ്മ 'കക്കാജി', യുധ്വീര്‍ സിംഗ് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.


ഉത്തര്‍ പ്രദേശും, ഹരിയാനയും ഉള്‍പ്പെടെയുള്ള 5 സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക തീരുമാനമെന്നതും ശ്രദ്ധേയമാണ്. ഗുരുനാനാക്ക് ജയന്തി ദിനത്തില്‍ തന്നെ നിര്‍ണായ പ്രഖ്യാപനം നടത്തിയതിലൂടെ സന്ധിയില്ലാതെ സമര രംഗത്ത് ഉറച്ച് നിന്ന സിഖ് ജനതയെ കൂടെ നിര്‍ത്താമെന്നാണ് മോദി കരുതുന്നത്.

'നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഇത് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് മോദി പറയുന്നു. ഒരാള്‍ പോലും ബുദ്ധിമുട്ടാതിരിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സമരമുഖത്ത് ജീവന്‍ പൊലിഞ്ഞ 658 പേരെ മറന്നു കൊണ്ടാണ് മോദിയുടെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഈ പ്രഖ്യാപനം.

Tags:    

Similar News