ഗുരുഗ്രാമില്‍ പ്രാര്‍ത്ഥിക്കാന്‍ സ്ഥലവും അന്തസ്സും തേടി മുസ്‌ലിംകള്‍

മുസ്‌ലിംകള്‍ക്ക് മസ്ജിദ് നിര്‍വഹിക്കാന്‍ അനുവാദം നല്‍കാതെ ഭരണകൂടം കടുത്ത വര്‍ഗീയ നടപടികളാണ് കൈകൊള്ളുന്നത്. അതേസമയം, നഗരത്തില്‍ ഇതര മതസ്ഥര്‍ക്ക് അവരുടെ ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ യഥേഷ്ടം അനുമതി നല്‍കുകയും ചെയ്യുന്നുണ്ട്.

Update: 2021-12-11 12:15 GMT

ഗുരുഗ്രാം: 'ഇത് നമ്മുടെ രാജ്യമല്ലേ? നമുക്ക് സ്വാതന്ത്ര്യമില്ലേ?' ഗുരുഗ്രാം നിവാസിയായ 45കാരന്‍ അല്‍ത്താഫ് അഹമ്മദിന്റെ ചോദ്യം അല്‍പം ദേഷ്യത്തോടെയാണ്. നഗരത്തിലെ പൊതുസ്ഥലത്ത് ജുമുഅ നമസ്‌കാരം നിര്‍വഹിക്കാനെത്തുന്ന വിശ്വാസികളെ തീവ്രഹിന്ദുത്വ സംഘടനകളിലെ അംഗങ്ങള്‍ തടയുന്നതിന്റേയും അവര്‍ക്കെതിരേ ആക്രോശിക്കുന്നതിന്റേയും വീഡിയോ ദൃശ്യങ്ങള്‍ മൊബൈലില്‍ കണ്ടുകൊണ്ടാണ് അല്‍ത്താഫ് അഹമ്മദിന്റെ ഈ ചോദ്യം.

ഇസ്‌ലാം മത വിശ്വാസികള്‍ നമസ്‌കാരത്തിനായി പൊതുസ്ഥലത്തേക്ക് എത്തുമ്പോള്‍, ദിനേശ് ഭാരതി എന്ന ഹിന്ദുത്വ നേതാവ് വയോധികനായ മുസ്‌ലിം പുരോഹിതനെ തടഞ്ഞുനിര്‍ത്തി ഇവിടെ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കില്ലെന്ന് ആക്രോശിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇയാളെ പിന്നീട് ഹരിയാന പോലിസ് വലിച്ചിഴച്ച് കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമായ ജുമുഅ നമസ്‌കാരം തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നത് കാണുമ്പോള്‍ വിഷമമുണ്ടെന്ന് ഗുഡ്ഗാവ് നാഗരിക് ഏകതാ മഞ്ചിന്റെ സഹസ്ഥാപകന്‍ കൂടിയായ അല്‍ത്താഫ് അഹ്മദ് പറയുന്നു. 2018 മുതല്‍ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ പൊതുവിടങ്ങളിലെ നമസ്‌കാരം അവസാനിപ്പിക്കണമെന്നാവശ്യമുയര്‍ത്തുന്നുണ്ട്. 2021 സെപ്തംബര്‍ മുതല്‍ ഈ എതിര്‍പ്പ് രൂക്ഷമായിരിക്കുകയാണ്.

നഗരത്തില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതില്‍ ഭൂരിഭാഗവും കുടിയേറ്റ ഫാക്ടറി തൊഴിലാളികളാണെന്ന് അഹ്മദ് വിശദീകരിക്കുന്നു. സമീപ പ്രദേശങ്ങളില്‍ പള്ളികളില്ലാത്തതിനാല്‍ അവര്‍ പലപ്പോഴും ഉച്ചഭക്ഷണം ഉപേക്ഷിച്ചാണ് പൊതുസ്ഥലങ്ങളിലെ പ്രാര്‍ത്ഥന നടത്താന്‍ എത്തുന്നതെന്ന്് അദ്ദേഹം പറയുന്നു. നമുക്ക് നമസ്‌കരിക്കാന്‍ ഇടം നല്‍കി അവര്‍ക്ക് ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

'ടൗണ്‍ പ്ലാനര്‍മാര്‍ ഒരു പുതിയ നഗരം നിര്‍മ്മിച്ചു, ഇവിടെ ധാരാളം ഭൂമിയുണ്ട്, അവര്‍ ക്ഷേത്രങ്ങളും ഗുരുദ്വാരകളും നിര്‍മ്മിക്കാന്‍ അനുവാദം നല്‍കി, എന്നാല്‍, അവര്‍ തങ്ങള്‍ക്ക് പള്ളികള്‍ നിര്‍മിക്കാന്‍ ഭൂമി നല്‍കുന്നില്ലെന്നും' അല്‍ത്താഫ് അഹമ്മദ് വേദനയോടെ വ്യക്തമാക്കി.

സെക്ടര്‍ 44ലെ പൊതുസ്ഥലത്തെ നമസ്‌കാര കേന്ദ്രത്തില്‍ പോവാനായിരുന്നു അഹ്മദ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍, ഹിന്ദുത്വ അക്രമിക്കൂട്ടം അവിടെ പ്രകോപനം സൃഷ്ടിക്കുന്നവെന്ന വാര്‍ത്തകള്‍ പരന്നതോടെ പകരം ഈദ്ഗാഹിലേക്ക് പോകാന്‍ അദ്ദേഹം തീരുമാനിച്ചു. വണ്ടിയും മറ്റു സൗകര്യങ്ങളുമുള്ള തനിക്ക് സമയമെടുത്ത് കുറച്ച് ദൂരെയുള്ള ഒരു പള്ളിയിലേക്ക് ഡ്രൈവ് ചെയ്യാന്‍ സാധിക്കും. പക്ഷെ ഗുരുഗ്രാമിലെ വ്യാവസായിക മേഖലകളിലെ പല കുടിയേറ്റ മുസ്‌ലിംകള്‍ക്ക് അത്തരം സൗകര്യമില്ലെന്ന് അഹ്മദ് പറയുന്നു.

താന്‍ നമസ്‌കാരത്തിനായി പുറത്തുപോവുമ്പോഴൊക്കെ ഭാര്യ ഹെന്നക്ക് വല്ലാത്ത ആധിയാണ്. എന്തെങ്കിലും അനിഷ്ടകരമായ കാര്യങ്ങള്‍ സംഭവിക്കുമോ എന്ന ഭയപ്പാടിലാണ് അവളെന്നും അഹമ്മദ് പറയുന്നു.

മുസ്‌ലിംകള്‍ക്ക് മസ്ജിദ് നിര്‍വഹിക്കാന്‍ അനുവാദം നല്‍കാതെ ഭരണകൂടം കടുത്ത വര്‍ഗീയ നടപടികളാണ് കൈകൊള്ളുന്നത്. അതേസമയം, നഗരത്തില്‍ ഇതര മതസ്ഥര്‍ക്ക് അവരുടെ ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ യഥേഷ്ടം അനുമതി നല്‍കുകയും ചെയ്യുന്നുണ്ട്. സ്ഥലം പണം കൊടുത്ത് വാങ്ങാന്‍ പോലും മുസ്‌ലിംകള്‍ തയ്യാറാണെന്നിരിക്കേയാണ് ഗുരുഗ്രാമിലെ ജില്ലാ ഭരണകൂടത്തിന്റെ മുസ്‌ലിംകളോടുള്ള ഈ വിവേചനം.

Tags:    

Similar News