ഹേഗ്: ഗസയില്‍ ഇസ്രായേല്‍ തുടരുന്ന അറുതിയില്ലാത്ത വംശീയ കൂട്ടക്കുരുതിക്കെതിരേ നിയമനടപടിക്കൊരുങ്ങി ദക്ഷിണാഫ്രിക്ക. ഇസ്രായേലിനെതിരേ നടപടികള്‍ ആവശ്യപ്പെട്ട് അന്തര്‍ദേശീയ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് ദക്ഷിണാഫ്രിക്ക ഔപചാരിക നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഗസയില്‍ ഫലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രായേല്‍, 'വംശഹത്യക്കുറ്റം തടയലും ശിക്ഷയും' സംബന്ധിച്ച കണ്‍വന്‍ഷന്‍ ഉടമ്പടികള്‍ നഗ്‌നമായി ലംഘിക്കുകയാണ്. ഇക്കാര്യത്തില്‍ ഇസ്രായേലിനെതിരേ നടപടികള്‍ വേണമെന്നാണ് അന്തര്‍ദേശീയ കോടതി മുമ്പാകെ ദക്ഷിണാഫ്രിക്ക നല്‍കിയ അപേക്ഷയിലെ ആവശ്യം.
വിശാല ഫലസ്തീന്‍ ദേശത്തിന്റെ ഭാഗമായ ഗസയിലെ ഫലസ്തീനികളെ നശിപ്പിക്കുകയെന്ന കൃത്യമായ ഉദ്ദേശ്യത്തോടെ, വംശീയ ഉന്മൂലന സ്വഭാവത്തിലുള്ള പ്രവൃത്തികളും അതിക്രമങ്ങളുമാണ് ഇസ്രായേല്‍ നടത്തുന്നതെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നതായി അന്തര്‍ദേശീയ കോടതി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഭരണകൂട സംവിധാനങ്ങളിലൂടെയും ഏജന്‍സികളിലൂടെയും വ്യക്തികളിലൂടെയും ഫലസ്തീനികളെ സ്വാധീനിക്കാനും പരിപൂര്‍ണ നിയന്ത്രണത്തിലാക്കാനുമുള്ള ഇസ്രായേലിന്റെ ചെയ്തികള്‍ വംശഹത്യയുമായി ബന്ധപ്പെട്ട കണ്‍വന്‍ഷന്‍ ഉടമ്പടികളുടെ ലംഘനമാണെന്ന് അപക്ഷയിലുള്ളതായും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. വംശഹത്യ തടയുന്നതില്‍ പരാജയപ്പെട്ട ഇസ്രായേലിനെ കുറ്റപ്പെടുത്തുന്ന ദക്ഷിണാഫ്രിക്ക, വീണ്ടും വീണ്ടും ഫലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ നടപടിയെ ശക്തമായി അപലപിച്ചു.
ഇസ്രായേല്‍ തുടരുന്ന അതികഠിനവും അപരിഹാര്യവുമായ അതിക്രമങ്ങളില്‍ നിന്ന് ഫലസ്തീന്‍ ജനതയെ സംരക്ഷിക്കുന്ന താല്‍ക്കാലിക നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും അന്തര്‍ദേശീയ കോടതിയോട് ദക്ഷിണാഫ്രിക്ക അപേക്ഷിച്ചു. ഗസയില്‍ 21,600 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 56,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിരന്തരം തുടരുന്ന കൂട്ടക്കുരുതിക്കു പുറമെയാണ്, 60 ശതമാനത്തോളം വരുന്ന കെട്ടിടങ്ങളുടെയും പാര്‍പ്പിട സമുച്ചയങ്ങളുടെയും മറ്റ് അടിസ്ഥാന നിര്‍മിതികളുടെയുമെല്ലാം നാശനഷ്ടങ്ങള്‍. രണ്ട് ദശലക്ഷം വരുന്ന ജനത പാര്‍പ്പിട നഷ്ടം, ഭക്ഷ്യക്ഷാമം, ശുദ്ധജല ദൗര്‍ലഭ്യം, മരുന്നുകളുടെ ലഭ്യതക്കുറവ് തുടങ്ങിയ ദുരിതങ്ങളെ അഭിമുഖീകരിക്കുകയാണ്. അന്താരാഷ്ട തലത്തില്‍ നിയമനടപടി ആവശ്യമായ ഒരു സാഹചര്യമാണ് ഗസയിലുള്ളത്.