കോണ്‍ഗ്രസ്സിന് ഹിന്ദുക്കളോട് എന്താണ് ഇത്ര വെറുപ്പ്? ആരോപണവുമായി ഹര്‍ദിക് പട്ടേല്‍

Update: 2022-05-24 13:46 GMT

അഹമ്മദാബാദ്: കോണ്‍ഗ്രസ് ഹിന്ദുമതത്തിനെതിരേയും രാമനെതിരേയും വിദ്വേഷം പ്രസരിപ്പിക്കുകയാണെന്ന ഗുരതരമായ ആരോപണവുമായി മുന്‍ ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍. അയോധ്യയിലെ രാമക്ഷേത്രത്തിനുവേണ്ടിവച്ച കല്ലുകളില്‍ പട്ടി മൂത്രമൊഴിച്ചെന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് പരിഹസിച്ചെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

''കോണ്‍ഗ്രസ് പാര്‍ട്ടി ഹിന്ദുക്കളുടെ വിശ്വാസത്തെയും മതത്തെയും പരിഹസിക്കാനും നശിപ്പിക്കാനുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവുമായ ഒരാള്‍ ഇന്ന് രാമക്ഷേത്രത്തിനുവേണ്ടി സൂക്ഷിച്ച കല്ലുകളില്‍ പട്ടി മൂത്രമൊഴിച്ചെന്ന് പരിഹസിച്ചു''-പട്ടേല്‍ ട്വീറ്റ് ചെയ്തു.

''രാമനോട് ഇത്ര എതിര്‍പ്പെന്താണെന്ന് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു? ഹിന്ദുക്കളെ ഇത്ര വെറുക്കുന്നതെന്താണ്? നൂറ്റാണ്ടുകള്‍ക്കു ശേഷം രാമന്റെ ക്ഷേത്രം അയോധ്യയില്‍ നിര്‍മിക്കുകയാണ്. എന്നിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ രാമനെതിരേ പ്രസ്താവനകള്‍ ഇറക്കുന്നു''- അദ്ദേഹം ട്വീറ്റ് ചെയ്തു.

ഹാര്‍ദിക് പട്ടേല്‍ ഏതാനും ദിവസം മുമ്പാണ് കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയുള്ള ഹാര്‍ദിക്കിന്റെ രാജി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി സൃഷ്ടിച്ചിരുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ഹര്‍ദിക് രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. താന്‍ കോണ്‍ഗ്രസ് വിടണമെന്ന് ആഗ്രഹിക്കുന്ന നിരവധി നേതാക്കളുണ്ടെന്നും അതിനാല്‍ താന്‍ പാര്‍ട്ടിയില്‍ തുടരുമെന്ന് ഹൈക്കമാന്റ് ഉറപ്പാക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഏറെ കഴിയും മുമ്പ് അദ്ദേഹം പാര്‍ട്ടി വിടുകയും ചെയ്തു. ബിജെപിയില്‍ ചേരുകയാണ് ഹര്‍ദിക്കിന്റെ ലക്ഷ്യമെന്ന് കരുതപ്പെട്ടിരുന്നു. ഇന്നത്തെ പ്രസ്താവനയും അതിന്റെ സൂചനയാണ് നല്‍കുന്നത്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2020ല്‍ അദ്ദേഹം കോണ്‍ഗ്രസ് ഗുജറാത്ത് ഘടകം വര്‍ക്കിങ് പ്രസിഡന്റായി നിയമിതനായി. കുറച്ചുകാലങ്ങളായി കോണ്‍ഗ്രസിനേയും നേതൃത്വത്തേയും നിരന്തരം വിമര്‍ശിച്ചുകൊണ്ട് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Tags:    

Similar News