മുംബൈ: തുടര്‍ച്ചയായ മഴയില്‍ റെയില്‍പാതകളില്‍ വെള്ളം കയറിയതോടെ കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. മേഖലയില്‍ പലയിടങ്ങളിലും വെള്ളപ്പൊക്കമാണ്. രത്‌നഗരി റായ്ഗഡ് ജില്ലകളില്‍ പ്രധാന നദികളെല്ലാം കരകവിഞ്ഞു. ദീര്‍ഘദൂര ട്രെയിനുകളടക്കം റദ്ദ് ചെയ്തു.
വിവിധ സ്‌റ്റേഷനുകളിലായി ആറായിരം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റെയില്‍വേ അറിയിക്കുന്നു. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മുംബൈഗോവ ദേശീയപാത അടച്ചു. ചിപ്ലൂണ്‍ പ്രദേശത്ത് മാര്‍ക്കറ്റ്, ബസ് സ്‌റ്റേഷന്‍, റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങിയവയെല്ലാം വെള്ളത്തില്‍ മൂങ്ങിയ നിലയിലാണ്. ചിപ്ലുണിനും കാമാത്തെ സ്‌റ്റേഷനുകള്‍ക്കുമിടയിലുള്ള വസിഷ്ഠി നദിയിലെ പാലത്തില്‍ ജലനിരപ്പ് അപകടനിരക്കിനു മുകളിലെത്തി. ദുരന്ത ബാധിത പ്രദേശങ്ങളിലെല്ലാം ദുരന്തിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.
ഇതുവരെ ഒന്‍പത് ട്രെയിനുകള്‍ക്കാണു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ട്രെയിനുകള്‍ റൂട്ട് മാറ്റി വിടുകയോ, താല്‍ക്കാലികമായി റദ്ദാക്കുകയോ ആണു ചെയ്തിട്ടുള്ളത്. ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളിലെ സുരക്ഷിത സ്ഥലങ്ങളിലാണെന്നും അവയിലെ യാത്രക്കാര്‍ സുരക്ഷിതരാണെന്നും ഭക്ഷണവും വെള്ളവും നല്‍കുന്നുണ്ടെന്നും കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ പറഞ്ഞു.