ത്രിപുരയില്‍ വിധിയെഴുത്ത്; പോളിങ് ആരംഭിച്ചു

Update: 2023-02-16 02:16 GMT

അഗര്‍ത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള വോട്ടിങ് ആരംഭിച്ചു. രാവിലെ ഏഴിനാണ് പോളിങ് ആരംഭിച്ചത്. 60 മണ്ഡലങ്ങളില്‍ 259 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്ന പോരാട്ടത്തില്‍ ബിജെപി- ഐപിഎഫ്ടി സഖ്യവും സിപിഎം- കോണ്‍ഗ്രസ് സഖ്യവും തമ്മിലാണു പ്രധാന മത്സരം. ത്രിപുര രാജകുടുംബാംഗം പ്രദ്യോത് ദേബ്ബര്‍മന്‍ നയിക്കുന്ന തിപ്ര മോത്ത പാര്‍ട്ടി ഗോത്രമേഖലകളില്‍ നിര്‍ണായക ശക്തിയാണ്. ബിജെപി 55 സീറ്റിലും സഖ്യകക്ഷിയായ ഐപിഎഫ്ടി അഞ്ചിലും മല്‍സരിക്കുന്നു.

സിപിഎം 47 സീറ്റിലും കോണ്‍ഗ്രസ് 13ലുമാണ് മത്സരിക്കുന്നത്. 42 സീറ്റിലാണ് തിപ്ര മോത്തയ്ക്കു സ്ഥാനാര്‍ഥികളുള്ളത്. മുഖ്യമന്ത്രി മണിക് സാഹ ടൗണ്‍ ബോര്‍ദോവാലി മണ്ഡലത്തിലും, കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് ധന്‍പുരിലും മല്‍സരിക്കുന്നു. സിപിഎം- കോണ്‍ഗ്രസ് സഖ്യം വിജയിച്ചാല്‍ മുഖ്യമന്ത്രിയാവുമെന്ന് കരുതപ്പെടുന്ന സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, സാബ്രൂം മണ്ഡലത്തിലാണു ജനവിധി തേടുന്നത്. 28.13 ലക്ഷം വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. മാര്‍ച്ച് രണ്ടിന് ഫലം പ്രഖ്യാപിക്കും.

Tags:    

Similar News