പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ട്വീറ്റ്; ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിക്ക് ജാമ്യം
ഗുവാഹത്തി: ദലിത് നേതാവും ഗുജറാത്തിലെ വദ്ഗം എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിക്ക് അസം കോടതി ജാമ്യം അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിനാണ് മേവാനിയെ അസം പോലിസ് ഏതാനും ദിവസം മുമ്പ് അറസറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മേവാനിയുടെ ജാമ്യാപേക്ഷ കോടതി മാറ്റിവച്ചിരുന്നു. തുടര്‍ന്ന് ഇന്നാണ് ജാമ്യം അനുവദിച്ചത്.
വ്യാഴാഴ്ചയാണ് മേവാനിയെ ഗുജറാത്തിലെ പലന്‍പൂരില്‍നിന്ന് അസം പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
അസമിലെ കൊക്രജാറിലെ ബിജെപി നേതാവായ അരൂപ് കുമാര്‍ ഡെ മേവാനിയുടെ ട്വീറ്റിനെതിരേ നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്. മേവാനി തന്റെ ട്വീറ്റിലൂടെ രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി.
ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനവും സൗഹാര്‍ദ്ദവും സൃഷ്ടിക്കണമെന്നായിരുന്നു മേവാനി ട്വീറ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് മേവാനിക്കെതിരേ ചുമത്തിയ കേസിന്റെ വിവരങ്ങള്‍ നല്‍കാന്‍ അസം പോലിസ് തയ്യാറായിരുന്നില്ല. എന്തുവകുപ്പനുസരിച്ചാണ് അറസ്‌റ്റെന്നോ അതിന്റെ വിശദാംശങ്ങളോ പോലിസ് വെളിപ്പെടുത്തിയിരുന്നുമില്ല. പിന്നീടാണ് പോലിസ് ഈ വിവരങ്ങള്‍ പോലും നല്‍കാന്‍ തയ്യാറായത്.
'ഇത് ബി.ജെ.പിയുടെയും ആര്‍എസ്എസിന്റെയും ഗൂഢാലോചനയാണ്. എന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് അവര്‍ ഇത് ചെയ്തത്. അവര്‍ ഇത് ആസൂത്രിതമായി ചെയ്യുന്നു. അവര്‍ ഇത് രോഹിത് വെമുലയോട് ചെയ്തു, ചന്ദ്രശേഖര്‍ ആസാദിനോട്, ഇപ്പോള്‍ എന്നെ ലക്ഷ്യമിടുന്നു.'- മേവാനി മാധ്യമങ്ങളോട് പറഞ്ഞു.
ക്രിമിനല്‍ ഗൂഢാലോചന, ആരാധനാലയവുമായി ബന്ധപ്പെട്ട കുറ്റകൃത്യം, മതവികാരം വ്രണപ്പെടുത്തല്‍, സമാധാന ലംഘനത്തിന് കാരണമായേക്കാവുന്ന പ്രകോപനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.