അഞ്ചാംഘട്ട വോട്ടെടുപ്പ്: 46 ശതമാനം ബിജെപി സ്ഥാനാര്‍ഥികളും ക്രിമിനല്‍ കേസില്‍ പ്രതികള്‍

അഞ്ചാംഘട്ടത്തില്‍ മല്‍സരിക്കുന്ന 668 സ്ഥാനാര്‍ഥികളെ വിശകലനം ചെയ്തപ്പോള്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവര്‍ കൂടുതലും ബിജെപിയില്‍നിന്നുള്ളവരാണെന്നാണ് വ്യക്തമായിരിക്കുന്നത്. മല്‍സരിക്കുന്ന 48 ബിജെപി സ്ഥാനാര്‍ഥികളില്‍ 22 പേര്‍ക്കെതിരേയാണ് കുറ്റകൃത്യങ്ങള്‍ ചുമത്തിയിട്ടുള്ളതെന്ന് നാമനിര്‍ദേശ പത്രികയില്‍നിന്ന് വ്യക്തമാവുന്നു.

Update: 2019-05-02 05:18 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്ന ബിജെപി സ്ഥാനാര്‍ഥികളില്‍ 46 ശതമാനം പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് റിപോര്‍ട്ട്. അഞ്ചാംഘട്ടത്തില്‍ മല്‍സരിക്കുന്ന 668 സ്ഥാനാര്‍ഥികളെ വിശകലനം ചെയ്തപ്പോള്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവര്‍ കൂടുതലും ബിജെപിയില്‍നിന്നുള്ളവരാണെന്നാണ് വ്യക്തമായിരിക്കുന്നത്. മല്‍സരിക്കുന്ന 48 ബിജെപി സ്ഥാനാര്‍ഥികളില്‍ 22 പേര്‍ക്കെതിരേയാണ് കുറ്റകൃത്യങ്ങള്‍ ചുമത്തിയിട്ടുള്ളതെന്ന് നാമനിര്‍ദേശ പത്രികയില്‍നിന്ന് വ്യക്തമാവുന്നു. നാഷനല്‍ ഇലക്ഷന്‍ വാച്ച് ആന്റ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആര്‍) ആണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.


 പാര്‍ട്ടി തിരിച്ചുള്ള സ്ഥാനാര്‍ഥികളുടെ കണക്ക് ചുവടെ. ബ്രാക്കറ്റില്‍ ശതമാനം. 45 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ 14 പേര്‍ (31), 33 ബിഎസ്പി സ്ഥാനാര്‍ഥികളില്‍ 9 പേര്‍ (27), സമാജ്‌വാദി പാര്‍ട്ടിയിലെ 9 മല്‍സരാര്‍ഥികളില്‍ ഏഴുപേര്‍ (78), 11 സിപിഎം സ്ഥാനാര്‍ഥികളില്‍ അഞ്ച് പേര്‍ (46), മൂന്ന് സിപിഐ സ്ഥാനാര്‍ഥികളില്‍ ഒരാള്‍ (33), സ്വതന്ത്രസ്ഥാനാര്‍ഥികളായി മല്‍സരിക്കുന്ന 252 പേരില്‍ 26 പേര്‍ (10) എന്നിങ്ങനെയാണ് ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍.

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട സ്ഥാനാര്‍ഥികളുടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ബിജെപി- 19, കോണ്‍ഗ്രസ്- 13, ബിഎസ്പി- 7, എസ്പി- 7, സ്വതന്ത്രര്‍- 18, സിപിഎം- 2, സിപിഐ (എംഎല്‍) (എല്‍)-2 തുടങ്ങിയവരാണ് മേല്‍പ്പറഞ്ഞ ഗണത്തില്‍പ്പെട്ടവര്‍.

അഞ്ചാംഘട്ടത്തില്‍ മല്‍സരിക്കുന്ന 668 സ്ഥാനാര്‍ഥികളില്‍ 126 (19 ശതമാനം) പേര്‍ക്കെതിരേയും ക്രിമിനല്‍ കേസുകളുണ്ട്. അഞ്ചാംഘട്ട വോട്ടെടുപ്പില്‍ ആകെ 674 പേരാണ് മല്‍സരരംഗത്തുള്ളത്. ഇതില്‍ 668 പേരുടെ വിവരങ്ങളാണ് വിശകലനം ചെയ്തത്. 668 സ്ഥാനാര്‍ഥികളില്‍ 95 (14 ശതമാനം) പേരും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. ഇതില്‍ ആറുപേര്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, കൊലപാതകം, തട്ടിക്കൊണ്ടുപോവല്‍, വധശ്രമം എന്നീ കുറ്റകൃത്യങ്ങളില്‍ പ്രതികളാണിവര്‍. മൂന്ന് മല്‍സരാര്‍ഥികള്‍ കൊലപാതകക്കുറ്റം ചുമത്തപ്പെട്ടവരാണ്. 21 സ്ഥാനാര്‍ഥികള്‍ക്കെതിരേ വധശ്രമക്കുറ്റവും ചുമത്തിയിട്ടുണ്ട്. അഞ്ച് സ്ഥാനാര്‍ഥികള്‍ തട്ടിക്കൊണ്ടുപോവല്‍, തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തല്‍ എന്നീ കേസുകളിലും പ്രതികളായിട്ടുണ്ട്.

ഒമ്പത് സ്ഥാനാര്‍ഥികള്‍ക്കെതിരേ സ്ത്രീകള്‍ക്കെതിരായ അതിക്രമം, ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളോ ആക്രമിക്കുക, വാക്കുകളിലൂടെയോ ആംഗ്യങ്ങളിലൂടെയോ അവരുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുക, സ്ത്രീയുടെ സമ്മതമില്ലാതെ ശാരീരികപീഡനത്തിനിരയാക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്യുക എന്നീ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. ഇവരില്‍ രണ്ടുപേര്‍ക്കെതിരേ ബലാല്‍സംഗക്കേസും അഞ്ചുപേര്‍ക്കെതിരേ അപകീര്‍ത്തികരമായ പ്രസംഗം നടത്തിയതിനും കേസുകളുണ്ട്. ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍പ്പെട്ടവര്‍ക്കെതിരേ അഞ്ചുവര്‍ഷമോ അതിന് മുകളിലോ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇത്തവണ 51 ലോക്‌സഭാ മണ്ഡലങ്ങളില്‍ 20 എണ്ണവും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന മണ്ഡലങ്ങളാണ്. മൂന്നോ അതിലധികമോ മല്‍സരാര്‍ഥികള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ മണ്ഡലങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 

Tags:    

Similar News