നാല് സുപ്രിംകോടതി ജഡ്ജിമാര്‍ക്കും 400 ലധികം പാര്‍ലമെന്റ് ജീവനക്കാര്‍ക്കും കൊവിഡ്
ജനുവരി 6, 7 തിയ്യതികളിലായി പാര്‍ലമെന്റില്‍ ജോലിചെയ്തിരുന്ന ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് പരിശോധന നടത്തിയിരുന്നു. ഇതില്‍ 402 ഓളം ആളുകളുടെ പരിശോധനാ ഫലം പോസിറ്റീവാണ്. പാര്‍ലമെന്റ്
ന്യൂഡല്‍ഹി: രജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം അതിതീവ്രമാവുന്നു. സുപ്രിംകോടതിയിലും പാര്‍ലമെന്റിലും കൊവിഡ് ബാധ സ്ഥിരീകരിച്ചു. നാല് സുപ്രിംകോടതി ജഡ്ജിമാര്‍ക്കും 400 ലധികം പാര്‍ലമെന്റ് ജീവനക്കാര്‍ക്കുമാണ് കൊവിഡ് ബാധിച്ചത്. ജഡ്ജിമാരില്‍ രണ്ടു പേര്‍ക്ക് വ്യാഴാഴ്ചയാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. രണ്ടുജഡ്ജിമാര്‍ക്ക് കൂടി ഞായറാഴ്ച പോസിറ്റീവാകുകയായിരുന്നു. സുപ്രിംകോടതിയിലെ എല്ലാ ജീവനക്കാര്‍ക്കും കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ഏതാണ് 150 ഓളം പേര്‍ ക്വാറന്റൈനില്‍ കഴിയാണ്.
കൊവിഡ് കേസുകളുടെ കുതിച്ചുചാട്ടത്തെത്തുടര്‍ന്ന് അടുത്ത ആറ് ആഴ്ചത്തേക്ക് സുപ്രിംകോടതിയില്‍ നേരിട്ടുള്ള വാദം കേള്‍ക്കല്‍ ചീഫ് ജസ്റ്റിസ് ഒഴിവാക്കിയിരുന്നു. രണ്ടാഴ്ച ഡിജിറ്റല്‍ ഹിയറിങ്ങായിരിക്കും നടത്തുക. ജനുവരി 7 മുതല്‍ ജോലിസ്ഥലങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ബെഞ്ചുകള്‍ ചേരാനാണ് തീരുമാനം. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള മൊത്തം 32 ജഡ്ജിമാരില്‍ നാലുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ജാഗ്രതയിലാണുള്ളത്. കോടതി കോംപൗണ്ടിനുള്ളിലെ പോസിറ്റീവിറ്റി നിരക്ക് 12.5 ശതമാനമാണ്.
ജനുവരി 6, 7 തിയ്യതികളിലായി പാര്‍ലമെന്റില്‍ ജോലിചെയ്തിരുന്ന ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് പരിശോധന നടത്തിയിരുന്നു. ഇതില്‍ 402 ഓളം ആളുകളുടെ പരിശോധനാ ഫലം പോസിറ്റീവാണ്. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗവ്യാപനം സ്ഥിരീകരിച്ചത്. ജനുവരി 4 മുതല്‍ 8 വരെയാണ് പാര്‍ലമെന്റിലെ 1,409 സ്റ്റാഫുകളില്‍ 402 സ്റ്റാഫ് അംഗങ്ങള്‍ക്ക് കൊവിഡ് ബാധ സ്ഥികരീകരിച്ചത്. ഇവരുടെ സാംപിളുകള്‍ ഒമിക്രോണ്‍ ബാധ കണ്ടെത്തുന്നതിനായി ജീനോം സീക്വന്‍സിങ്ങിന് അയച്ചതായി ഉദ്യോഗസ്ഥര്‍ എഎന്‍ഐയോട് പറഞ്ഞു.
സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി മുന്‍കരുതലുകള്‍ പാലിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശമുണ്ട്. പാര്‍ലമെന്റ് പരിസരത്തിന് പുറത്ത് കൊവിഡ് പരിശോധന നടത്തിയവരെ മേല്‍പ്പറഞ്ഞ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജോലിക്കിടെ രോഗബാധിതരായ സഹപ്രവര്‍ത്തകരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും നിരവധി ജീവനക്കാരെ ഐസൊലേഷനില്‍ ആക്കി.
ലോക്‌സഭയിലെയും രാജ്യസഭയിലെയും വിവിധ ഉദ്യോഗസ്ഥരും ഐസൊലേഷനിലാണ്. ആരോഗ്യമേഖലയിലുള്ളവര്‍ക്കും കൊവിഡ് രൂക്ഷമാണ്. മഹാരാഷ്ട്രയില്‍ മാത്രം 250ലേറെ ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 327 കോവിഡ് മരണങ്ങളും രാജ്യത്ത് ഒരു ദിവസത്തിനിടെ റിപോര്‍ട്ട് ചെയ്തു. രാജ്യത്തെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.21 ശതമാനമാണ്. 5,90,611 സജീവ രോഗികളാണ് നിലവിലുള്ളത്. 40,863 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 3,623 ഒമിക്രോണ്‍ കേസുകളും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 1,409 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുമുണ്ട്.