'കൂര്‍ത്ത കമ്പിമുനകള്‍, ഫെന്‍സിങ്, ഹെവി മെറ്റല്‍ റോഡ് ബ്ലോക്കുകള്‍'; അതിര്‍ത്തികളില്‍ തുറന്ന ജയിലുകള്‍ തീര്‍ത്ത് കേന്ദ്രം (വീഡിയോ)

ഹെവി മെറ്റര്‍ റോഡുകളും കോണ്‍ക്രീറ്റും ഫെന്‍സിങ് വയറുകളും സ്ഥാപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Update: 2021-02-03 05:46 GMT

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ നേരിടാന്‍ തലസ്ഥാന നഗരിയുടെ അതിര്‍ത്തികളില്‍ തുറന്ന ജയിലുകള്‍ തീര്‍ത്ത് ബിജെപി ഭരണകൂടം. ഗാസിപൂര്‍, സിംഘു, തിക്രി അതിര്‍ത്തികള്‍ക്ക് ചുറ്റും കോണ്‍ക്രീറ്റ് തടസ്സങ്ങള്‍ നിര്‍മിച്ച് കര്‍ഷകരെ ഉപരോധിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.

റോഡിന് കുറുകെ ആറടി ഉയരമുള്ള ബാരിക്കേഡുകള്‍ വച്ച് അതിന്റെ മുന്നില്‍ മൂര്‍ച്ചയുള്ള കമ്പി മുനകള്‍ സ്ഥാപിച്ചിരിക്കുകയാണ് ഡല്‍ഹി പോലിസ്. ബാരിക്കേഡുകള്‍ക്കിടയില്‍ കോണ്‍ക്രീറ്റ് ചുവരുകള്‍ തീര്‍ത്ത് സ്ഥിരമായ തടസ്സമാണ് പോലിസ് തീര്‍ത്തിരിക്കുന്നത്. ഹെവി മെറ്റര്‍ റോഡുകളും കോണ്‍ക്രീറ്റും ഫെന്‍സിങ് വയറുകളും സ്ഥാപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

തിക്രി അതിര്‍ത്തിയില്‍ അഞ്ച് പാളികളായുള്ള(five layer) സുരക്ഷാ സംവിധാനമാണ് പോലിസ് സജ്ജമാക്കിയിട്ടുള്ളത്. പ്രതിഷേധ സ്ഥലത്ത് പ്രധാന വേദിക്ക് തൊട്ടുപിന്നില്‍ ആരംഭിക്കുന്ന ബാരിക്കേഡുകള്‍ മീറ്ററുകള്‍ ഇടവിട്ട് അഞ്ചിടങ്ങളിലാണ് ഒരുക്കിയിട്ടുള്ളത്. ആദ്യത്തെ തടസ്സം രണ്ട് പാളികളുള്ള ഇരുമ്പ് ബാരിക്കേഡുകള്‍ ഉള്‍ക്കൊള്ളുന്നു. അതിനുശേഷം, സിമന്റ് ബാരിക്കേഡുകള്‍, അതിനപ്പുറം റോഡ് കുഴിച്ച് ഇരുമ്പ് ആണികള്‍ സ്ഥാപിച്ചിട്ടുണ്ട്. നാലാമത്തെ ലെയറായി വലിയ ട്രെയിലറുകളും ഡമ്പറുകളും. ഒടുവില്‍, ഒരു കൂട്ടം ഇരുമ്പ് ബാരിക്കേഡുകളും സ്ഥാപിച്ച് സമരക്കാരെ ഉപരോധിച്ചിരിക്കുകയാണ് പോലിസ്. 'ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ജനുവരി 28 ന് ഉത്തര്‍പ്രദേശ് പോലിസ് ഗാസിപൂര്‍ അതിര്‍ത്തിയില്‍ സമരക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പ്രക്ഷോഭം ശക്തമായിരിക്കുകയാണ്. ഇതോടെയാണ് പോലിസ് സ്ഥിരമായ ബാരിക്കേഡുകള്‍ സ്ഥാപിച്ചത്. ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടികായത്തിന്റെ വൈകാരിക പ്രസംഗം കര്‍ഷകരുടെ പ്രതിഷേധത്തിന് പുതിയ ജീവന്‍ നല്‍കിയിരുന്നു. ഇതോടെ യുപി അതിര്‍ത്തി പ്രദേശങ്ങളില്‍ പതിനായിരങ്ങളാണ് സംഘടിച്ചത്. പ്രക്ഷോഭകര്‍ തെരുവ് കീഴടക്കിയതോടെ പോലിസ് ഒഴിപ്പിക്കല്‍ നടപടിയില്‍ നിന്ന് പിന്‍വാങ്ങി.

ഹിന്ദുത്വ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഭീഷണികള്‍ക്കും ആക്രമണങ്ങള്‍ക്കുമിടയില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് ഹരിയാന, പഞ്ചാബ്, പടിഞ്ഞാറന്‍ യുപി അതിര്‍ത്തികളില്‍ സംഘടിച്ചത്.

Tags:    

Similar News