ഇന്ത്യ വംശഹത്യയുടെ കൊടുമുടിയില്‍, ഇരയാവുന്നത് 20 കോടി മുസ്‌ലിംകള്‍; മുന്നറിയിപ്പുമായി വംശഹത്യ വാച്ച് സ്ഥാപകന്‍

20 കോടി മുസ്‌ലിംകളുടെ 'വംശഹത്യ'യ്ക്ക് ഇന്ത്യ തയ്യാറെടുക്കുകയാണ്. മുസ്‌ലിംകള്‍ക്കെതിരായ പീഡനം കശ്മീരിന്റെ സ്വയംഭരണാധികാരം അവസാനിപ്പിക്കുന്നതില്‍ എത്തിനില്‍ക്കുന്നു.

Update: 2022-09-07 06:01 GMT

വാഷിങ്ടണ്‍: ഇന്ത്യ വംശഹത്യയുടെ കൊടുമുടിയിലാണെന്ന മുന്നറിയിപ്പുമായി ജെനോസൈഡ് വാച്ച് എന്ന ലോകപ്രശസ്ത മനുഷ്യാവകാശ സംഘടനയുടെ സ്ഥാപകന്‍ പ്രഫ. ഗ്രിഗറി എച്ച് സ്റ്റാന്റണ്‍ വീണ്ടും രംഗത്ത്. മുസ്‌ലിം സമുദായത്തിനെതിരേ നടക്കുന്ന വേട്ടയാടലോടെ ഇന്ത്യ വംശഹത്യയുടെ എട്ടാം ഘട്ടത്തിലെത്തിനില്‍ക്കുകയാണെന്ന് അദ്ദേഹം മുമ്പും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐഎസ്എന്‍എ) വാര്‍ഷിക കണ്‍വന്‍ഷനില്‍ ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ (ഐഎഎംസി) സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയിലാണ് ഡോ. ഗ്രിഗറി സ്റ്റാന്റണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.

20 കോടി മുസ്‌ലിംകളുടെ 'വംശഹത്യ'യ്ക്ക് ഇന്ത്യ തയ്യാറെടുക്കുകയാണ്. പൗരത്വ ഭേദഗതി നിയമം (സിഎഎ), വിദ്വേഷ പ്രസംഗത്തിലൂടെ മുസ്‌ലിംകളെ മനുഷ്യത്വരഹിതമാക്കല്‍, മുസ്‌ലിംകള്‍ക്കെതിരേ ഹിന്ദുത്വര്‍ നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും മറ്റ് കുറ്റകൃത്യങ്ങളും പ്രോസിക്യൂട്ട് ചെയ്യാതിരിക്കല്‍ എന്നിവയെ ഉദ്ധരിച്ചാണ് ചിക്കാഗോയില്‍ ഐഎസ്എന്‍എയുടെ 59ാമത് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്. മുസ്‌ലിംകള്‍ക്കെതിരായ പീഡനം കശ്മീരിന്റെ സ്വയംഭരണാധികാരം അവസാനിപ്പിക്കുന്നതില്‍ എത്തിനില്‍ക്കുന്നു.

മുസ്‌ലിംകളുടെ സ്വത്തുക്കള്‍ പലതും തട്ടിയെടുക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. മുസ്‌ലിംകളെ തടങ്കലുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നു. സ്വന്തം കുടുംബങ്ങളെ കൂട്ടക്കൊല ചെയ്തതിന് സാക്ഷ്യം വഹിക്കേണ്ടിവന്നവരെ സത്യം പുറത്തുപറയാതിരിക്കാന്‍ ഭയപ്പെടുത്തുന്നു. കൊലയാളികളെ കുറ്റവിമുക്തരാക്കുന്ന ശിക്ഷാരഹിതമായ ഒരു അന്തരീക്ഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്- പ്രഫ. ഗ്രിഗറി എച്ച് സ്റ്റാന്റണ്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപിയെ നിയന്ത്രിക്കുന്ന ആര്‍എസ്എസ്സിന്റെ സ്വാധീനത്തെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയിലുടനീളമുള്ള സ്‌കൂളുകള്‍, ട്രേഡ് യൂനിയനുകള്‍, സാംസ്‌കാരിക സംഘടനകള്‍, മതപരമായ ഗ്രൂപ്പുകള്‍ എന്നിവയില്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രം തിരുകിക്കയറ്റുന്നു. രാജ്യത്തുടനീളം ആര്‍എസ്എസ്സും ബജ്‌റംഗ്ദളും ക്യാംപുകള്‍ നടത്തുകയാണ്. അവിടെ ഹിന്ദു ആണ്‍കുട്ടികളെ ഹിന്ദുത്വ പ്രത്യയശാസ്ത്രം പഠിപ്പിക്കുകയും മുസ്‌ലിംകളോട് വെറുപ്പും ഭയവും കുത്തിവയ്ക്കുകയും ചെയ്യുന്നു. ഈ ക്യാംപുകള്‍ക്ക് വിദേശത്തുള്ള ഇന്ത്യക്കാരില്‍ നിന്ന് വലിയ സാമ്പത്തിക സംഭാവനകളാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യ ഡെവലപ്‌മെന്റ് ആന്റ് റിലീഫ് ഫണ്ട് വഴി- ഡോ. സ്റ്റാന്റണ്‍ പറഞ്ഞു.

2002 ലെ ഗുജറാത്ത് വംശഹത്യയുടെ സമയത്ത് അക്രമപരവും വംശഹത്യാപരവുമായ അതിക്രമങ്ങള്‍ക്ക് ആളുകളെ പ്രേരിപ്പിക്കുന്നതില്‍ ബിജെപി വലിയ പങ്കാണ് വഹിച്ചത്. അതുപോലെ കൂടുതല്‍ കൂട്ടക്കൊലകള്‍ക്കുള്ള തയ്യാറെടുപ്പ് ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും ഡോ. സ്റ്റാന്റണ്‍ മുന്നറിയിപ്പ് നല്‍കുന്നു. വംശഹത്യയെക്കുറിച്ച് പഠിക്കുകയും അതിന്റെ 10 ഘട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്ത പ്രമുഖനാണ് മനുഷ്യാവകാശ പ്രവര്‍ത്തകനാണ് സ്റ്റാന്റണ്‍. വംശഹത്യ അടക്കമുള്ള എല്ലാത്തരം കൂട്ടക്കൊലകളും തടയുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സംഘടനയാണ് ജെനോസൈഡ് വാച്ച്.

അമേരിക്കന്‍ വിദേശകാര്യ വകുപ്പിന് വേണ്ടി നടത്തിയ പഠനത്തിലാണ് 1996 ല്‍ ഡോ.ഗ്രിഗറി എച്ച് സ്റ്റാന്റണ്‍ വംശഹത്യയുടെ 10 ഘട്ടങ്ങള്‍ വിശദീകരിച്ചത്. റുവാണ്ടയില്‍ ജോലിചെയ്യുമ്പോള്‍ സ്റ്റാന്റണ്‍, വംശഹത്യയെക്കുറിച്ചുള്ള തന്റെ വിഖ്യാതമായ പഠന റിപോര്‍ട്ട് പുറത്തിറക്കിയത്. ഇതനുസരിച്ച് 10 ഘട്ടങ്ങളായാണ് വംശഹത്യ അരങ്ങേറുന്നതെന്ന് പ്രഫ.സ്റ്റാന്റണ്‍ പറയുന്നു.

1. ഞങ്ങളും നിങ്ങളും എന്ന വേര്‍തിരിവ് ഉണ്ടാക്കുക.

2. അടയാളപ്പെടുത്തല്‍: ഇരയാക്കപ്പെടുന്നവരെ വിദേശികള്‍ എന്ന് മുദ്രകുത്തുക.

3. വിവേചനം കാണിക്കുക: ഇരകളാക്കപ്പെടുന്നവര്‍ക്ക് നിയമപരമായി യാതൊരു അവകാശവും പാടില്ലെന്ന് സ്ഥാപിക്കുക. നിയമപരമായി തന്നെ വിവേചനം നടപ്പാക്കുക.

4. അപമാനവീകരിക്കുക: ഇരകളെ, ശത്രുക്കളെ അപമാനവീകരിക്കുകയെന്നതാണ് ഈ ഘട്ടത്തില്‍ നടക്കുക. ഭീകരരെന്ന് വിളിക്കുക, അപഹസിക്കുക, സമൂഹത്തെ നശിപ്പിക്കുന്നവരാണ് അവരെന്ന് അധിക്ഷേപിക്കുക തുടങ്ങിയവയാണ് ഈ ഘട്ടത്തില്‍ നടക്കുക.

5. പിന്നീടാണ് വംശഹത്യ നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങള്‍ നിലവില്‍ വരുന്നത്. സൈന്യത്തിന്റെ രൂപത്തിലും സര്‍ക്കാര്‍ ഏജന്‍സികളുമെല്ലാം ഇത്തരത്തില്‍ പ്രവര്‍ത്തിക്കാം. ഐക്യരാഷ്ട്ര സഭ പോലുള്ള ഏജന്‍സികള്‍ ഇടപെട്ട് ഉപരോധം അടക്കമുള്ള മാര്‍ഗത്തിലൂടെ വംശഹത്യ തടയേണ്ടത് ഈ ഘട്ടത്തിലാണെന്ന് സ്റ്റാന്റണ്‍ നിര്‍ദേശിക്കുന്നു.

6. ശക്തമായ പ്രചാരണത്തിലൂടെ സമൂഹത്തില്‍ ധ്രൂവികരണമുണ്ടാക്കുകയെന്നതാണ് അടുത്ത ഘട്ടം. വിദ്വേഷപ്രസംഗങ്ങള്‍ വ്യാപകമാവുന്നത് ഈ ഘട്ടത്തിലാണ്.

7. വംശഹത്യയ്ക്കുള്ള തയ്യാറെടുപ്പാണ് ഏഴാമത്തെ ഘട്ടം. ഇവിടെയാണ് ആക്രമിച്ച് ഇല്ലാതാക്കേണ്ട ആളുകളെ കണ്ടെത്തുന്നത്. ഇരകളെ കണ്ടെത്തുകയും അവരെ മതത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തില്‍ മാറ്റി നിര്‍ത്തുകയും ചെയ്യുന്നത് ഈ ഘട്ടത്തിലാണ്.

8. പിന്നീടാണ് പല രീതിയിലുള്ള പീഡനങ്ങള്‍ക്ക് ഇരകളെ വിധേയമാക്കുന്ന ഘട്ടം. കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളിലേക്കും ഗെറ്റോകളിലേക്കും ശത്രുക്കളായി കണക്കാക്കുന്നവരെ മാറ്റുക എന്നതൊക്കെയാണ് ഈ ഘട്ടത്തില്‍ നടക്കുക.

9. ഇരകളെ ഇല്ലാതാക്കുക എന്നതാണ് അടുത്തത്. അതി ശക്തമായ സൈനിക ഇടപെടലിലൂടെ മാത്രമേ ഇതിനെ തടയാന്‍ കഴിയൂ എന്നാണ് സ്റ്റാന്റണ്‍ പറയുന്നത്.

10. ഇതൊക്കെ നിഷേധിക്കുന്നതാണ് അവസാന ഘട്ടം. 1996 ലാണ് സ്റ്റാന്റണ്‍ വംശഹത്യയുടെ പ്രക്രിയയെ സംബന്ധിച്ച് രൂപരേഖ പുറത്തിറക്കിയത്. ആദ്യം എട്ട് ഘട്ടങ്ങളായിരുന്നു അദ്ദേഹം കണ്ടെത്തിയത്. പിന്നീടാണ് രണ്ട് ഘട്ടങ്ങള്‍ കൂടി ചേര്‍ത്തത്.

Tags:    

Similar News