ജമ്മു വിമാനത്താവളത്തിലെ സ്‌ഫോടനം ഡ്രോണ്‍ ആക്രമണമെന്ന് വ്യോമസേന

Update: 2021-06-27 08:31 GMT
ജമ്മു: ഇന്ത്യന്‍ സേനയുടെ നിയന്ത്രണത്തിലുള്ള ജമ്മു സത് വാരി വിമാനത്താവളത്തില്‍ പുലര്‍ച്ചെയുണ്ടായ സ്‌ഫോടനം ഡ്രോണ്‍ ആക്രമണമാണെന്ന് വ്യോമസേന. ഏതെങ്കിലും ഇന്ത്യന്‍ സൈനിക കേന്ദ്രത്തിന് നേരെയുള്ള ആദ്യത്തെ ഡ്രോണ്‍ ആക്രമണമാണിതെന്നും ഇന്ത്യന്‍ വ്യോമസേന വ്യക്തമാക്കി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തെത്തുടര്‍ന്ന് ദേശീയ ബോംബ് ഡാറ്റാ സെന്റര്‍ വിദഗ്ധരും ഫോറന്‍സിക് സംഘവും ജമ്മു കശ്മീര്‍ പോലിസും വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനത്താവളത്തിലെ സാങ്കേതിക വിഭാഗത്തിന്റെ കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു, മറ്റൊരു ബോംബ് തുറസ്സായ സ്ഥലത്ത് പൊട്ടിത്തെറിച്ചെന്നുമാണ് വ്യോമസേന അധികൃതര്‍ അറിയിച്ചത്. ആദ്യം ഞായറാഴ്ച പുലര്‍ച്ചെ 1.37 നും രണ്ടാമത്തേത് പുലര്‍ച്ചെ 1.43 നുമാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായതെന്നാണ് റിപോര്‍ട്ട്. സംഭവത്തെ ഗൗരവത്തോടെ കാണുന്നതായി ഉന്നത സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി സംഘവും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

    വിവരമറിഞ്ഞ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വ്യോമസേന വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ എച്ച്എസ് അറോറയുമായി സംസാരിച്ചു. എയര്‍ മാര്‍ഷല്‍ വിക്രം സിങ് അന്വേഷണത്തിനായി ഉടന്‍ ജമ്മുവില്‍ എത്തുമെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തില്‍ യാത്രക്കാരുടെ വിമാന സര്‍വീസുകള്‍ക്കും ഉപയോഗിക്കുന്നുണ്ട്. നിര്‍ത്തിയിട്ടിരിക്കുന്ന വിമാനമാണ് ഡ്രോണുകളുടെ ലക്ഷ്യമെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ വ്യോമസേനാ അധികൃതരെ ഉദ്ധരിച്ച് പറഞ്ഞു. ഇന്ത്യയുടെ പ്രവര്‍ത്തന സന്നദ്ധത അവലോകനം ചെയ്യുന്നതിനും ചൈനയുമായുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ സൈനികരുമായി ഇടപഴകുന്നതിനുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും കരസേനാ മേധാവി എം എം നരവനെയും ലഡാക്ക് സന്ദര്‍ശനം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സംഭവം.

In 1st Drone Strike At An Indian Military Base, 2 Blasts At Jammu Airport

Tags:    

Similar News