ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത് മോദിക്കെതിരേ ട്വീറ്റ് ചെയ്തതിന്

Update: 2022-04-21 05:09 GMT

അഹ്മദാബാദ്: ദലിത് നേതാവും ഗുജറാത്തിലെ വദ്ഗം എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിയെ അസം പോലിസ് അറസ്റ്റ് ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ട്വീറ്റ് ചെയ്തതിന്. അസമിലെ ബിജെപി നേതാവ് നല്‍കിയ പരാതിയിലാണ് മേവാനിയെ അറസ്റ്റ് ചെയ്തതെന്നാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇന്നലെ രാത്രി പതിനൊന്നരയോടെ പലന്‍പൂര്‍ സര്‍ക്യൂട്ടിലെ വീട്ടില്‍ നിന്നാണ് പോലിസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ അസമിലേക്ക് കൊണ്ടുപോയിരിക്കയാണ്.

അസമിലെ കൊക്രജാറിലെ ബിജെപി നേതാവായ അരൂപ് കുമാര്‍ ഡെ നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്. രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി.

'അസം പോലിസ് നല്‍കിയ രേഖ പ്രകാരം, മേവാനിയുടെ ട്വീറ്റിന്മേല്‍ ദിവസങ്ങള്‍ക്ക് മുമ്പ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രസ്തുത ട്വീറ്റ് ഇപ്പോള്‍ ദൃശ്യമല്ല. നാഥുറാം ഗോഡ്‌സെയെക്കുറിച്ചായിരുന്നു ട്വീറ്റ്. മേവാനിയെ ആദ്യം റോഡ് മാര്‍ഗം അഹമ്മദാബാദിലേക്ക് കൊണ്ടുവന്നു. പിന്നീട് വിമാനമാര്‍ഗം ഇന്ന് രാവിലെ അസമിലേക്ക് കൊണ്ടുപോയി'- മേവാനിയുടെ സഹായി സുരേഷ് ഝാ പറഞ്ഞു.

ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനവും സൗഹാര്‍ദ്ദവും സൃഷ്ടിക്കണമെന്നായിരുന്നു മേവാനി ട്വീറ്റ് ചെയ്തത്.

അറസ്റ്റ് ചെയ്യുന്ന സമയത്ത് മേവാനിക്കെതിരേ ചുമത്തിയ കേസിന്റെ വിവരങ്ങള്‍ നല്‍കാന്‍ അസം പോലിസ് തയ്യാറായിരുന്നില്ല. എന്തുവകുപ്പനുസരിച്ചാണ് അറസ്‌റ്റെന്നോ അതിന്റെ വിശദാംശങ്ങളോ പോലിസ് വെളിപ്പെടുത്തിയിരുന്നുമില്ല.

അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഇന്ന് രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്നുണ്ട്.

Tags:    

Similar News