രാജ്യത്തെ ഹൈക്കോടതികളില്‍ 411 ജഡ്ജിമാരുടെ ഒഴിവുകള്‍; കൂടുതല്‍ അലഹബാദില്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഹൈക്കോടതികളില്‍ 411 ജഡ്ജിമാരുടെ ഒഴിവുകള്‍. അലഹബാദ് ഹൈക്കോടതിയിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സിക്കിം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഹൈക്കോടതി ജഡ്ജിമാരുടെ ഒഴിവുകളൊന്നും തന്നെയില്ല. കേരള ഹൈക്കോടതിയില്‍ 8 ജഡ്ജിമാരുടെ ഒഴിവുകളാണുള്ളത്. കേന്ദ്ര നിയമമന്ത്രാലയമാണ് ഇതുസംബന്ധിച്ച റിപോര്‍ട്ടുകള്‍ പുറത്തുവിട്ടത്. കണക്കുകള്‍ വന്നതിന് പിന്നാലെ മൂന്ന് ഹൈക്കോടതികളിലായി 16 ജഡ്ജിമാരുടെ നിയമനം പൂര്‍ത്തിയാക്കി നിയമമന്ത്രാലയം ഉത്തരവിറക്കി.
രാജ്യത്തെ എല്ലാ ഹൈക്കോടതികളിലുമായി 1,098 ജഡ്ജിമാരെയാണ് ആകെ ആവശ്യമുള്ളത്. ഇതില്‍ 829 പേര്‍ സ്ഥിരം ജഡ്ജിമാരും 269 പേര്‍ അഡീഷനല്‍ ജഡ്ജിമാരുമാണ്. എന്നാല്‍, നിലവില്‍ 687 ജഡ്ജിമാരാണ് സ്ഥാനത്തുള്ളത്. 67 ജഡ്ജിമാരുടെ ഒഴിവോടെ അലഹബാദ് ഹൈക്കോടതിയാണ് നിയമനകാര്യത്തില്‍ ഏറ്റവും പിന്നിലുള്ളത്. മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതി ജഡ്ജിമാരുടെ ഒഴിവുകള്‍ ഇപ്രകാരമാണ്. ആന്ധ്രാപ്രദേശ്- 17, ബോംബെ- 34, കൊല്‍ക്കത്ത- 33, ഛത്തീസ്ഗഢ്- 9, ഡല്‍ഹി- 30, ഗുവാഹത്തി- 1, ഗുജറാത്ത്- 20, ഹിമാചല്‍പ്രദേശ്- 4, ജാര്‍ഖണ്ഡ്- 5, കര്‍ണാടക- 17, കേരളം- 8, മധ്യപ്രദേശ്- 24, മദ്രാസ്- 15, മണിപ്പൂര്‍- 1, മേഘാലയ- 1, ഒഡീഷ- 9, പട്‌ന- 27, പഞ്ചാബ് ആന്റ് ഹരിയാന- 36, രാജസ്ഥാന്‍- 22, സിക്കിം- 0, തെലങ്കാന- 23, ത്രിപുര- 0, ഉത്തരാഖണ്ഡ്- 4.
നിലവില്‍ 172 നിയമന നിര്‍ദേശങ്ങള്‍ സര്‍ക്കാരും സുപ്രിംകോടതി കൊളീജിയവും ചേര്‍ന്നുള്ള പരിശോധനയുടെ വിവിധ ഘട്ടങ്ങളിലാണ്. ഹൈക്കോടതികളിലെ 239 ഒഴിവുകളുടെ കാര്യത്തില്‍ കൊളീജിയത്തിന്റെ കൂടുതല്‍ ശുപാര്‍ശകള്‍ ഇനിയും ലഭിക്കാനുണ്ട്. വിവിധ ഭരണഘടന സംവിധാനങ്ങളുടെ കൂടിയാലോചനയ്ക്കും അംഗീകാരത്തിനും ശേഷമാണ് നിയമനപ്രക്രിയ പൂര്‍ത്തിയാവുന്നത്. അതേസമയം, ജഡ്ജിമാരുടെ സ്ഥാനക്കയറ്റവും വിരമിക്കലും രാജിയുമടക്കം ഇതിന് ആനുപാതികമല്ലെന്നത് കൊണ്ടാണ് കൂടുതല്‍ ഒഴിവുകളുണ്ടാകുന്നത്. ഒരു ഹൈക്കോടതി ജഡ്ജിയുടെ ഒഴിവ് നികത്തുന്നതിനുള്ള നിര്‍ദ്ദേശം ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഒഴിവ് ഉണ്ടാവുന്നതിന് ആറ് മാസം മുമ്പേ നല്‍കേണ്ടതുണ്ട്.
എന്നാല്‍, ആ സമയക്രമവും പലപ്പോഴും ഹൈക്കോടതികള്‍ പാലിക്കാറില്ല. ഈ സാഹചര്യത്തിലാണ് കേരള ഹൈക്കോടതിയിലെ 8 ജഡ്ജിമാരുടെയടക്കം രാജ്യത്ത് 411 ജഡ്ജിമാരുടെ ഒഴിവുണ്ടായതെന്നാണ് വിലയിരുത്തല്‍. ഹൈക്കോടതി ജഡ്ജിമാരുടെ അംഗീകൃത അംഗസംഖ്യ 2014ല്‍ 906 ആയിരുന്നത് 2021ല്‍ 1098 ആയി ഉയര്‍ന്നു. എന്നിരുന്നാലും, കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് ഹൈക്കോടതികളിലെ ജഡ്ജിമാരുടെ കുറവ് മാത്രമല്ല, മറ്റ് പല ഘടകങ്ങളും കാരണമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. സമയബന്ധിതമായി ഒഴിവുകള്‍ വേഗത്തില്‍ നികത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു ലോക്‌സഭയെ അറിയിച്ചു.