മാധ്യമ സ്വാതന്ത്ര്യത്തിന് മരണമണി; പുതിയ അക്രഡിറ്റേഷന്‍ ചട്ടങ്ങള്‍ക്കെതിരേ വ്യാപക പ്രതിഷേധം

വെബ്സൈറ്റ് കുറഞ്ഞത് ഒരു വർഷമെങ്കിലും തുടർച്ചയായി പ്രവർത്തിച്ചിരിക്കണം. ന്യൂസ് പോർട്ടലിന്റെ എഡിറ്റർ ഒരു ഇന്ത്യൻ പൗരനായിരിക്കണം. വെബ്‌സൈറ്റിന് ഇന്ത്യയിൽ ഒരു രജിസ്റ്റർ ചെയ്ത ഓഫീസ് ഉണ്ടായിരിക്കണം, കൂടാതെ ലേഖകർ ഡൽഹിയിലോ ദേശീയ തലസ്ഥാന മേഖലയിലോ ഉണ്ടായിരിക്കണം.

Update: 2022-02-09 12:33 GMT

രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, അഖണ്ഡത തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ പ്രവർത്തിച്ചാൽ അക്രഡിറ്റേഷൻ പിൻവലിക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യുന്ന കേന്ദ്ര മീഡിയ അക്രഡിറ്റേഷൻ മാർഗനിർദേശങ്ങൾ-2022 കേന്ദ്ര സർക്കാർ തിങ്കളാഴ്ച പുറത്തിറക്കുകയുണ്ടായി. യഥാർത്ഥത്തിൽ ഇപ്പോൾ പുറത്തിറക്കിയ അക്രഡിറ്റേഷൻ മാർ​ഗനിർദേശങ്ങൾ മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. മാധ്യമ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പുതിയ നിര്‍ദേശങ്ങളെന്ന് ഇതിനകം ആക്ഷേപം ഉയർന്നുകഴിഞ്ഞു.

രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായോ രാജ്യ സുരക്ഷയ്ക്ക് എതിരായോ ആ സ്ഥാപനത്തിലെ ഏതെങ്കിലും ഒരു മാധ്യമപ്രവർത്തകൻ പ്രവര്‍ത്തിച്ചാല്‍ അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്നു മാര്‍ഗരേഖയില്‍ പറയുന്നു. വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തിനു തടസ്സമാകുന്ന പ്രവര്‍ത്തനങ്ങള്‍, പൊതു സമാധാനത്തിനു തടസ്സമാകുന്ന ഇടപെടലുകള്‍, മാന്യതയും സദാചാരവും ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍, കോടതിയലക്ഷ്യം, മാനനഷ്ടക്കേസുകള്‍ എന്നിവയെല്ലാം അക്രഡിറ്റേഷന്‍ റദ്ദാക്കാനുള്ള കാരണമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, അംഗീകൃത സ്ഥാപനത്തിലെ മാധ്യമ പ്രവർത്തകർ പൊതു/സാമൂഹിക മാധ്യമ പ്രൊഫൈലിലോ വിസിറ്റിങ് കാർഡുകളിലോ ലെറ്റർ ഹെഡുകളിലോ മറ്റേതെങ്കിലും ഫോമിലോ പ്രസിദ്ധീകരിച്ച സൃഷ്ടികളിലോ "ഇന്ത്യ ഗവൺമെന്റിന് അംഗീകൃതം" എന്ന വാക്കുകൾ ഉപയോഗിക്കുന്നത് ഈ ഭേദ​ഗതിയോടെ നിരോധിക്കപ്പെടും.

ഡിജിറ്റൽ വാർത്താ പ്രസാധകരുടെ കാര്യത്തിൽ, അക്രഡിറ്റേഷന്റെ പൊതുവായ നിബന്ധനകൾക്ക് ബാധകമായിരിക്കും. എന്നാല്‍ വാര്‍ത്ത സമാഹരിക്കുന്നവരെ പരിഗണിക്കില്ല. അക്രഡിറ്റേഷനായി അപേക്ഷിക്കുന്ന ഡിജിറ്റൽ വാർത്താ പ്രസാധകർ, റൂൾസ്, 2021 ലെ ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർ​ഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) റൂൾ 18 പ്രകാരം ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ആവശ്യമായ വിവരങ്ങൾ നൽകിയിരിക്കണം. കൂടാതെ മേൽപറഞ്ഞ നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണം.

വെബ്സൈറ്റ് കുറഞ്ഞത് ഒരു വർഷമെങ്കിലും തുടർച്ചയായി പ്രവർത്തിച്ചിരിക്കണം. ന്യൂസ് പോർട്ടലിന്റെ എഡിറ്റർ ഒരു ഇന്ത്യൻ പൗരനായിരിക്കണം. വെബ്‌സൈറ്റിന് ഇന്ത്യയിൽ ഒരു രജിസ്റ്റർ ചെയ്ത ഓഫീസ് ഉണ്ടായിരിക്കണം, കൂടാതെ ലേഖകർ ഡൽഹിയിലോ ദേശീയ തലസ്ഥാന മേഖലയിലോ ഉണ്ടായിരിക്കണം. വിദേശ വാർത്താ മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഫ്രീലാൻസ് ജേണലിസ്റ്റുകൾക്ക് ഒരു അക്രഡിറ്റേഷനും നൽകില്ലെന്നും പുതിയ ഭേദ​ഗതിയിൽ പറയുന്നു.

2013 ല്‍ ഇറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തിയാണ് പുതിയവ ഇറക്കിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരോടോ മാധ്യമ കൂട്ടായ്മകളോടോ കൂടിയാലോചിക്കാതെയാണു പുതിയ ചട്ടങ്ങള്‍ രൂപീകരിച്ചതെന്നാണ് വിമര്‍ശനം. ഡല്‍ഹിയിലെ സര്‍ക്കാര്‍ ഓഫീസുകളിലേക്കോ, രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ പങ്കെടുക്കുന്ന ഏതെങ്കിലും പ്രത്യേക പരിപാടികളിലോ പ്രവേശിക്കണമെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ ആവശ്യമാണ്.

പുതിയ നയം അനുസരിച്ച്, വെബ്‌സൈറ്റിന്റെ 'കഴിഞ്ഞ ആറ് മാസത്തെ ശരാശരി പ്രതിമാസ സന്ദര്‍ശകരുടെ എണ്ണം' വെബ്‌സൈറ്റിന്റെ സിഎജി-അംഗീകൃത/എംപാനല്‍ ഓഡിറ്റര്‍മാര്‍ ശരിയായി സാക്ഷ്യപ്പെടുത്തിയ റിപോർട്ട് സമർപ്പിക്കണം. ഒരു വെബ്‌സൈറ്റിന് പ്രതിമാസം 10 മുതല്‍ 50 ലക്ഷം വരെ സന്ദര്‍ശകരുള്ള ട്രാഫിക് ഉണ്ടെങ്കില്‍, അവര്‍ക്ക് അവരുടെ ഒരു മാധ്യമപ്രവര്‍ത്തകനെ അക്രഡിറ്റേറ്റ് ചെയ്യാന്‍ കഴിയും. അതേസമയം പ്രതിമാസം ഒരു കോടിയിലധികം സന്ദര്‍ശകരുള്ള വെബ്‌സൈറ്റിന് നാല് പത്രപ്രവര്‍ത്തകര്‍ക്ക് അംഗീകാരം ലഭിക്കും.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് പുറമെ, പത്രങ്ങള്‍, ആഴ്ചതോറുമുള്ള അല്ലെങ്കില്‍ രണ്ടാഴ്ചയിലൊരിക്കയിലുളള മാസികകള്‍, വാര്‍ത്താ ഏജന്‍സികള്‍, വിദേശ പ്രസിദ്ധീകരണങ്ങള്‍, ടിവി ചാനലുകള്‍ അല്ലെങ്കില്‍ ഏജന്‍സികള്‍, ഇന്ത്യന്‍ ടിവി വാര്‍ത്താ ചാനലുകള്‍ എന്നിവയും അവയുടെ വലുപ്പത്തെ അടിസ്ഥാനമാക്കി അക്രഡിറ്റേഷന് അര്‍ഹമാണ്.

Similar News