ഗസ വംശഹത്യ: അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദം തുടങ്ങി

Update: 2024-01-11 16:06 GMT

ഹേഗ്: 1948ലെ വംശഹത്യ കണ്‍വന്‍ഷന്‍ പ്രകാരമുള്ള ബാധ്യതകള്‍ പാലിക്കുന്നതില്‍ ഇസ്രായേല്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദക്ഷിണാഫ്രിക്ക ഡിസംബര്‍ അവസാനം അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. ഗസയിലെ സൈനിക നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന അഭ്യര്‍ത്ഥനയിലാണ് കോടതി വിചാരണ നടത്തുന്നത്. കേസിന്റെ മെറിറ്റ് സംബന്ധിച്ച കാര്യങ്ങളില്‍ വര്‍ഷങ്ങള്‍ എടുത്തേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. 84 പേജുള്ള പരാതിയില്‍ ഗസ മുനമ്പിന് അവശ്യവസ്തുക്കളായ ഭക്ഷണം, വെള്ളം, മരുന്ന്, ഇന്ധനം, പാര്‍പ്പിടം, മറ്റ് മാനുഷിക സഹായം എന്നിവ നല്‍കുന്നതില്‍ ഇസ്രായേല്‍ പരാജയപ്പെട്ടെന്നാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ലക്ഷക്കണക്കിന് വീടുകള്‍ നശിപ്പിക്കുകയും 1.9 ദശലക്ഷത്തോളം ഫലസ്തീനികളെ ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തതായി എടുത്തുപറയുന്നുണ്ട്. ഇസ്രായേല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് ജഡ്ജിമാരുള്‍പ്പെടെ 17 ജഡ്ജിമാരുടെ പാനലാണ് ഇരുഭാഗത്തുനിന്നും മൂന്ന് മണിക്കൂര്‍ വാദം കേള്‍ക്കുക. ഈ മാസം അവസാനത്തോടെ കോടതി തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് വിധി പറയാനാവുമെങ്കിലും നടപ്പാക്കാന്‍ മാര്‍ഗങ്ങളൊന്നുമില്ല.

   Full View

രജിസ്ട്രാര്‍ ജോവാന്‍ ഡോനോഗൂവ് മുമ്പാകെ ദക്ഷിണാഫ്രിക്കയുടെ നീതിന്യായ മന്ത്രി റൊണാള്‍ഡ് ലമോണയാണ് വാദം അവതരിപ്പിച്ചത്. പ്രധാനമായും ഒമ്പത് പോയിന്റുകളാണ് അദ്ദേഹം അവതരിപ്പിച്ചത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഗസയിലെ സൈനിക നടപടികള്‍ ഇസ്രായേല്‍ ഉടന്‍ എവസാനിപ്പിക്കണമെന്നാണ്. അതിനിടെ, കേസിലെ വിചാരണ തുടങ്ങാനിരിക്കെ ഫലസ്തീന്‍ അനുകൂലികള്‍ ഹേഗില്‍ പ്രകടനം നടത്തി. ഫലസ്തീന്‍ പതാകകളേന്തിയ പ്രതിഷേധക്കാര്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, ഐസിജെ കേസ് അടിസ്ഥാനരഹിതമാണെന്ന് യുഎന്നിലെ ഇസ്രായേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയുടെ കേസ് അടിസ്ഥാനരഹിതവും അപമാനകരവുമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം ജൂത ജനതയുടെ വംശഹത്യയായ ഹോളകാസ്റ്റിനെത്തുടര്‍ന്ന് സ്വീകരിച്ച വംശഹത്യ തടയാനുള്ള കണ്‍വന്‍ഷന്‍ ഇപ്പോള്‍ ജൂത രാഷ്ട്രത്തിനെതിരേ ആയുധമാക്കുന്നത് എങ്ങനെയാണെന്നും യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ ചോദിച്ചു. അതിനിടെ, കോടതിയെ സമീപിച്ച ദക്ഷിണാഫ്രിക്കയെ പിന്തുണച്ച് 633 നിവേദനത്തില്‍ ഒപ്പുവച്ചു. ടെല്‍ അവീവ് സര്‍വകലാശാലയിലെ ഫിലോസഫി ഡിപ്പാര്‍ട്ട്‌മെന്റിലെ സീനിയര്‍ ലക്ചറര്‍ അനത് മാറ്റര്‍ ഉള്‍പ്പെടെയുള്ളവരാണ് ഫലസ്തീന് അനുകൂലമായി രംഗത്തെത്തിയത്. യുദ്ധക്കുറ്റത്തിന് വിചാരണ നേരിടേണ്ടി വന്നതോടെ പ്രതിസന്ധിയിലായ ഇസ്രായേല്‍ ദക്ഷിണാഫ്രിക്കയുടെ കേസ് തള്ളാന്‍ വിദേശ നയതന്ത്രജ്ഞരെ സമ്മര്‍ദ്ദത്തിലാക്കുന്നതായും റിപോര്‍ട്ടുകളുണ്ട്.

    കേസിനെതിരേ പ്രസ്താവനകള്‍ പുറപ്പെടുവിക്കാന്‍ നയതന്ത്രജ്ഞരെയും രാഷ്ട്രീയക്കാരെയും സമ്മര്‍ദ്ദത്തിലാക്കാന്‍ ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം എംബസികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ അപ്പീല്‍ തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നെതന്യാഹു ലോക നേതാക്കള്‍ക്ക് കത്തുകള്‍ അയയ്ക്കുമെന്നും ഇസ്രായേല്‍ അംബാസഡര്‍മാരോട് പറഞ്ഞിരുന്നു. അതിനിടെ, ഹേഗിലെ കോടതിയില്‍ വിചാരണ തുടങ്ങുന്നതിനു മുമ്പ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സ്വരം മാറ്റി. ഗസ മുനമ്പ് സ്ഥിരമായി കൈവശപ്പെടുത്താനോ സാധാരണക്കാരെ പുറത്താക്കാനോ തങ്ങള്‍ക്ക് ഉദ്ദേശ്യമില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്. ഗസയില്‍ അധിനിവേശം ആരംഭിച്ചതുമുതല്‍ ഫലസ്തീനികളെ ഈജിപ്ത് അതിര്‍ത്തിയിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിച്ച ഇസ്രായേലാണ് ഇപ്പോള്‍ സ്വരം മാറ്റുന്നത്. ഇത്തരത്തില്‍ ആട്ടിയോടിക്കുന്നവരെ ഏറ്റെടുക്കാന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുമായി ഇസ്രായേല്‍ ചര്‍ച്ചകള്‍ നടത്തിയതായും നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്ക അവതരിപ്പിക്കുന്ന തെളിവുകള്‍ തങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന് മനസ്സിലാക്കിയാണ് നെതന്യാഹുവിന്റെ നിലപാട് മാറ്റമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

Tags:    

Similar News