കര്‍ഷകര്‍ക്ക് മുന്നില്‍ കീഴടങ്ങി ഹരിയാന സര്‍ക്കാര്‍; കര്‍ണാലിലെ കര്‍ഷക പ്രക്ഷോഭം അവസാനിപ്പിച്ചു

കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയ മുന്‍ എസ്ഡിഎം ആയുഷ് സിന്‍ഹയോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും സര്‍ക്കാര്‍ കര്‍ഷ സമര നേതാക്കളെ അറിയിച്ചു.

Update: 2021-09-11 10:20 GMT

കര്‍ണാല്‍: ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകകരിച്ചതിനെ തുടര്‍ന്ന് ഹരിയാനയിലെ കര്‍ണാലില്‍ നടത്തിവന്ന സമരം കര്‍ഷകര്‍ അവസാനിപ്പിച്ചു. കര്‍ണാലിലെ പൊലീസ് നടപടിയിലെ അന്വേഷണം, നഷ്ടപരിഹാരം എന്നിവയടക്കം സമരക്കാര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് ഉപരോധം പിന്‍വലിച്ചത്.


കര്‍ഷക പ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് ലാത്തി ചാര്‍ജില്‍ മരിച്ച കര്‍ഷകന്‍ സുശീല്‍ കാജലിന്റെ കുടുംബത്തിലെ രണ്ടുപേര്‍ക്ക് ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പൊലീസ് നടപടിയില്‍ പരുക്കേറ്റ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും. ഇതു കൂടാതെ പോലിസ് അതിക്രമം സംബന്ധിച്ച് ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തും. കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയ മുന്‍ എസ്ഡിഎം ആയുഷ് സിന്‍ഹയോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും സര്‍ക്കാര്‍ കര്‍ഷ സമര നേതാക്കളെ അറിയിച്ചു.


കഴിഞ്ഞ മാസം 28 ന് കര്‍ഷകപ്രക്ഷോഭത്തിന് നേരെ നടന്ന പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ ഒരു കര്‍ഷകന്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കര്‍ഷകര്‍ പ്രതിഷേധ സമരം ആരംഭിച്ചത്. നാല് തവണ സര്‍ക്കാരും കര്‍ഷകരും തമ്മില്‍ ചര്‍ച്ച നടത്തിയിട്ടും തീരുമാനമാകാതെ വന്നതോടെ ഇന്നലെ ഹരിയാന അഡീ. ചീഫ് സെക്രട്ടറി ദേവന്ദ്രസിങ്ങ് നേരിട്ട് എത്തി കര്‍ഷകരെ കണ്ടിരുന്നു. ഇതിനുപിന്നാലെയാണ് പ്രശ്‌നപരിഹാരത്തിന് വഴി തെളിഞ്ഞത്.




Tags:    

Similar News