ഹിന്ദുത്വര്‍ അന്ത്യശാസനം നല്‍കി: യുപിയില്‍ ഇരുട്ടിന്റെ മറവില്‍ മസ്ജിദ് തകര്‍ത്ത് അധികൃതര്‍
പതിറ്റാണ്ടുകളായി അല്ലാഹുവിന് സുജൂദ് ചെയ്തു വന്ന മദീന മസ്ജിദ്, അവിടെ നിലനിന്നുവെന്നതിന് ഒരു തെളിവ് പോലും ബാക്കിവയ്ക്കാതെയാണ് ഒറ്റ രാത്രി കൊണ്ട് 'അപ്രത്യക്ഷമായതെന്ന്' ആര്‍ട്ടിക്കിള്‍ 14യുടെ അന്വേഷണാത്മക റിപോര്‍ട്ട് വ്യക്തമാക്കുന്നു.
ലക്‌നോ: 2020 ആഗസ്ത് 5ന് രാമക്ഷേത്രത്തിനായുള്ള ഒരുക്കങ്ങളിലേക്ക് അയോധ്യ ഉണര്‍ന്നപ്പോള്‍ അവിടെനിന്ന് 300 കി.മീറ്റര്‍ തെക്ക് പടിഞ്ഞാറുള്ള മഹോബ ജില്ല സാക്ഷ്യംവഹിച്ചത് ഒരു മസ്ജിദ് തെളിവ് പോലും അവശേഷിപ്പിക്കാതെ തകര്‍ത്തുകളഞ്ഞ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയ്ക്കായിരുന്നു. പതിറ്റാണ്ടുകളായി അല്ലാഹുവിന് സുജൂദ് ചെയ്തു വന്ന മദീന മസ്ജിദ്, അവിടെ നിലനിന്നുവെന്നതിന് ഒരു തെളിവ് പോലും ബാക്കിവയ്ക്കാതെയാണ് ഒറ്റ രാത്രി കൊണ്ട് 'അപ്രത്യക്ഷമായതെന്ന്' ആര്‍ട്ടിക്കിള്‍ 14യുടെ അന്വേഷണാത്മക റിപോര്‍ട്ട് വ്യക്തമാക്കുന്നു.
ഇരുട്ടിന്റെ മറവില്‍ സംഭവിച്ചതെന്ത്?
മഹോബയിലെ കാണ്‍പൂര്‍-സാഗര്‍ ദേശീയ പാതയോരത്ത് നിലനിന്നിരുന്ന മദീന മസ്ജിദ് റോഡ് വികസനത്തിന്റെ പേരുപറഞ്ഞ് അധികൃതര്‍ രാത്രിയുടെ മറവില്‍ അനധികൃതമായി തര്‍ക്കുകയും തെളിവ് പോലും അവശേഷിപ്പിക്കാതെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയുമായിരുന്നു. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് പ്രധാനമന്ത്രി തറക്കല്ലിടുന്നതിന്റെ തലേന്ന് രാത്രിയാണ് ഭരണകൂടത്തിന്റെ ഒത്താശയോടെ പോലിസും ദേശീയ പാത അധികൃതരും ഇരുട്ടിന്റെ മറവില്‍ പള്ളി അനധികൃതമായി പൊളിച്ചു നീക്കിയത്. പള്ളി ഇമാമിന്റേയും വിശ്വാസികളേയും സമ്മതത്തോടെ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഹൈവേ വികസനത്തിനായി പള്ളി നീക്കം ചെയ്‌തെന്നായിരുന്നു മാധ്യമ റിപോര്‍ട്ട്.
പോലിസ് ഭാഷ്യം ഇതാണ്
ഔദ്യോഗിക ഭാഷ്യം ലഭിക്കാന്‍ ആര്‍ട്ടിക്കിള്‍ 14 റിപോര്‍ട്ടര്‍മാര്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോള്‍ സംശയാസ്പദമായിരുന്നു അവരുടെ പെരുമാറ്റം. കൂടാതെ, മസ്ജിദ് നിലനിന്ന സ്ഥലത്ത് വിന്യസിച്ചിരുന്ന പോലിസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതില്‍നിന്ന് ലേഖകരെ തടയുകയും ചെയ്തു. 'മറ്റാരും എന്നോട് ഇതേക്കുറിച്ച് ചോദിച്ചിട്ടില്ല. പിന്നെ നിങ്ങളെന്തിനാണ് ഇതില്‍ ഇടപെടുന്നതെന്നായിരുന്നു' അഡീഷനല്‍ പോലിസ് സൂപ്രണ്ട് വിരേന്ദ്ര കുമാര്‍ ആര്‍ട്ടിക്കിള്‍ 14 പ്രതിനിധിയോട് ചോദിച്ചത്. പോലിസ് സൂപ്രണ്ട് മണിലാല്‍ പട്ടിദാര്‍ ആവട്ടെ ലേഖകനെ കാണാന്‍ പോലും വിസമ്മതിച്ചു.
വാട്ട്‌സ് ആപ്പ് മുതല്‍ പ്രാദേശിക വാര്‍ത്തകള്‍ വരെ
മദീന പള്ളി 'അപ്രത്യക്ഷമാകു'ന്നതിന് പത്ത് ദിവസം മുമ്പ്, ദേശീയപാത 35ല്‍ അര കിലോമീറ്റര്‍ അകലെയുള്ള ഒരു ക്ഷേത്രവും ഹൈവേ വികസനത്തിനായി പൊളിച്ചുമാറ്റിയിരുന്നു. (പക്ഷേ ഭാഗികമായി മാത്രം). പള്ളിയിലെത്തുന്ന വിശ്വാസികളേക്കാള്‍ എണ്ണത്തില്‍ ഏറെ കുറവായിരുന്നു ക്ഷേത്രത്തിലെത്തിയിരുന്ന ഭക്തര്‍. ഹൈവേ വികസനം വര്‍ഗീയ ധ്രുവീകരണത്തിനുള്ള അവസരമായാണ് ബജ്‌റംഗദള്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വ സംഘങ്ങള്‍ കണ്ടത്. ഹൈവേ വികസനത്തിന്റെ മറവില്‍ പള്ളി പൂര്‍ണമായും തകര്‍ക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ കരുക്കള്‍ നീക്കിയത്.
'മദീന മസ്ജിദ് ഹഠാവോ, മഹോബ ബച്ചാവോ' (മദീന പള്ളി നീക്കം ചെയ്യുക, മഹോബയെ രക്ഷിക്കുക)
ഹൈവേ വികസനത്തിന്റെ മറവില്‍ വര്‍ഗീയ ധ്രുവീകരണ നീക്കങ്ങളുമായാണ് ഹിന്ദുത്വ സംഘം മുന്നോട്ട് പോയത്. ഇതിനായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും 'മദീന മസ്ജിദ് ഹഠാവോ, മഹോബ ബച്ചാവോ' (മദീന പള്ളി നീക്കം ചെയ്യുക, മഹോബയെ രക്ഷിക്കുക) എന്ന ഹാഷ് ടാഗിലും പ്രചാരണം ആരംഭിച്ചു. മധ്യപ്രദേശിലെ ദേവാസിനെ യുപിയിലെ കാണ്‍പൂറുമായി ബന്ധിപ്പിക്കുന്ന 674 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയായ എന്‍എച്ച് 86 കടന്നുപോവുന്ന ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഇതിനായി ബജ്‌റംഗദള്‍ കൊണ്ടുപിടിച്ച പ്രചാരണമാണ് നടത്തിയത്. പ്രാദേശിക ഭരണ നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഗ്രൂപ്പ് അംഗങ്ങള്‍ അവരുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ 'മദീന മസ്ജിദ് ഹതാവോ, മഹോബ ബച്ചാവോ' എന്ന് മാറ്റുകയും ചെയ്തു.
പള്ളി നീക്കം ചെയ്യാന്‍ ഭരണകൂടത്തിന് കഴിവില്ലെന്ന് ആരോപിച്ച് ഈ സംഘം വാര്‍ത്താസമ്മേളനം വരെ നടത്തിയിരുന്നു. പള്ളി പൊളിച്ച് നീക്കുന്നതിന് അന്ത്യശാസനം നല്‍കുകയും ചെയ്തു. ആഗ്‌സത് 5 വരെയായിരുന്നു ഹിന്ദുത്വ സംഘം സമയം അനുവദിച്ചത്. ഭരണകൂടം പള്ളി നീക്കം ചെയ്തില്ലെങ്കില്‍ തങ്ങളുടെ പ്രതിഷേധം രൂക്ഷമാകുമെന്നായിരുന്നു സംഘത്തിന്റെ ഭീഷണി. ആഗസ്ത് 5നകം പള്ളി പൊളിച്ചുമാറ്റിയില്ലെങ്കില്‍ ഹിന്ദു സമൂഹം വലിയ പ്രക്ഷോഭം ആരംഭിക്കുമെന്നും സംഘം ഭീഷണി മുഴക്കി.
പള്ളിയുടെ ചരിത്രം
പള്ളിക്ക് ഏകദേശം 500 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്. എന്നാല്‍, 60 വര്‍ഷത്തെ പഴക്കമേ ഉള്ളുവെന്നാണ് ഹിന്ദുത്വര്‍ അവകാശപ്പെടുന്നത്. പത്തുവര്‍ഷം മുമ്പ് ദേശീയ പാത നിര്‍മാണത്തിനായി പള്ളിയുടെ വലിയൊരു ഭാഗം പൊളിച്ചുനീക്കുന്നതിന് മുമ്പ് ഏറെ തലയെടുപ്പുള്ള കെട്ടിടമായിരുന്നു മദീന മസ്ജിദ്.
ഹൈവേ വികസനത്തിന് സ്ഥലം വിട്ടുനല്‍കി
ദേശീയപാത വിപുലീകരണത്തിന് പള്ളിയുടെ ചില ഭാഗങ്ങള്‍ ആവശ്യമാണെന്ന് വ്യക്തമായപ്പോള്‍, ജൂലൈയില്‍ പ്രാദേശിക ഉദ്യോഗസ്ഥരും പൊതുമരാമത്ത് വകുപ്പും (പിഡബ്ല്യുഡി) പള്ളി രക്ഷാധികാരി സയീദ് ലംബാര്‍ദറും തമ്മില്‍ ചര്‍ച്ച നടത്തുകയും 11 അടി സ്ഥലം വിട്ടുകൊടുക്കാന്‍ ധാരണയാവുകയും ചെയ്തിരുന്നു.
ഹിന്ദുത്വ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദം ശക്തമായതോടെ ആഗസ്ത് 5ലെ ശിലാസ്ഥാപന ചടങ്ങിന് രണ്ട് ദിവസം മുമ്പ് ജില്ലാ ഉദ്യോഗസ്ഥരായ രാംസുരേഷ് വര്‍മ്മ, രാജേഷ് കുമാര്‍ യാദവ്, ജതശങ്കര്‍ റാവു, ബാല്‍കൃഷ്ണ സിംഗ് എന്നിവര്‍ ലംബാര്‍ദാറിനെ സമീപിക്കുകയും വിട്ടുനല്‍കിയ സ്ഥലം തീരെ കുറവാണെന്ന് അറിയിക്കുകയും ചെയ്തു. ഇതു പ്രകാരം എത്ര സ്ഥലം വേണമെന്നും അന്തിമ രേഖ ഉണ്ടാക്കാന്‍ യോഗം വിളിച്ചു ചേര്‍ക്കാന്‍ ലംബാര്‍ദര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഒരു യോഗവും വിളിച്ചു ചേര്‍ക്കാതെ 48 മണിക്കൂറിന് ശേഷം അധികൃതര്‍ ഏകപക്ഷീയമായി പള്ളി പൊളിച്ചുനീക്കുകയും അതിന്റെ അവശിഷ്ടങ്ങള്‍ സമീപത്തെ കിണറ്റില്‍ നിക്ഷേപിക്കുകയുമായിരുന്നുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ആര്‍ട്ടിക്കില്‍ 14 റിപോര്‍ട്ട് ചെയ്തു.