നവരാത്രികാലത്ത് മാംസ വില്‍പനക്ക് വിലക്കേര്‍പ്പെടുത്തി ഗാസിയാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍

Update: 2022-04-03 07:28 GMT
നവരാത്രികാലത്ത് മാംസ വില്‍പനക്ക് വിലക്കേര്‍പ്പെടുത്തി ഗാസിയാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍

ന്യൂഡല്‍ഹി: നവരാത്രികാലത്ത് മാംസ വില്‍പനകേന്ദ്രങ്ങള്‍ അടച്ചിടണമെന്ന് യുപിയിലെ ഗാസിയാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉത്തരവിട്ടു. ഏപ്രില്‍ 2 മുതല്‍ പത്ത് വരെയാണ് മാംസവില്‍പ്പനക്ക് നിരോധനമുള്ളത്. ക്ഷേത്രപരിസരത്ത് ശുചിത്വം നിലനിര്‍ത്തുന്നതിന്റെ ഭാഗമാണത്രെ നടപടി. 

ക്‌ഷേത്രങ്ങളില്‍ ശുചിത്വം പാലിക്കാനും ഇറച്ചിക്കടകള്‍ അടച്ചിടാനും മേയര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതത് സോണുകളിലും ക്ഷേത്രങ്ങളിലും ശുചിത്വം പാലിക്കണമെന്നും ഇറച്ചിക്കടകള്‍ അടഞ്ഞുകിടക്കുന്നത് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്- മാംസവില്‍പ്പന നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.

തന്റെ നിയോജകമണ്ഡലത്തിലെ പലയിടത്തും തുറന്ന സ്ഥലങ്ങളില്‍ മാംസ വില്‍പ്പന നടക്കുന്നുണ്ടെന്ന് ബിജെപി എംഎല്‍എ നന്ദ് കിഷോര്‍ ഗുര്‍ജര്‍ കഴിഞ്ഞ ആഴ്ച ജില്ലാ മജിസ്‌ട്രേറ്റിന് കത്തെഴുതിയരുന്നു. അത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. മുന്‍കാലങ്ങളിലും ഇത്തരം നിരവധി വിദ്വേഷപ്രസംഗങ്ങള്‍ നടത്തി കുപ്രസിദ്ധനാണ് എംഎല്‍എ നന്ദ് കിഷോര്‍ ഗുര്‍ജര്‍.

ഗാസിയാബാദ് കോര്‍പറേഷന്‍ പരിധിയില്‍ നഗരഗ്രാമവ്യത്യാസമില്ലാതെ എല്ലായിടത്തും നിരോധനം ബാധകമാണ്. നവരാത്രി നാളില്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത് സാധാരണയാണെന്ന് ഗായാബാദ് മേയര്‍ ആഷാ ശര്‍മ അവകാശപ്പെട്ടു.

രാജ്യത്ത് ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും മാംസവില്‍പ്പനകേന്ദ്രങ്ങള്‍ക്കെതിരേ വലിയ നീക്കങ്ങളാണ് നടക്കുന്നത്. മുസ് ലിംകള്‍ തൊഴില്‍കണ്ടെത്തുന്ന പ്രധാനമേഖലകളിലൊന്നാണ് മാംസവില്‍പ്പന.

Tags:    

Similar News