കണ്ണൂര്‍/കോഴിക്കോട്/മലപ്പുറം: വടക്കന്‍ കേരളത്തിന്റെ മലയോര മേഖലയില്‍ ശക്തമായ മഴ. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മഴവെള്ളപ്പാച്ചിലുണ്ടായി. കണ്ണൂര്‍ നെടുംപൊയിലിലും കോഴിക്കോട് വിലങ്ങാട്ടിലും മലപ്പുറം കരുവാരക്കുണ്ടിലും ഉരുള്‍പൊട്ടിയതായി സംശയിക്കുന്നു. നെടുംപൊയിലിലും വിലങ്ങാട് വാളൂക്ക് മേഖലയിലെ വനത്തിനുള്ളിലും ഉരുള്‍പൊട്ടിയെന്നാണ് സംശയിക്കുന്നത്. നെടുംപൊയില്‍ സെമിനാരി വില്ലയ്ക്കടുത്ത് റോഡിലൂടെ മഴവെള്ളം ശക്തമായി റോഡിലൂടെ ഒഴുകുകയാണ്. നേരത്തേ ഉരുള്‍പൊട്ടിയ സ്ഥലത്തിന് സമീപമാണ് ഉരുള്‍പൊട്ടിയതെന്നാണ് നിഗമനം. കഴിഞ്ഞ തവണ ഉരുള്‍പൊട്ടിയതോടെ റോഡ് തകര്‍ന്നിരുന്നു. ഇത് നേരെയാക്കി രണ്ടാഴ്ചയ്ക്കുള്ളിലാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നത്.
മാനന്തവാടി- കൂത്തുപറമ്പ് ചുരം പാതയില്‍ ഗതാഗത തടസ്സമുണ്ടായി. മലയോരമേഖലയായ കോഴിക്കോട് വിലങ്ങാട് വനമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി. വിലങ്ങാട് പുഴയില്‍ പൊടുന്നനെ ജലനിരപ്പ് ഉയര്‍ന്നതാണ് ഉരുള്‍പൊട്ടല്‍ സംശയത്തിന് കാരണം. കടകളിലും വെള്ളം കയറിയിട്ടുണ്ട്. മലയോരമേഖലയില്‍ ഇടവിട്ട് മഴ തുടരുന്നുണ്ട്. നേരത്തെ ഉരുള്‍പൊട്ടലുണ്ടായ മേഖലയാണിത്. രണ്ടാഴ്ച മുമ്പും ഈ മേഖലയില്‍ ശക്തമായ കാറ്റ് വീശിയിരുന്നു. വാണിമേല്‍ പുഴയിലും മലവെള്ളപ്പാച്ചിലുണ്ടായിട്ടുണ്ട്. വിലങ്ങാട് ടൗണില്‍ വെള്ളം കയറി. വിലങ്ങാട്- നരിപ്പറ്റ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തില്‍ വെള്ളം കയറി. ഈ ഭാഗത്തെ നിരവധി കടകളില്‍ വെള്ളം കയറി.
പാനോം വനമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായതായി സംശയമുണ്ട്. മലപ്പുറം നിലമ്പൂര്‍ താലൂക്കിലെ കരുവാരക്കുണ്ടില്‍ ശക്തമായ മഴയാണുണ്ടായത്. ഇതെത്തുടര്‍ന്ന് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. എന്നാല്‍, ജനവാസമേഖല അല്ലാതിരുന്നതിനാല്‍ നാശനഷ്ടങ്ങളുണ്ടായില്ല. പുഴകളില്‍ ജലനിരപ്പ് ഉയരുകയാണ്. കല്‍ക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെളളപ്പാച്ചില്‍. ഒലിപ്പുഴ നിറഞ്ഞുകവിഞ്ഞൊഴുകുകയാണ്. സംസ്ഥാനത്തിനുള്ള മഴ മുന്നറിയിപ്പില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.