ഉവൈസിയുടെ ഡല്‍ഹിയിലെ വസതിക്കു നേരെ ആക്രമണം; അഞ്ച് ഹിന്ദു സേനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഹിന്ദു സേനയിലെ അംഗങ്ങള്‍ അശോക റോഡിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തോട് ചേര്‍ന്നുള്ള ഉവൈസിയുടെ വീടിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയതിനിടെയാണ് വീടിനു നേരെ ആക്രമണം അഴിച്ചുവിട്ടത്.

Update: 2021-09-21 17:50 GMT
ഉവൈസിയുടെ ഡല്‍ഹിയിലെ വസതിക്കു നേരെ ആക്രമണം; അഞ്ച് ഹിന്ദു സേനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) തലവനും എംപിയുമായ അസദുദ്ദീന്‍ ഉവൈസിയുടെ ഡല്‍ഹിയിലെ വസതിക്കു നേരെ ആക്രമണം നടത്തിയ ഹിന്ദു സേനാ പ്രവര്‍ത്തകരായ അഞ്ചു പേര്‍ അറസ്റ്റില്‍. വൈകീട്ട് 4 മണിയോടെയാണ് സംഭവം.

ഹിന്ദു സേനയിലെ അംഗങ്ങള്‍ അശോക റോഡിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തോട് ചേര്‍ന്നുള്ള ഉവൈസിയുടെ വീടിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയതിനിടെയാണ് വീടിനു നേരെ ആക്രമണം അഴിച്ചുവിട്ടത്. അഞ്ചു പേരെ കസ്റ്റഡിയിലെടുത്തതായും അവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും ന്യൂഡല്‍ഹി ഡിസിപി ദീപക് യാദവ് ഐഎഎന്‍എസിനോട് പറഞ്ഞു.

പ്രധാന കവാടത്തിന് മുകളിലുള്ള വിളക്കും പാര്‍ലമെന്റേറിയന്റെ നെയിം പ്ലേറ്റും അക്രമികള്‍ തകര്‍ത്തു. വിളക്കിന്റെ കഷണങ്ങള്‍ റോഡിലുടനീളം ചിതറിക്കിടക്കുന്നത് കാണാം. സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മാധ്യമ റിപോര്‍ട്ടുകളിലൂടെയും മറ്റ് സ്രോതസ്സുകളിലൂടെയുമാണ് ഇക്കാര്യം അറിഞ്ഞതെന്നും ഹിന്ദു സേന ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്ത പറഞ്ഞു.

അതേസമയം, തന്റെ സംഘടനയിലെ ചില പ്രവര്‍ത്തകര്‍ അവിടെ പ്രതിഷേധിക്കാന്‍ പോയതായി അദ്ദേഹം സ്ഥിരീകരിച്ചു. 'അസദുദ്ദീന്‍ ഉവൈസി നിരന്തരം ഹിന്ദു വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നു, ഇതു പ്രവര്‍ത്തകര്‍ക്കിടയില്‍ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കരുതെന്നും' ഗുപ്ത പറഞ്ഞു.

Tags:    

Similar News