ഡല്‍ഹിയിലെ കര്‍ഷക സമരം 10ാം ദിവസത്തിലേക്ക്: ഇന്ന് വീണ്ടും ചര്‍ച്ച; തലസ്ഥാനത്തേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് രാജസ്ഥാനിലെ കര്‍ഷകര്‍

കര്‍ഷക വിരുദ്ധമായ മൂന്നു നിയമങ്ങളും ഉപാധികളില്ലാതെ പിന്‍വലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് കര്‍ഷക നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇന്നു വീണ്ടും ചര്‍ച്ച നടക്കുന്നത്.

Update: 2020-12-05 05:28 GMT

ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പഞ്ചാബിലെ കര്‍ഷ സമൂഹം ഡല്‍ഹിയില്‍ നടത്തുന്ന സമരം പത്താം ദിവസത്തിലേക്ക് കടന്നു. അതിശൈത്യവും കൊവിഡ് മാഹമാരിയും അവഗണിച്ച് സ്ത്രീകളും വൃദ്ധരും ഉള്‍പ്പടെയുള്ള പഞ്ചാബി കര്‍ഷകര്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാകുകയാണ്. ഡല്‍ഹിയുടെ അതിര്‍ത്തികള്‍ ഒന്നൊന്നായി പ്രക്ഷോഭകര്‍ കൈയടക്കുന്ന കാഴ്ചയ്ക്കാണ് രാജ്യതലസ്ഥാനം സാക്ഷിയാകുന്നത്. രാജ്യവ്യാപകമായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കാന്‍ കര്‍ഷക നേതാക്കള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനിടെ, കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള അഞ്ചാംവട്ട ചര്‍ച്ച ഇന്ന് നടക്കും.


ചര്‍ച്ചക്ക് മുന്നോടിയായി അഭ്യന്തര വകുപ്പു മന്ത്രി അമിത്ഷാ, കാര്‍ഷിക വകുപ്പു മന്ത്രി നരേന്ദ്ര സിങ് തോമാര്‍, പ്രതിരോധ വകുപ്പു മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലെത്തി. കര്‍ഷക വിരുദ്ധമായ മൂന്നു നിയമങ്ങളും ഉപാധികളില്ലാതെ പിന്‍വലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് കര്‍ഷക നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇന്നു വീണ്ടും ചര്‍ച്ച നടക്കുന്നത്. ഇന്നത്തെ ചര്‍ച്ചയില്‍ മൂന്ന് കറുത്ത നിയമങ്ങള്‍ പിന്‍വലിക്കാനും താങ്ങുവില സമ്പ്രദായം തുടരുമെന്ന് രേഖാമൂലം ഉറപ്പു നല്‍കാനും സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് രാജസ്ഥാന്‍ കിസാന്‍ മഹാപഞ്ചായത്ത് പ്രസിഡന്റ് രാംപാല്‍ ജാട്ട് പ്രഖ്യാപിച്ചു.


ഡല്‍ഹിയിലേക്കുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വഴികള്‍ കര്‍ഷകര്‍ കൈയടക്കിയിട്ടുണ്ട്. ഹരിയാനയിലെ സിംഘു, ടിക്രി എന്നിവിടങ്ങള്‍ക്കൊപ്പം ഉത്തര്‍പ്രദേശില്‍ നിന്നുള്ള അതിര്‍ത്തികളും കൈയടക്കുകയാണ് കര്‍ഷകര്‍. ഗാസിയാബാദ്, നോയിഡ ഉള്‍പ്പെടെയുളള അതിര്‍ത്തികളിലേക്കുള്ള പ്രക്ഷോഭകാരികളുടെ ഒഴുക്ക് വന്‍തോതിലാണ് വര്‍ധിച്ചിരിക്കുന്നത്. ഡല്‍ഹിയുടെ അതിര്‍ത്തി പങ്കിടുന്ന ഉത്തര്‍പ്രദേശ്, ഹരിയാന അതിര്‍ത്തികള്‍ പ്രക്ഷോഭകാരികളാല്‍ നിറഞ്ഞു. കുത്തകകള്‍ക്കു വേണ്ടി തയ്യാറാക്കിയ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ 8ന് രാജ്യവ്യാപകമായി ബന്ത് നടത്താന്‍ സമരസമിതി ആഹ്വാനം ചെയ്തിട്ടുണ്ട്.






Tags:    

Similar News