കര്‍ഷകസമരം: ഏഴാംവട്ട ചര്‍ച്ചയും പരാജയം; സമരം ശക്തമാക്കും

മഴയും കൊടും തണുപ്പും അവഗണിച്ച് നാല്‍പ്പതാം ദിവസവും സമരം തുടരുന്ന കര്‍ഷക സംഘടനകള്‍ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തീരുമാനത്തിലാണ്.

Update: 2021-01-04 13:13 GMT

ന്യൂഡല്‍ഹി: സമരം ചെയ്യുന്ന കര്‍ഷക സംഘടനാ നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇന്നത്തെ ചര്‍ച്ചയും പരാജയപ്പെട്ടു. കേന്ദ്രവും കര്‍ഷക സംഘടനകളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ ഏഴാംവട്ട ചര്‍ച്ചയിലും തീരുമാനമായില്ല. ഇനി വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടക്കും. താങ്ങുവിലയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയാകാം എന്ന് കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാട് ചര്‍ച്ചയ്ക്കിടെ കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. അതേ സമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനിന്നു.


മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ വ്യക്തമാക്കി. കാര്‍ഷിക മേഖലയിലെ സമഗ്ര പരിഷ്‌കരണത്തിന് തുടക്കം കുറിക്കുന്നതാണ് പുതിയ നിയമങ്ങള്‍ എന്ന വാദം മന്ത്രി ആവര്‍ത്തിച്ചു. കഴിഞ്ഞ പ്രാവശ്യം കര്‍ഷക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയത് നാലിന അജണ്ട മുന്‍നിര്‍ത്തിയാണ്. ഇതില്‍ രണ്ട് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തിരുന്നു. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് തീരുമാനത്തില്‍ കര്‍ഷകര്‍ ഉറച്ചനില്‍ക്കുകയാണ്. പ്രതികൂല കാലാവസ്ഥയും മഴയും കൊടും തണുപ്പും അവഗണിച്ച് നാല്‍പ്പതാം ദിവസവും സമരം തുടരുന്ന കര്‍ഷക സംഘടനകള്‍ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തീരുമാനത്തിലാണ്. റിപബ്ലിക് ദിനത്തില്‍ സമാന്തര പരേഡ് അടക്കമുള്ളവ നടത്താന്‍ കര്‍ഷകര്‍ ആലോചിക്കുന്നുണ്ട്. ആറാം തീയതി ട്രാക്ടര്‍ റാലി നടത്തുമെന്നും കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.




Tags:    

Similar News