ഇറച്ചിക്കടകള്‍ ബലമായി അടപ്പിച്ച സംഭവം; രണ്ട് ഹിന്ദു സേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഹിന്ദു സേനാ പ്രവര്‍ത്തകരായ രാകേഷ്, പ്രമോദ് എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച നവരാത്രി ആഘോഷത്തോടനുബന്ധിച്ചാണ് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ചിക്കന്‍ സ്റ്റാളുകള്‍ ഉള്‍പ്പെടെയുള്ള മാംസ വ്യാപാര സ്ഥാപനങ്ങള്‍ ബലമായി അടപ്പിച്ചത്.
ഗുഡ്ഗാവ്: നവരാത്രി ആഘോഷങ്ങളുടെ മറവില്‍ ഗുഡ്ഗാവില്‍ മാരകായുധങ്ങളുമായെത്തി ഇറച്ചിക്കടകള്‍ ബലമായി അടപ്പിച്ച സംഭവത്തില്‍ രണ്ടു ഹിന്ദു സേനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഹിന്ദു സേനാ പ്രവര്‍ത്തകരായ രാകേഷ്, പ്രമോദ് എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച നവരാത്രി ആഘോഷത്തോടനുബന്ധിച്ചാണ് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ചിക്കന്‍ സ്റ്റാളുകള്‍ ഉള്‍പ്പെടെയുള്ള മാംസ വ്യാപാര സ്ഥാപനങ്ങള്‍ ബലമായി അടപ്പിച്ചത്. മാംസ വ്യാപാരിയെ ഭീഷണിപ്പെടുത്തി ഇവര്‍ കട അടപ്പിക്കുകയായിരുന്നു. ഹിന്ദു സേനയുടെ 40 ഓളം പ്രവര്‍ത്തകരാണ് ഇറച്ചിക്കട അടപ്പിക്കാന്‍ എത്തിയത്. കടയടച്ചില്ലെങ്കില്‍ ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും ആഘോഷം കഴിയുന്നതുവരെ കട തുറക്കരുതെന്നും സംഘം കടയുടമുകളെ ഭീഷണിപ്പെടുത്തിയിരുന്നു.
വടി, ഹോക്കി സ്റ്റിക്, വടിവാള്‍, ഇരുമ്പ് ദണ്ഡ് തുടങ്ങിയ മാരകായുധങ്ങളുമായാണ് ഹിന്ദു സേനാ പ്രവര്‍ത്തകര്‍ കട അടപ്പിക്കാനെത്തിയത്. ഗുഡ്ഗാവിന്റെ വിവിധയിടങ്ങളിലായി സ്ഥിതി ചെയ്യുന്ന 250ല്‍ അധികം ഇറച്ചിക്കടകളാണ് സംഘം ബലമായി അടപ്പിച്ചത്.