മുന്‍ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍ ബിജെപിയിലേക്ക്,ജൂണ്‍ 2ന് അംഗത്വം സ്വീകരിക്കും
ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംങ് പ്രസിഡന്റായിരുന്ന ഹാര്‍ദിക് പട്ടേല്‍ മെയ് 18നാണ് പാര്‍ട്ടി വിട്ടത്
അഹമ്മദാബാദ്:മുന്‍ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍ ബിജെപിയിലേക്ക്. ജൂണ്‍ രണ്ടിന് ഹാര്‍ദിക് ബിജെപി അംഗത്വം സ്വീകരിക്കും. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെയാണ് ഹാര്‍ദിക് ബിജെപി പാളയത്തിലെത്തുന്നത്.
ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംങ് പ്രസിഡന്റായിരുന്ന ഹാര്‍ദിക് പട്ടേല്‍ മെയ് 18നാണ് പാര്‍ട്ടി വിട്ടത്.കോണ്‍ഗ്രസിന്റെ പട്ടേല്‍ സമുദായവോട്ട് ബാങ്കിന്റെ മുഖമായിരുന്നു ഹാര്‍ദിക് പട്ടേല്‍.എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഹാര്‍ദിക് പിന്നീട് ഇടയുകയായിരുന്നു.പാര്‍ട്ടി കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ല എന്നതായിരുന്നു ഹാര്‍ദിക്ക് പട്ടേല്‍ പാര്‍ട്ടിക്ക് എതിരായി ഉയര്‍ത്തിയ വിമര്‍ശനം. പട്ടേല്‍ സമുദായത്തിലെ തന്നെ മറ്റൊരു പ്രധാന നേതാവായ നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരുന്നതിന് പ്രശാന്ത് കിഷോര്‍ ചില നീക്കങ്ങള്‍ നടത്തിയതും ഹാര്‍ദിക്കിനെ പ്രകോപിപ്പിച്ചിരുന്നു.
പട്ടേല്‍ വിഭാഗത്തിന്റെ സംവരണ സമരം നയിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ബിജെപിക്ക് വെല്ലുവിളിയായിരുന്ന ഹാര്‍ദിക് ബിജെപി നേതാക്കളെയും ആശയങ്ങളെയും പിന്തുണച്ച് പിന്നീട് രംഗത്തെത്തിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു.രാമക്ഷേത്ര നിര്‍മാണം, കശ്മീരിലെ 370ാം അനുച്ഛേദം റദ്ദാക്കല്‍ എന്നിവയെ ഹാര്‍ദിക് പിന്തുണയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെ അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.
ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹത്തോട് തിരഞ്ഞെടുപ്പിനുള്ള അവസരം എപ്പോഴും ഉണ്ടെന്നും തന്റെ ഭാവി നോക്കേണ്ടതുണ്ടന്നും കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോരുന്നതിന് മുമ്പേ തന്നെ ഹാര്‍ദിക് പട്ടേല്‍ പറഞ്ഞിരുന്നതാണ്.