ഖുര്‍ആന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിനു കത്ത്

തീവ്രഹിന്ദുത്വ സംഘടനയായ ഹിന്ദുസേനയുടെ ദശീയ പ്രസിഡന്റ് വിഷ്ണു ഗുപ്തയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ചീഫ് സെക്രട്ടറിക്ക് ചൊവ്വാഴ്ച കത്ത് നല്‍കിയത്

Update: 2019-07-31 12:22 GMT

ന്യൂഡല്‍ഹി: ദേശസുരക്ഷയ്ക്കു ഭീഷണിയുയര്‍ത്തുന്നുവെന്ന് ആരോപിച്ച് ഖുര്‍ആന്‍ ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്ത്. തീവ്രഹിന്ദുത്വ സംഘടനയായ ഹിന്ദുസേനയുടെ ദശീയ പ്രസിഡന്റ് വിഷ്ണു ഗുപ്തയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ചീഫ് സെക്രട്ടറിക്ക് ചൊവ്വാഴ്ച കത്ത് നല്‍കിയത്. ഖുര്‍ആന്‍ രാജ്യരക്ഷയ്ക്കും ലോക സമാധാനത്തിനും ഭീഷണിയാണെന്നും അമുസ്‌ലിംകള്‍ക്കും പൂര്‍വ മുസ്‌ലിംകള്‍ക്കുമെതിരേ അക്രമങ്ങള്‍ക്ക് പ്രോല്‍സാഹിപ്പിക്കുന്ന നിരവധി വാക്യങ്ങളുണ്ടെന്നും കത്തില്‍ ആരോപിക്കുന്നു. ന്യൂഡല്‍ഹി നിസാമുദ്ദീനിലെ ഒരു കടയില്‍നിന്ന് ഖുര്‍ആന്റെ കോപ്പി വാങ്ങി വായിച്ചപ്പോഴാണ് അതിലെ അക്രമങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന വാക്കുകള്‍ വ്യക്തമായത്. അല്ലാഹുവിന്റെ ശത്രുക്കള്‍ക്കെതിരേ പോരാടി മരണപ്പെട്ടാല്‍ സ്വര്‍ഗത്തില്‍ സുന്ദരികളായ ഹൂറിമാരെയും മറ്റും ലഭിക്കുമെന്നു വാഗ്ദാനം ചെയ്ത് അമുസ്‌ലിംകള്‍ക്കും പൂര്‍വ മുസ്‌ലിംകള്‍ക്കുമെതിരേ അക്രമത്തെ പ്രോല്‍സാഹിപ്പിക്കുകയാണ്. വിക്കിഇസ്‌ലാം.നെറ്റ് എന്ന വെബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍ തന്റെ കണ്ടെത്തലുകള്‍ സത്യമാണെന്ന് ബോധ്യപ്പെട്ടെന്നും ഇസ്‌ലാംമത സ്ഥാപകനായ മുഹമ്മദ് നബിയുടെ നിര്‍ദേശപ്രകാരം നിരവധി പേരെ കൊലപ്പെടുത്തിയതായി കണ്ടെത്താനായെന്നും വിഷ്ണു ഗുപ്ത ആരോപിക്കുന്നു.

    


    വിക്കിഇസ്‌ലാം.നെറ്റിന്റെ ഇത്തരം വിവരങ്ങള്‍ ലഭിക്കുന്ന പേജിന്റെ ലിങ്ക് ഉള്‍പ്പെടെ പരാതിയില്‍ നല്‍കിയിട്ടുണ്ട്. അപകടകാരിയായ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരേ കേന്ദ്രസര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്. എന്നാല്‍, സാക്കിര്‍ നായിക്കിനു പ്രചോദനം നല്‍കുന്നത് ഖുര്‍ആനും അതിലെ അധ്യാപനവുമാണ്. ദേശസുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയുയര്‍ത്തുന്ന പ്രതിഭാസങ്ങള്‍ക്കു കാരണം ഖുര്‍ആനാണ്. ഇന്ത്യയില്‍ തന്നെ ജമ്മു കശ്മീരിലും മറ്റു ഭാഗങ്ങളിലും നടക്കുന്ന അക്രമങ്ങള്‍ക്കു പിന്നിലും ഖുര്‍ആനാണ് പ്രചോദനം. അതിനാല്‍ തന്നെ എന്തുകൊണ്ട് ഖുര്‍ആന്‍ നിരോധിക്കാന്‍ നടപടിയെടുക്കുന്നില്ലെന്നും കത്തില്‍ ചോദിക്കുന്നുണ്ട്. ഭീകരവാദം തടയാന്‍ ആത്മാര്‍ഥമായി നടപടിയെക്കുന്ന കേന്ദ്രസര്‍ക്കാര്‍ അതിനു കാരണമാവുന്ന ഖുര്‍ആന്‍ നിരോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

    നേരത്തേ, ദേശസുരക്ഷയ്ക്കു ഭീഷണിയാണെന്ന് ആരോപിച്ച് ബുര്‍ഖയും പര്‍ദ്ദയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടും പരാതി നല്‍കിയിരുന്നു. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബുര്‍ഖ നിരോധനം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നത്.


    2016ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ജന്‍മദിനം ആഘോഷിക്കുകയും തിരഞ്ഞെടുപ്പില്‍ വിജയിക്കാനും ദീര്‍ഘായുസ്സിനും വേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുകയും ചെയ്ത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. മാത്രമല്ല, 2011ല്‍ സ്ഥാപിച്ച ഹിന്ദുസേന മുഗള്‍ ഭരണത്തില്‍നിന്ന് ഇന്ത്യയെ മോചിപ്പിച്ച ഭരണാധികാരിയെന്നു വിശേഷിപ്പിച്ച് വിക്ടോറിയ രാജ്ഞിയുടെ 118ാം ചരമദിനം ആചരിച്ചിരുന്നു.




Tags:    

Similar News