ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു

പാന്‍ക്രിയാസ് കാന്‍സര്‍ ബാധിച്ച് ഒരു വര്‍ഷത്തിലേറെയായി ചികില്‍സയിലായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ അസുഖം ഏറിയും കുറഞ്ഞുമിരുന്ന അദ്ദേഹത്തിന്റെ സ്ഥിതി ഞായറാഴ്ച്ചയോടെ വഷളാവുകയായിരുന്നു.

Update: 2019-03-17 14:54 GMT

പനാജി: ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധമന്ത്രിയുമായ മനോഹര്‍ പരീക്കര്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. പാന്‍ക്രിയാസ് കാന്‍സര്‍ ബാധിച്ച് ഒരു വര്‍ഷത്തിലേറെയായി ചികില്‍സയിലായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ അസുഖം ഏറിയും കുറഞ്ഞുമിരുന്ന അദ്ദേഹത്തിന്റെ സ്ഥിതി ഞായറാഴ്ച്ചയോടെ വഷളാവുകയായിരുന്നു.

മൂന്ന് തവണ ഗോവന്‍ മുഖ്യമന്ത്രിയായ അദ്ദേഹം ജനുവരിയില്‍ നടന്ന ഒരു പരിപാടിയില്‍ തന്റെ അവസാന ശ്വാസം വരെ ഗോവയെ സേവിക്കുമെന്ന് പറഞ്ഞിരുന്നു. മൂക്കില്‍ പൈപ്പിട്ടാണ് പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നത്. 2016ല്‍ പാകിസ്താന്‍ ജമ്മു കശ്മീരില്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഉറിയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ വേളയില്‍ പരീക്കറായിരുന്നു ഇന്ത്യയുടെ പ്രതിരോധ മന്ത്രി.



ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി, മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി, സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് പരീക്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇത്തവണ ഭരണത്തിലേറിയത്. നേരത്തേ ഒരു ബിജെപി എംഎല്‍എ മരിച്ചതിനെ തുടര്‍ന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്തയച്ചിട്ടുണ്ട്. പരീക്കറിന്റെ മരണത്തോടെ ബിജെപി കൂടുതല്‍ പ്രതിസന്ധിയിലാവും. പരീക്കര്‍ പ്രതിരോധ മന്ത്രിയായിരിക്കേയാണ് അഴിമതി വിവാദമുയര്‍ന്ന, പുതുക്കിയ നിരക്ക് പ്രകാരമുള്ള റഫേല്‍ യുദ്ധവിമാനക്കരാറില്‍ ഒപ്പിട്ടത്. 

അമേരിക്കയില്‍ ചികില്‍സയിലായിരുന്ന പരീക്കറെ കഴിഞ്ഞ സപ്തംബര്‍ 15നാണ് ന്യൂഡല്‍ഹിയിലുള്ള എയിംസിലേക്കു മാറ്റിയത്. തുടര്‍ന്ന് ഒക്ടോബര്‍ 14ന് ഗോവയിലേക്കു മടങ്ങി. അതിനു ശേഷം അദ്ദേഹം പൊതുപരിപാടികളും മറ്റു യോഗങ്ങളും കുറച്ചിരുന്നു. ഫെബ്രുവരി ആദ്യത്തില്‍ അമിത്ഷാ പങ്കെടുത്ത അടല്‍ ബൂത്ത് കാര്യകര്‍ത്താ സമ്മേളന്‍ ആണ് പരീക്കര്‍ അവസാനമായി പങ്കെടുത്ത പൊതുപരിപാടി.



1955 ഡിസംബര്‍ 13ന് ഗോവയിലെ മാപുസയില്‍ ജനിച്ച പരീക്കര്‍ ലോയോള ഹൈസ്‌കൂളിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1978ല്‍ ഐഐടി ബോംബെയില്‍ നിന്് മെറ്റലര്‍ജിക്കല്‍ എന്‍ജീനിയറിങ്ങില്‍ ബിരുദം നേടി. മേധാ പരീക്കറാണ് ഭാര്യ. രണ്ടു മക്കളുണ്ട്. ഭാര്യ 2000ല്‍ കാന്‍സര്‍ ബാധിച്ചു മരിച്ചിരുന്നു. 1994ല്‍ 39ാം വയസ്സില്‍ ഗോവ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആ സമയത്ത് നാല് ബിജെപി അംഗങ്ങള്‍ മാത്രമാണ് സഭയിലുണ്ടായിരുന്നത്. അധികം വൈകാതെ തന്നെ പ്രതിപക്ഷ നേതാവ് എന്ന നിലയിലേക്ക് വളര്‍ന്നു.

2000, ഒക്ടോബര്‍ 24നാണ് ആദ്യമായി ഗോവന്‍ മുഖ്യമന്ത്രി പദത്തില്‍ എത്തിയത്. 2002 ഫെബ്രുവരി 27വരെയായിരുന്നു ആദ്യ ടേം. 2002 ജൂണ്‍ 5ന് വീണ്ടും മുഖ്യന്ത്രി പദത്തില്‍ തിരിച്ചെത്തി. തുടര്‍ന്ന് കോണ്‍ഗ്രസ് നടത്തിയ കാലുമാറ്റക്കളിയില്‍ മുഖ്യമന്ത്രി പദവി നഷ്ടമായി. എന്നാല്‍ 2012 മാര്‍ച്ചില്‍ സഖ്യ കക്ഷികളോടൊപ്പം 24 സീറ്റുമായി പരീക്കറുടെ നേതൃത്വത്തില്‍ ബിജെപി ഗംഭീര തിരിച്ചുവരവ് നടത്തി. 2014 നവംബര്‍ 8വരെ മുഖ്യന്ത്രി പദത്തിലിരുന്ന അദ്ദേഹം പ്രതിരോധ മന്ത്രിയായതോടെയാണ് സ്ഥാനം ലക്ഷ്മീകാന്ത് പര്‍സേക്കറിന് കൈമാറിയത്.

2017ല്‍ പ്രതിരോധ മന്ത്രി പദവി രാജിവച്ചാണ് പരീക്കര്‍ ഗോവന്‍ മുഖ്യമന്ത്രിപദത്തിലേക്ക് മൂന്നാമതും തിരിച്ചെത്തിയത്. തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടാനാവാത്ത സാഹചര്യത്തിലാണ് ബിജെപി സഖ്യകക്ഷി സര്‍ക്കാര്‍ ഒപ്പിച്ചെടുക്കുന്നതിന് പരീക്കറുടെ നേതൃത്വ ശേഷിയുടെ സഹായം തേടിയത്.

Tags:    

Similar News