എന്‍സിഇആര്‍ടി 12ാം ക്ലാസ് പാഠപുസ്തകത്തില്‍നിന്ന് ഗുജറാത്ത് വംശഹത്യാ ഉള്ളടക്കം നീക്കി

11ാം ക്ലാസിലെ പാഠപുസ്തകത്തില്‍നിന്ന് വ്യവസായ വിപ്ലവവും ഏഴാം ക്ലാസില്‍നിന്ന് ഏതാനും ദലിത് എഴുത്തുകാരുടെ കവിതകളും നീക്കം ചെയ്തു

Update: 2022-06-18 05:27 GMT

ന്യൂഡല്‍ഹി:എന്‍സിഇആര്‍ടി 12ാം ക്ലാസ് പാഠപുസ്തകങ്ങളില്‍നിന്ന് ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കം നീക്കി.ഗുജറാത്ത് വംശത്യക്ക് പുറമേ മുഗള്‍ സദസുകളും ശീതയുദ്ധവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും ഒഴിവാക്കി.കൊവിഡ് കാലത്തെത്തുടര്‍ന്ന് ഉള്ളടക്കം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് അധികൃതരുടെ വിശദീകരണം.

ഇതു കൂടാതെ 11ാം ക്ലാസിലെ പാഠപുസ്തകത്തില്‍നിന്ന് വ്യവസായ വിപ്ലവവും ഏഴാം ക്ലാസില്‍നിന്ന് ഏതാനും ദലിത് എഴുത്തുകാരുടെ കവിതകളും നീക്കം ചെയ്തു.എട്ടാം ക്ലാസ് സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തില്‍ വസ്ത്രങ്ങളുമായി ബന്ധപ്പെട്ട മതപരമായ സ്വത്വങ്ങളെ കുറിച്ച് ഐനി എ ഫാറൂഖി എഴുതിയ 'സാമൂഹ്യ രാഷ്ട്രീയ ജീവിതം രണ്ട്?' എന്ന ലേഖനവും, ഭരണഘടനാ നിര്‍മാണവും സംസ്ഥാന രൂപവല്‍കരണവും പഞ്ചവല്‍സര പദ്ധതികളും പഠിപ്പിക്കുന്ന 10ാം അധ്യായവും ഒഴിവാക്കി. ഇതേ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ എന്‍സിഇആര്‍ടി ഡയറക്ടര്‍ ദിനേശ് പ്രസാദ് സക്‌ലാനി തയാറായില്ല.

പൊളിറ്റിക്കല്‍ സയന്‍സ് 12ാം ക്ലാസ് പാഠപുസ്തകത്തില്‍ 187ാം പേജ് മുതല്‍ 189ാം പേജ് വരെയാണ് ഗുജറാത്ത് വംശഹത്യയെ സംബന്ധിച്ച വിവരങ്ങള്‍ ഉണ്ടായിരുന്നത്.ഇതുമായി ബന്ധപ്പെട്ട ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ടും അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ പ്രശസ്തമായ 'രാജ്ധര്‍മ'പരാമര്‍ശവും ഈ ഭാഗത്തുണ്ടായിരുന്നു. വംശഹത്യയുടെ ഭീകരത വ്യക്തമാക്കി 2002 മാര്‍ച്ച് ഒന്നിന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം പ്രസിദ്ധീകരിച്ച ഫോട്ടോയും ഉള്‍പ്പെടുത്തിയിരുന്നു.ഇതും നീക്കം ചെയ്തു.

'ഗുജറാത്ത് കലാപം സര്‍ക്കാര്‍ സംവിധാനം എത്രത്തോളം യാന്ത്രികമായി തീരുമെന്നതിന് ഉദാഹരണമാണ്.മതവികാരങ്ങളെ രാഷ്ട്രീയനേട്ടങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നതിന് എതിരായ വലിയ മുന്നറിയിപ്പുകൂടിയാണ് കലാപം. ഇത്തരം കാര്യങ്ങള്‍ ജനാധിപത്യരാഷ്ട്രീയത്തിന് തിരിച്ചടിയാണ്' എന്നതുപോലെയുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയ ഖണ്ഡികകളാണ് നീക്കിയത്.

Tags:    

Similar News