മുസ്‌ലിം കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്ത ഹിന്ദുത്വ സമ്മേളനം: ആശ്ചര്യപ്പെട്ട് ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവ്‌രത്‌ലോവ
'എന്താണീ നടക്കുന്നത്? ' എന്നാണ് മാര്‍ട്ടിന ഹിന്ദുത്വ ആഹ്വാനം ട്വീറ്റ് ചെയ്തുകൊണ്ട് ചോദിക്കുന്നത്. മുസ്‌ലിംകളെ കൊല്ലാന്‍ ആഹ്വാനം നടത്തുകയും പ്രതിജ്ഞയെടുക്കുകയും ചെയ്ത പരിപാടിയുടെ വിഡിയോ ദൃശ്യങ്ങള്‍ പങ്കിട്ടാണ് മാര്‍ട്ടിന ആശങ്ക രേഖപ്പെടുത്തിയത്
വാഷിങ്ടണ്‍: മുസ്‌ലിം കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്ത് ഉത്തരാഖണ്ഡില്‍ നടന്ന ഹിന്ദുത്വ സമ്മേളനത്തില്‍ പ്രതികരണവുമായി ടെന്നീസ് താരം മാര്‍ട്ടിന നവ്‌രത്‌ലോവ. 'എന്താണീ നടക്കുന്നത്? ' എന്നാണ് മാര്‍ട്ടിന ഹിന്ദുത്വ ആഹ്വാനം ട്വീറ്റ് ചെയ്തുകൊണ്ട് ചോദിക്കുന്നത്. മുസ്‌ലിംകളെ കൊല്ലാന്‍ ആഹ്വാനം നടത്തുകയും പ്രതിജ്ഞയെടുക്കുകയും ചെയ്ത പരിപാടിയുടെ വിഡിയോ ദൃശ്യങ്ങള്‍ പങ്കിട്ടാണ് മാര്‍ട്ടിന ആശങ്ക രേഖപ്പെടുത്തിയത്. ഹരിദ്വാറില്‍ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയിലായിരുന്നു മുസ്‌ലിം കൂട്ടക്കൊലയ്ക്ക് ആഹ്വാനമുണ്ടായത്.
ഇന്ത്യയെ ഹിന്ദുരാജ്യമാക്കാനായി പ്രതിജ്ഞ ചെയ്യുന്ന പരിപാടിയില്‍ നിന്നുള്ള ഒരു വിഡിയോ വിദേശ മാധ്യമപ്രവര്‍ത്തകനായ സിജെ വെര്‍ലെമന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയെ ഹിന്ദുരാജ്യമാക്കുമെന്നും അതിനായി അവസാനശ്വാസം വരെ പോരാടുകയും കൊല്ലുകയും ചെയ്യുമെന്നും പ്രതിജ്ഞ ചെയ്യുന്നത് വിഡിയോയില്‍ കാണാം. ഈ വിഡിയോ പങ്കിട്ടാണ് മാര്‍ട്ടിന നടുക്കം രേഖപ്പെടുത്തിയത്. മതവെറിക്ക് കൂട്ട് നില്‍ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെയും അമിത് ഷായെയും ഇതിനുമുന്‍പും മാര്‍ട്ടിന വിമര്‍ശിച്ചിരുന്നു.രാജ്യത്തെ ഹിന്ദുത്വ ആക്രമണങ്ങളിലും ന്യൂനപക്ഷ വിരുദ്ധ പ്രചാരണങ്ങളിലും മാര്‍ട്ടിന കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയ പ്രമുഖരുടെ കൂട്ടത്തിലുണ്ടായിരുന്നു.