കര്‍ഷക സമരം: ഡല്‍ഹി ലക്ഷ്യമാക്കി വീണ്ടും പതിനായിരങ്ങള്‍; കേന്ദ്രത്തിന്റെ ചര്‍ച്ചക്കുള്ള ക്ഷണം കര്‍ഷക നേതാക്കള്‍ തള്ളി

സമരം കൂടുതല്‍ ശക്തമാകുന്നതിനിടെ പഞ്ചാബില്‍ നിന്നും മുപ്പതിനായിരത്തോളം പേര്‍ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു. 1300ഓളം ട്രാക്ടര്‍ ട്രോളികളും 1000ത്തോളം കാറുകളുമാണ് ഇവര്‍ എത്തുന്നത്.

Update: 2020-12-12 10:47 GMT

ന്യൂഡല്‍ഹി: കര്‍ഷക സമരം അവസാനിപ്പിക്കാന്‍ വീണ്ടും ചര്‍ച്ച ചെയ്യാമെന്ന കേന്ദ്രത്തിന്റെ ക്ഷണം കര്‍ഷക നേതാക്കള്‍ തള്ളി. കര്‍ഷക ദ്രോഹപരമായ മൂന്നു നിയമങ്ങളും പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്ന് കിസാന്‍ മസ്ദൂര്‍ സംഗര്‍ഷ് കമ്മിറ്റി (കെഎംഎസ്‌സി) പ്രഖ്യാപിച്ചു. കര്‍ഷക സമരം പുതിയ ഘട്ടത്തിലേക്കു പ്രവേശിച്ച ഇന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്താന്‍ നേതാക്കളെ ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ഇനി ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് കര്‍ഷക സംഘടനാ നേതാക്കള്‍.


സമരം കൂടുതല്‍ ശക്തമാകുന്നതിനിടെ പഞ്ചാബില്‍ നിന്നും മുപ്പതിനായിരത്തോളം പേര്‍ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു. 1300ഓളം ട്രാക്ടര്‍ ട്രോളികളും 1000ത്തോളം കാറുകളുമാണ് ഇവര്‍ എത്തുന്നത്. അമൃത്്‌സര്‍, ഗുരുദാസ്പൂര്‍, താരന്‍ താരന്‍, ജലന്ധര്‍, ഹോഷിയാര്‍പൂര്‍, ഫിറോസ്പൂര്‍, മോഗ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിഷേധക്കാരാണ് സംഘത്തിലുള്ളത്. റേഷന്‍, കിറ്റുകള്‍, വസ്ത്രങ്ങള്‍, എല്‍പിജി സിലിണ്ടറുകള്‍, ബക്കറ്റുകള്‍ തുടങ്ങിയവയുമായി വാട്ടര്‍പ്രൂഫ് ഷീറ്റുകളാല്‍ മൂടിയ ട്രാക്ടര്‍ ട്രോളികളിലാണ് സംഘത്തിന്റെ യാത്ര. ഡല്‍ഹിയിലെ പ്രതികൂല കാലാവസ്ഥ മറികടക്കാനുള്ള സംവിധാനങ്ങള്‍ ഓരോ വാഹനങ്ങളിലും ഒരുക്കിയിട്ടുണ്ട്.


' ഡല്‍ഹി വിദൂരമല്ല (അബ് ദില്ലി ദുര്‍ നഹി) എന്ന മുദ്രാവാക്യം ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഉയര്‍ത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാറിന് ഞങ്ങളെ ശ്രദ്ധിക്കാമായിരുന്നു. ഇപ്പോള്‍ ഈ യാത്ര തടയാനാവില്ല ' 'കെഎംഎസ്‌സി പ്രസിഡന്റ് സത്‌നം സിംഗ് പന്നു പറഞ്ഞു. പഞ്ചാബില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള പാതകളെല്ലാം സമരക്കാര്‍ കൈയ്യടിക്കിയിട്ടുണ്ട്. പോലീസ് വിന്യാസം കുറവായതിനാല്‍ കര്‍ഷകരുടെ മുന്നേറ്റം തടയില്ലെന്ന് പഞ്ചാബിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമരക്കാരുടെ വാഹനങ്ങളില്‍ ഒരു പരിശോധനയും നടത്തുന്നില്ല. രാജ്യത്ത് എവിടെയും ആളുകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ ഇന്ത്യയിലെ ഭരണഘടന അനുവദിക്കുന്നു, 'ലുധിയാനയിലെ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.


സമരക്കാര്‍ നിറഞ്ഞതു കാരണം പുതുതായി വരുന്നവര്‍ക്ക് ഡല്‍ഹിയിലേക്ക് പ്രവേശിക്കാനാവുമോ എന്നറിയില്ലെന്ന് കെഎംഎസ്‌സി പ്രസിഡന്റ് പറഞ്ഞു. എവിടംവരെയാണോ അവര്‍ക്ക് എത്താനാവുന്നത്, അവിടെ നിര്‍ത്തി സമരത്തില്‍ പങ്കാളികളാകാനാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.




Tags:    

Similar News